നാടിന്റെ ആഘോഷമായി പുസ്തക പ്രകാശനം; ആമിനയുടെ ‘കോന്തലക്കിസ്സകൾ’ പ്രകാശനം ചെയ്തു
Mail This Article
മുക്കം∙ കക്കാട് പാറക്കൽ ആമിനയുടെ ‘കോന്തലക്കിസ്സകൾ’ പുസ്തക പ്രകാശനം നാടിന്റെ ആഘോഷമായി. ആറാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ച, 70 വയസ്സുള്ള സാധാരണ വീട്ടമ്മ, 23 വർഷം കൊണ്ട് ആറ് ഡയറികളിൽ കോറിയിട്ട ഓർമകളാണ് ‘കോന്തലക്കിസ്സകൾ’ എന്ന പേരിൽ പ്രകാശനം ചെയ്തത്. കക്കാടിന്റെയും പരിസര പ്രദേശങ്ങളുടെയും ഇന്നലെകളിലെ നാൾവഴികൾ കൂടിയാണ് ഈ പുസ്തകം.
കക്കാട് അങ്ങാടിയിൽ പൗരാവലി ഒരുക്കിയ പ്രകാശന ചടങ്ങിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. നോവലിസ്റ്റ് ബി.എം.സുഹറ, ദുബായിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും വ്യവസായ പ്രമുഖനുമായ സുധീർ കെ.നായർക്കു കോപ്പി നൽകി പുസ്തകം പ്രകാശനം ചെയ്തു. മനസ്സിൽ സർഗാത്മകതയുണ്ടെങ്കിൽ എഴുത്തിനും പറച്ചിലിനും പ്രായഭേദമില്ലെന്നും എഴുത്ത് എതിർപ്പുകൾ നേരിടാനുള്ള കരുത്ത് പകരുമെന്നും ബി.എം.സുഹറ പറഞ്ഞു.
വാർഡ് മെമ്പർ എടത്തിൽ ആമിന അധ്യക്ഷത വഹിച്ചു. ഗ്രന്ഥകർത്താവും മോട്ടിവേറ്ററുമായ പി.എം.എ.ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ കഥാകൃത്തിനെയും കഥാപാത്രങ്ങളായ ഇത്തിരുമ്മ കാരശ്ശേരി, എം.ടി.മുഹമ്മദ് കുട്ടി, ചെറിയക്കൻ കരിമ്പാലൻകുന്നത്ത്, പി.എം.മുഹമ്മദ് മൗലവി എന്നിവരെയും ആദരിച്ചു. ജി. അബ്ദുൽ അക്ബർ ഗ്രന്ഥകാരിയുടെ ഛായാചിത്രം കൈമാറി. ഹാറൂൻ കക്കാട് പുസ്തകം പരിചയപ്പെടുത്തി.
ടി.പി.സി മുഹമ്മദ് ഹാജി, സി.ടി.അബ്ദുറഹീം, സി.ടി.അബ്ദുല്ലത്തീഫ്, ജാനീസ് ജോസഫ്, അഡ്വ. ബുഷ്റ വളപ്പിൽ, എം.പി.അസൈൻ, പി.ടി.കുഞ്ഞാലി, സലാം കൊടിയത്തൂർ, ടി.അഹമ്മദ്, എം.അഹമ്മദ് കുട്ടി, ജി.അബൂബക്കർ, ജി.അബ്ദുൽ അക്ബർ, പി.ബഷീർ മദനി, ഹുസൈൻ കക്കാട്, എം.ടി.ഹാസിർ, പി.സാദിഖ് അലി, പി.അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ടി.പി.അബൂബക്കർ സ്വാഗതവും റിയാസ് തോട്ടത്തിൽ നന്ദിയും പറഞ്ഞു.