എയർ ഇന്ത്യ എക്സ്പ്രസ് ബാഗേജ് പരിധി കുറച്ചത് പ്രവാസികളോടുള്ള വെല്ലുവിളി: എം.കെ രാഘവൻ എംപി
Mail This Article
കോഴിക്കോട്∙ യുഎഇ-ഇന്ത്യ സെക്‌ടറിൽ യാത്രക്കാർക്കുള്ള ബാഗേജ് പരിധി മുപ്പതിൽ നിന്ന് ഇരുപത് കിലോഗ്രാമായി കുറച്ചതിലൂടെ, എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാരെ വെല്ലുവിളിക്കുകയാണെന്നും നിരന്തരം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന എക്സ്പ്രസിന്റെ സമീപനത്തിൽ മാറ്റമുണ്ടാകാൻ വ്യോമയാന മന്ത്രാലയം ഗൗരവപൂർവം ഇടപെടണമെന്നും എം.കെ.രാഘവൻ എംപി ആവശ്യപ്പെട്ടു.
മുന്നറിയിപ്പില്ലാതെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്യൽ, ബാഗേജ് അലവൻസ് വെട്ടി ചുരുക്കൽ, സർവീസുകളിലെ സമയ കൃത്യത ലംഘിക്കൽ തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരന്തരമുള്ള പ്രവാസി വിരുദ്ധ സമീപനങ്ങളിൽ അടിയന്തര ഇടപെടൽ വേണമെന്ന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കിഞ്ചരാപ്പു റാം മോഹൻ നായിഡുവിനോട് എംപി ആവശ്യപ്പെട്ടു. ബജറ്റ് എയർലൈനായ എക്സ്പ്രസ് മികച്ച സർവീസ് നൽകുന്ന ഫൈവ് സ്റ്റാർ എയർലൈനുകളെക്കാൾ ഉയർന്ന ടിക്കറ്റ് നിരക്കാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്. നിരക്ക് ഉയർത്തുകയും സേവന സൗകര്യങ്ങൾ വെട്ടിച്ചുരുക്കുകയും ചെയ്യുന്നത് യാത്രക്കാരോടുള്ള നീതി നിഷേധം കൂടിയാണ്.
ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള യുഎഇ സെക്‌ടറിൽ വെട്ടിച്ചുരുക്കിയ യാത്രക്കാരുടെ ബാഗേജ് അലവൻസ് പുനഃസ്ഥാപിക്കണമെന്ന് എക്സ്പ്രസ് ചെയർമാൻ ക്യാമ്പ്‌വെൽ വിൽസൺ, സിഇഒ അലോക് സിങ് എന്നിവരോടും എംപി ആവശ്യപ്പെട്ടു. ലോകത്തിലെ പ്രധാന വാണിജ്യ ഹബ്ബായ യുഎഇയിലെ അഞ്ച് എമിറേറ്റുകളിൽ നിന്നും സർവീസ് നടത്തുന്ന ഏക എയർലൈനാണ് എക്സ്പ്രസ്. യുഎഇയിലെ അഞ്ച് എമിറേറ്റുകളിലേക്കും നേരിട്ട് സർവീസുള്ള എന്ത്യയിലെ ഏക വിമാനത്താവളം കോഴിക്കോടുമാണ്.
ഇന്ത്യയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ്, ഏറ്റവും കൂടുതൽ സർവീസുകൾ നടത്തുന്നതും കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണ്. ഈ കാരണങ്ങളാലെല്ലാം തന്നെ യുഎഇ യാത്രക്കാരുടെ ബാഗേജ് വെട്ടിക്കുറച്ച നടപടി ഏറ്റവും കൂടുതൽ പ്രയാസപ്പെടുത്തുക കോഴിക്കോട് നിന്നുള്ള യാത്രക്കാരെയാണെന്നും എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാനും സിഇഒയ്ക്കും നൽകിയ സന്ദേശത്തിൽ എംപി ചൂണ്ടികാട്ടി.