ലൈംഗിക പീഡനം, ആൾമാറാട്ടം; കുപ്രസിദ്ധ കുറ്റവാളി മുഹമ്മദ് റാഫി കാപ്പ പ്രകാരം അറസ്റ്റിൽ
Mail This Article
താനൂർ ∙ ഒട്ടേറെ കേസുകളിൽ പ്രതിയായ ഒസാൻ കടപ്പുറം ചെറിയ മൊയ്തീൻകാനകത്ത് വീട്ടിൽ മുഹമ്മദ് റാഫിയെ (റാഫി തങ്ങൾ 27) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻന്റെ റിപ്പോർട്ട് പ്രകാരം ജില്ലാ കലക്ടർ വി.ആർ.വിനോദാണ് ഉത്തരവിറക്കിയത്. കുട്ടികൾക്കെതിരെ ലൈംഗിക പീഡനം നടത്തുക, പൊലീസ് വോളന്റിയർ, സ്‌ക്വാഡ് പേരിൽ ആൾമാറാട്ടം നടത്തി പണം കൈക്കലാക്കുക, തങ്ങൾ ചമഞ്ഞു ചികിത്സയുടെ പേരിൽ സ്വർണം തട്ടിയെടുക്കൽ മുതലായ കുറ്റകൃത്യങ്ങളിലാണ് അറസ്റ്റ്. താനൂർ, തിരൂരങ്ങാടി, അരീക്കോട്, വളാഞ്ചേരി സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുള്ളതായി പൊലീസ് പറഞ്ഞു.
ട്രോമ വോളന്റിയർ ആയി ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ്. കോഴിക്കോട് ജില്ലയിൽ കടകളിൽ കയറി പൊലീസ് ചമഞ്ഞു പണം തട്ടിയ കേസുകളുമുണ്ട്. ഡിവൈഎസ്പി വി.വി. ബെന്നിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ ടോണി ജെ.മറ്റം, സബ് ഇൻസ്‌പെക്ടർ എൻ.ആർ.സുജിത്, എഎസ്ഐ കെ.സലേഷ്, സിപിഒമാരായ അനിൽ കുമാർ, രാജേഷ്, പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ ഹാജരാക്കി 6 മാസം തടവിലാക്കും.