ഉത്രാടപ്പൂനിലാവിന് ഒരുങ്ങി കൂത്താളി കൃഷി ഫാം
Mail This Article
ചക്കിട്ടപാറ∙ തിരുവോണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി, വാടാർമല്ലി പൂക്കൃഷി വിളവെടുപ്പുമായി ജില്ലാ പഞ്ചായത്തിനു കീഴിലുള്ള പെരുവണ്ണാമൂഴി കൂവപ്പൊയിലിലെ കൂത്താളി ജില്ലാ കൃഷി ഫാം. ഫാമിന്റെ തനതു വരുമാനം വർധിപ്പിക്കുക, വിനോദസഞ്ചാരികളെ ആകർഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണു ഫാമിലും കർഷക ഭൂമിയിലും പൂക്കൃഷി തുടങ്ങിയത്.
വേനൽക്കാല പച്ചക്കറി കൃഷിക്ക് ശേഷം മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാത്ത ഫാമിലെ ഒരേക്കറിലാണു പൂക്കൃഷി ചെയ്തത്. മഞ്ഞ, ഓറഞ്ച് ചെണ്ടുമല്ലിയും വയലറ്റ് വാടാർമല്ലിയുമാണു കൃഷി ചെയ്തത്. പെരുവണ്ണാമൂഴി മേഖലയിലെ തുടർച്ചയായ മഴ കൃഷിക്ക് ദോഷകരമായെങ്കിലും മികച്ച വിളവു ലഭിച്ചതായി ഫാം സൂപ്രണ്ട് കെ.വി.നൗഷാദ് പറഞ്ഞു. നട്ട് 60 ദിവസത്തിനു ശേഷം പൂക്കൾ വിരിഞ്ഞു. ഒന്നര മാസം പൂക്കൾ വിളവെടുക്കാം.
ആവശ്യക്കാർ ഫാമിൽ എത്തി പൂ വാങ്ങുന്നതിനാൽ വിപണനത്തിനു പ്രശ്നമില്ല. ഓണവിപണി സജീവമാകുമ്പോൾ പൂവിന് ആവശ്യക്കാർ വർധിക്കും. 2023 ഡിസംബറിൽ ഫാമിലെ 75 സെന്റിൽ സൂര്യകാന്തി കൃഷി ചെയ്ത് മാർച്ചിൽ മികച്ച വിളവു ലഭിച്ചിരുന്നു. 100 കിലോ വിത്താണ് ഉൽപാദിപ്പിച്ചത്.