തരിശായി കിടന്ന ചെമ്പാറയിടം വിശാലമായ പൂങ്കാവനമാക്കി
Mail This Article
പന്തീരാങ്കാവ് ∙ നെടും പറമ്പ് കുന്നിൽ തരിശായി കിടന്ന ചെമ്പാറയിടം വിശാലമായ പൂങ്കാവനമാക്കി. ഓണനാളുകളെ വരവേൽക്കാൻ ചെണ്ടു മല്ലിത്തോട്ടം പൂവ് അണിഞ്ഞത് ആകർഷകമായി. പെരുമണ്ണ വില്ലേജിലെ നെടുംപറമ്പ് കുന്നിലാണ് തോട്ടം. എറക്കത്തിൽ ശശീധരനും ഭാര്യ കെ.കെ. ഷീബയും കൂട്ടുകാരി കെ.വി. ബേബിയും ചേർന്ന കൂട്ടുകൃഷിയാണ് കുന്നിൻ പുറത്ത് പൂവണിയിച്ചത്. പെരുമണ്ണ പഞ്ചായത്തിലെ 18 വാർഡിലാണ് പൂന്തോട്ടം. പെരുമണ്ണ കൃഷിഭവന്റെ സഹകരണത്തിലാണ് മൂവരുടെ കൃഷി.
ദിനം പ്രതി ധാരാളം സന്ദർശകരാണിപ്പോൾ വരുന്നത്. 90 ദിവസത്തെ വളർച്ചയിൽ ഒരു മാസo മുമ്പേ ചെണ്ടു മല്ലി നിറപ്പകിട്ടാർന്നു പുഷ്പ്പിച്ചു. സ്വപനം പൂവണിഞ്ഞെങ്കിലും ശക്തമായ മഴ തുടർന്നാൽ പൂക്കളുടെ നിലനിൽപ്പിനു ഭീഷണിയാവുമെന്ന ആശങ്കയില്ലാതില്ല. ഇത്തവണ വൈകി വന്ന ഓണവും നിറഞ്ഞ പൂക്കളുടെ ഭാരം കൊണ്ട് ചെടി തല കുനിയ്ക്കുന്നതും അദ്ധ്വാനത്തിനൊത്ത ഫലത്തെ കെടുക്കാതിരിയക്കട്ടെ എന്നാണ് കൃഷിക്കാരുടെ പ്രാർഥന. ഓണവേളയിലേക്കു നാട്ടിൽ വളർത്തിയ പൂവിനു ബുക്കിങ് ആരംഭിച്ചതായി മൂവർ സംഘം പറഞ്ഞു.