സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര ഇടപെടലുകൾ നടത്തണം: ഇ.എസ്. ബിജിമോൾ
Mail This Article
മേപ്പയൂർ ∙ മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലൈംഗിക ചൂഷണ വെളിപ്പടുത്തലുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളതെന്നും ആരോപണ വിധേയരായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരികയും കുറ്റം തെളിയിക്കപ്പെട്ടാൽ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും കേരള മഹിളാസംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ് ബിജിമോൾ പറഞ്ഞു. മേപ്പയൂരിൽ മഹിളാസംഘം ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഹേമ കമ്മിറ്റിറിപ്പോർട്ടിലെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയും ചില പേജുകൾ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. അവ കൂടി പുറത്തു കൊണ്ടുവരണം. വീടുകളിലും തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇടപെടലുകൾ ഉണ്ടാവാതിരിക്കാനും സുരക്ഷിതത്വം ഉറപ്പുവരുത്താനും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ജില്ലാ സെക്രട്ടറി ടി.ഭാരതി അധ്യക്ഷത വഹിച്ചു. സംസ്ഥാനപ്രസിഡന്റ് പി.വസന്തം, ജില്ലാ പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, പി.പി.വിമല, കെ.ടി.കല്ല്യാണി റീന സുരേഷ്, എൻ.കെ.ഉഷ എന്നിവർ പ്രസംഗിച്ചു.