നിയന്ത്രണകാലം കഴിഞ്ഞു ബേപ്പൂർ തുറമുഖം വീണ്ടുമുണരുന്നു
Mail This Article
ബേപ്പൂർ ∙ മൺസൂൺകാല നിയന്ത്രണങ്ങൾക്കു ശേഷം ബേപ്പൂർ തുറമുഖം വീണ്ടും സജീവമാകുന്നു. ലക്ഷദ്വീപിലേക്കു പോകാനുള്ള ഉരുക്കളിൽ ചരക്കുകൾ കയറ്റിത്തുടങ്ങി. അമിനി, കടമത്ത് ദ്വീപുകളിലേക്കുള്ള ചരക്കുമായി മറൈൻ ലൈൻ ഉരുവാണ് സീസണിൽ ആദ്യമായി ദ്വീപിലേക്ക് പോകുന്നത്. നിർമാണ വസ്തുക്കൾ, ഫർണിച്ചർ ഉരുപ്പടികൾ, പലചരക്കു സാധനങ്ങൾ, പച്ചക്കറികൾ എന്നിവയുമായി മറൈൻ ലൈൻ ഉരു 2 ദിവസത്തിനകം തുറമുഖം വിടും. ചരക്കു കയറ്റാനായി മംഗളൂരുവിൽ നിന്നു സെൽവ സരസ്വതി, സവായി തക്കോളി എന്നീ ഉരുക്കളും തുറമുഖത്ത് എത്തി. ഇന്ന് മറ്റു 2 ഉരുക്കളും എത്തും.
മർക്കന്റൈൽ മറൈൻ ചട്ടപ്രകാരം നോൺ മേജർ തുറമുഖമായ ബേപ്പൂരിൽ മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ജലയാനങ്ങൾക്ക് ഭാഗിക യാത്രാ നിയന്ത്രണമാണ്. ഈ കാലയളവിൽ ഉരുക്കളും മറ്റും തീരത്ത് നങ്കൂരമിടുകയാണു ചെയ്യാറുള്ളത്. നിയന്ത്രണ കാലയളവിൽ ഷിപ്പിങ് കോർപറേഷനു കീഴിലുള്ള എംവി ലാക്കഡീവ്സ്, തിന്നക്കര, സാഗർ സാമ്രാജ്, സാഗർ യുവരാജ്, ഏലി കൽപേനി എന്നീ ചരക്കു കപ്പലുകളിലാണ് ദ്വീപിലേക്കു ഭക്ഷ്യോൽപന്നങ്ങൾ, നിർമാണ വസ്തുക്കൾ, മറ്റ് അസംസ്കൃത വസ്തുക്കൾ എന്നിവ എത്തിച്ചത്.
12 ചെറു ദ്വീപുകൾ അടങ്ങിയ ലക്ഷദ്വീപിലേക്ക് ബേപ്പൂരിൽ നിന്നു ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം. ഭക്ഷ്യവസ്തുക്കൾക്കു പുറമേ സിമന്റ്, ജെല്ലി, കമ്പി, ഫർണിച്ചർ തുടങ്ങിയ എല്ലാ സാധനങ്ങളും ഉരുവിലാണ് കയറ്റിക്കൊണ്ടുപോകുന്നത്. തമിഴ്നാട് കടലൂർ, തൂത്തുക്കുടി, മംഗളൂരു എന്നിവിടങ്ങളിലെ 20 ഉരുക്കൾ ലക്ഷദ്വീപിനും ബേപ്പൂരിനും ഇടയിൽ സർവീസ് നടത്തുന്നുണ്ട്. അതേസമയം ഈമാസം 15 മുതൽ തുറമുഖം പൂർണതോതിൽ പ്രവർത്തനം തുടങ്ങിയെങ്കിലും ദ്വീപിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം വിട്ടുമാറിയില്ല. ദ്വീപ് ഭരണകൂടം കപ്പലുകളുടെ ഷെഡ്യൂൾ തയാറാക്കുന്നതിനു മുൻപ് ഇടപെടലുണ്ടായാൽ മാത്രമേ 4 വർഷമായി നിലച്ചിരിക്കുന്ന യാത്രാ സർവീസ് വീണ്ടും തുടങ്ങാനാകൂ.