അശാസ്ത്രീയ ബസ് പാർക്കിങ്; ഡ്രൈവർമാർ തമ്മിൽ തർക്കം; കയ്യാങ്കളി
Mail This Article
വടകര∙ ലിങ്ക് റോഡിൽ നഗരസഭ ഏർപ്പെടുത്തിയ അശാസ്ത്രീയമായ ബസ് പാർക്കിങ് മൂലം ബസുകാരും മറ്റു വാഹന ഡ്രൈവർമാരും തമ്മിൽ തർക്കം പതിവായി. ലിങ്ക് റോഡിന്റെ ഒരു ഭാഗത്ത് പയ്യോളി, പേരാമ്പ്ര, കൊയിലാണ്ടി, കൊളാവിപ്പാലം റൂട്ടിലെ ബസുകൾക്ക് പാർക്കിങ് ഏർപ്പെടുത്തിയതു മുതൽ പ്രശ്നമാണ്. ബസുകൾ രണ്ടും മൂന്നും നിരയായി റോഡിന്റെ വലിയ ഭാഗം കയ്യടക്കും. ഇതിനിടയിൽ പാർക്ക് ചെയ്യാൻ ഇടം കിട്ടാത്ത ബസുകൾ റോഡ് മുഴുവൻ ബ്ലോക്ക് ആക്കി നിർത്തുമ്പോൾ പിറകിൽ മറ്റു വാഹന നിര കൂടുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഏറെ സമയം വാഹനങ്ങൾ ഇതു പോലെ കുടുങ്ങി.
ബസുകാരും മറ്റു വാഹനങ്ങളിലെ ഡ്രൈവർമാരും തമ്മിൽ കയ്യാങ്കളി വരെ എത്തി. പഴയ ബസ് സ്റ്റാൻഡിൽ ആളെ കയറ്റി ഇറക്കിയിരുന്ന ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയ അശാസ്ത്രീയ പരിഷ്കാരമാണ് നഗരത്തിലെ ഗതാഗത പ്രശ്നം രൂക്ഷമാക്കുന്നത്. ലിങ്ക് റോഡിലെ വരി നീളുമ്പോൾ മെയിൽ റോഡിലും ദേശീയപാത നോർത്ത് പാർക്ക് ജംക്‌ഷൻ വരെ വാഹനക്കുരുക്കുണ്ടാക്കുന്നു. മോട്ടർ തൊഴിലാളി യൂണിയനുകളും കച്ചവടക്കാരും ഏറെക്കാലമായി ഈ സംവിധാനം മാറ്റണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നഗരസഭ നടപടിയെടുക്കുന്നില്ല. 4 റൂട്ടിലെ മുപ്പതോളം ബസുകൾ ലിങ്ക് റോഡിലേക്ക് മാറ്റിയതോടെ പഴയ ബസ് സ്റ്റാൻഡ് തിരക്കൊഴിഞ്ഞ അവസ്ഥയിലാണ്.