ജപ്തി ചെയ്തോളൂ, പക്ഷേ പനിച്ചുകിടക്കുന്ന ഖദീജയെയും കൊണ്ടു പോകണം’; ഒടുവിൽ നാട്ടുകാർ ജയിച്ചു
Mail This Article
വാണിമേൽ∙ കോഴിക്കോട്ടെ ധനകാര്യ സ്ഥാപനത്തിൽ നിന്നു പുതുക്കയത്തെ വീടും സ്ഥലവും പണയപ്പെടുത്തി 18 ലക്ഷം രൂപ വായ്പയെടുത്ത വീട്ടുകാർ 23 ലക്ഷത്തോളം രൂപ തിരച്ചടയ്ക്കാനായതിനെ തുടർന്ന് കോടതി ഉത്തരവു പ്രകാരം പൊലീസിനെയും കൂട്ടി വീടു ജപ്തി ചെയ്യാൻ എത്തിയെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മുടങ്ങി. മരുതേരിക്കണ്ടിയിൽ കദീജയുടെ വീട്ടിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
കോടതി നിയോഗിച്ച അഭിഭാഷകയും കാൻ ഫിൻ ഹോംസ് ലിമിറ്റഡ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മാനേജറും വളയം എസ്ഐ ടി.കെ.പ്രദീപന്റെ നേതൃത്വത്തിൽ വനിതാ പൊലീസ് അകമ്പടിയോടെയാണ് ഖദീജയുടെ വീട്ടിലെത്തിയത്. ജപ്തി നടപടികളുടെ ഭാഗമായാണ് എത്തിയതെന്നും 23 ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടെന്നും ഇവർ അറിയിച്ചു. വീടിന്റെ ചുവരിൽ വീടു സർഫാസി നിയമപ്രകാരം ഏറ്റെടുക്കുന്നതായി പെയിന്റ് കൊണ്ട് എഴുതുക കൂടി ചെയ്തതോടെ ഖദീജ നാട്ടാകാരെ വിവരം അറിയിച്ചു.
നാട്ടുകാർ ജനപ്രതിനിധികൾ അടക്കമുള്ളവരെയും രാഷ്ട്രീയ നേതാക്കളെയും വിവരം അറിയിച്ചു. അവർഎത്തുമ്പോഴേക്കും വീടു പൂട്ടാനുള്ള ഒരുക്കത്തിലായിരുന്നു കോടതി ഉത്തരവുമായെത്തിയവർ. വീടു പൂട്ടുകയാണെങ്കിൽ പനിച്ചു കിടക്കുന്ന ഖദീജയെയും കൊണ്ടു പോകണമെന്നും അവരെ വഴിയാധാരമാക്കാൻ അനുവദിക്കില്ലെന്നുമായി നാട്ടുകാർ.
മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും പഞ്ചായത്ത് മെംബറുമായ എം.കെ.മജീദ്, സിപിഎം ലോക്കൽ സെക്രട്ടറി എൻ.പി.വാസു, വാർഡ് മെംബർ കെ.പി.മിനി, മുൻ മെംബർ കെ.പി.രാജീവൻ തുടങ്ങിയവരും നിരവധി നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും സിജെഎം കോടതിയുടെ ഉത്തരവാണെന്നും പല തവണ അവധി നൽകിയതാണെന്നും ഇനി ജപ്തി നടപടികൾ നടപ്പിലാക്കേണ്ടതുണ്ടെന്നുമായി കോടതി ഉത്തരവുമായെത്തിയവർ.
വനിതാ പൊലീസിനെ ഉപയോഗിച്ചു ഖദീജയെ അറസ്റ്റ് ചെയ്തു നീക്കാൻ ശ്രമം നടന്നെങ്കിലും ഖദീജ വഴങ്ങിയില്ല. നാട്ടുകാർ അനുവദിച്ചുമില്ല. കോടതി നടപടികൾ തടസ്സപ്പെടുത്തി എന്ന് കോടതിക്ക് റിപ്പോർട്ട് ചെയ്യേണ്ടി വരുമെന്ന് അഭിഭാഷക അറിയിച്ചതോടെ, തങ്ങൾ തടസ്സപ്പെടുത്തുന്നില്ലെന്നും വീട്ടുകാരിയെ കൂടി കൊണ്ടു പോകണമെന്നു മാത്രമേ ആവശ്യപ്പെടുന്നുള്ളൂ എന്നുമായി നാട്ടുകാരും ജനപ്രതിനിധികളും. ഒടുവിൽ രണ്ടാഴ്ചത്തെ സാവകാശം ജപ്തി നടപടികൾക്ക് അനുവദിച്ചാണ് ജപ്തി ചെയ്യാൻ എത്തിയവർ മടങ്ങിയത്.
5 സെന്റ് ഭൂമിയിയും വീടും പണയപ്പെടുത്തി 15.50 ലക്ഷം രൂപയാണ് വായ്പയെടുത്തതെന്നും 8 ലക്ഷം രൂപ അടച്ചതായും വീട്ടുകാർ പറയുന്നു. ഇനിയും 23 ലക്ഷം അടയ്ക്കാനുണ്ടെന്നാണ് ജപ്തിക്കെത്തിയവർ വിശദീകരിച്ചത്. ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ജപ്തിക്കെത്തിയവർക്ക് കൃത്യമായ ഉത്തരമുണ്ടായില്ല. ധനകാര്യ സ്ഥാപന മാനേജർ അടക്കമുള്ളവർ എത്തി കണക്കുകൾ ബോധ്യപ്പെടുത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. 5 സെന്റ് മാത്രമുള്ള സ്ഥലത്തിനു പല ബാങ്കുകളും വായ്പ അനുവദിക്കാൻ സന്നദ്ധമാകാതിരുന്നപ്പോൾ കമ്മിഷൻ ഏജന്റുമാർ മുഖേനയാണ് വായ്പ അനുവദിച്ചതെന്നാണ് പറയപ്പെടുന്നത്. ഇവരുടെ കമ്മിഷൻ തുക അടക്കമുള്ളവയാണ് 23 ലക്ഷം ഇനിയും അടയ്ക്കാനുണ്ടെന്നു പറയുന്നത്.