ഹോർത്തൂസ് വരുന്നു; വരവേറ്റ് കോഴിക്കോട്
Mail This Article
കോഴിക്കോട്∙ സാംസ്കാരിക കേരളത്തിന്റെ മഹാമേളയെ വരവേൽക്കാൻ സാഹിത്യനഗരി ഒരുങ്ങി. യുനെസ്കോയുടെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോട്ട് നവംബർ 1 മുതൽ 3 വരെ മലയാള മനോരമ സംഘടിപ്പിക്കുന്ന ‘ഹോർത്തൂസ്’ സാഹിത്യ–സാംസ്കാരികോത്സവത്തിന്റെ മുന്നൊരുക്കങ്ങൾക്ക് ഔപചാരികമായ തുടക്കമിട്ട് സംഘാടക സമിതിയുടെ ആദ്യയോഗം. സാഹിത്യ–സാംസ്കാരിക–സാമൂഹിക–വ്യാപാര മേഖലകളിലെ പ്രതിഭകളുടെ സാന്നിധ്യം കൊണ്ടു സമ്പന്നമായ വേദിയും സദസ്സും സാക്ഷിയായി സംഘാടക സമിതി രൂപീകരണ യോഗം എം.കെ.രാഘവൻ എംപി ഉദ്ഘാടനം ചെയ്തു. കോഴിക്കോടിന്റെ എല്ലാ സവിശേഷതകളും ഉൾക്കൊള്ളുന്ന കലോത്സവമാണു ഹോർത്തൂസിലൂടെ യാഥാർഥ്യമാകുന്നതെന്ന് എംപി പറഞ്ഞു.
മേയർ ബീന ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ഹോർത്തൂസ് എന്ന പേരു സൂചിപ്പിക്കുന്നതു പോലെ, മലയാളത്തിന്റെ എല്ലാ നിറങ്ങളും മണങ്ങളും വഹിക്കുന്ന സാംസ്കാരികോദ്യാനമായി ഈ മഹാമേള മാറുമെന്നു മേയർ പറഞ്ഞു. മലയാളിക്കു നഷ്ടമായ എല്ലാ ആഘോഷങ്ങളെയും തിരികെയെത്തിക്കുന്ന മഹോത്സവമായി മാറാൻ ഹോർത്തൂസിനു കഴിയട്ടെയെന്നു മേയർ ആശംസിച്ചു.ഹോർത്തൂസിന് വേദിയാകാൻ കഴിയുന്നതു കോഴിക്കോടിന്റെ സൗഭാഗ്യമാണെന്നു തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. ലോകത്തെ മുഴുവൻ കോഴിക്കോട്ടേക്ക് ആകർഷിക്കാൻ ഹോർത്തൂസിനു കഴിയുമെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ ചൂണ്ടിക്കാട്ടി. ഭിന്നരുചികളുള്ള ലോകരെ മുഴുവൻ ഊട്ടുന്ന കലോത്സവമായിരിക്കും ഹോർത്തൂസ് എന്ന് എഴുത്തുകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണൻ പ്രത്യാശിച്ചു.
മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷത വഹിച്ചു. ഭാഷാപോഷിണി രൂപീകരണത്തിനു മുന്നോടിയായി 1891ൽ കോട്ടയത്തു സംഘടിപ്പിച്ച കവിസമാജം എന്ന കൂട്ടായ്മയിലൂടെ കേരളത്തിലെ ആദ്യത്തെ സാഹിത്യോത്സവം നടത്തിയതു മനോരമയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാർക്കറ്റിങ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി ഹോർത്തൂസിന്റെ ഉള്ളടക്കം വിശദീകരിച്ചു. മനോരമ അസോഷ്യേറ്റ് എഡിറ്റർ പി.ജെ.ജോഷ്വ, സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.കെ.പി.രാമനുണ്ണി, പി.കെ.പാറക്കടവ്, ജോയ് മാത്യു, കെ.പി.സുധീര, ഡോ.കെ.മൊയ്തു, വി.ആർ.സുധീഷ്, ആറ്റക്കോയ പള്ളിക്കണ്ടി, എൻ.കെ.അബ്ദുറഹ്മാൻ, കെ.പി.ബഷീർ, എടത്തൊടി രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
‘കോഴിക്കോട് ബിനാലെ’ ഒക്ടോബർ 20 മുതൽ
കോഴിക്കോട്∙ നവംബർ 1 മുതൽ 3 വരെ കോഴിക്കോട് കടപ്പുറത്തു നടക്കുന്ന ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിൽ ഏഴു വേദികളിലായി 120 സെഷനുകളിൽ മുന്നൂറിലധികം പ്രമുഖർ പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ പ്രമുഖ പ്രസാധകരും പങ്കെടുക്കുന്ന പുസ്തകമേള, സംഗീതനിശകൾ, ഭക്ഷ്യമേള, കൊറിയയിൽ നിന്നുള്ള പ്രശസ്ത പാചകവിദഗ്ധൻ നേതൃത്വം നൽകുന്ന കുക്ക് സ്റ്റുഡിയോ, കുട്ടികൾക്കുള്ള പ്രത്യേക പവിലിയനുകൾ തുടങ്ങിയവ ഉണ്ടായിരിക്കും.
ഹോർത്തൂസിനു മുന്നോടിയായി കൊച്ചി ബിനാലെ മാതൃകയിൽ കലാവിഷ്കാരങ്ങളുടെ പ്രദർശനം ഒക്ടോബർ 20നു കോഴിക്കോട് കടപ്പുറത്തു തുടങ്ങും. കൊച്ചി ബിനാലെയുടെ മുഖ്യശിൽപി ബോസ് കൃഷ്ണമാചാരി നേതൃത്വം നൽകും.ഹോർത്തൂസ് സാഹിത്യ–സാംസ്കാരികോത്സവത്തിൽ പങ്കെടുക്കുന്നതിനു ഇതോടൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്ത് സൗജന്യമായി റജിസ്റ്റർ ചെയ്യാം.