പൊതുമരാമത്ത് മന്ത്രി എത്തുമ്പോൾ പുതുപ്രതീക്ഷകളോടെ കുറ്റ്യാടി
Mail This Article
കുറ്റ്യാടി∙ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഇന്ന് കുറ്റ്യാടിയിൽ എത്തുമ്പോൾ കുന്നോളം പ്രതീക്ഷയുമായി നാട്ടുകാർ. കുറ്റ്യാടി ടൗണിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനു തുടക്കം കുറിക്കുന്ന കുറ്റ്യാടി–കടേക്കച്ചാൽ ബൈപാസ് റോഡ് പ്രവൃത്തി ഉദ്ഘാടനത്തിനാണ് മന്ത്രി ഇന്ന് 4.30ന് എത്തുന്നത്. ഇതോടൊപ്പം തന്നെ നരിക്കൂട്ടുംചാൽ ഒത്തിയോട്ട് പാലം ബൈപാസ് നിർമാണവും തുല്യപ്രാധാന്യം നൽകി നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
നിലവിൽ ഒത്തിയോട്ട് പാലം മുതൽ കരണ്ടോട്, നരിക്കൂട്ടുംചാൽ വരെ നിലവിൽ റോഡുണ്ട്. ഈ റോഡ് വീതി കൂട്ടിയാൽ വളരെ പെട്ടെന്നു തന്നെ ബൈപാസ് റോഡ് യാഥാർഥ്യമാകും. 6 കോടി രൂപ ബൈപാസിന് അനുവദിച്ചെങ്കിലും റോഡ് വികസനത്തിന് ആവശ്യമായ സ്ഥലം വിട്ടുകിട്ടാത്തതാണ് തടസ്സം. കടേക്കച്ചാൽ ബൈപാസിന് സ്ഥലം ഏറ്റെടുത്തത് പോലെ തന്നെ ഈ റോഡിനും സർക്കാർ സ്ഥലം ഏറ്റെടുത്ത് ബൈപാസ് യാഥാർഥ്യമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
ഒന്നര കിലോമീറ്റർ ദൂരം വരുന്ന ഈ ബൈപാസ് യാഥാർഥ്യമായാൽ തൊട്ടിൽപാലം ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്കിൽ പെടാതെ വടകര, തലശ്ശേരി റോഡിൽ എത്താം. ഈ ഭാഗത്തു നിന്നു തൊട്ടിൽപാലം വയനാട് ഭാഗത്തേക്ക് പോകേണ്ടവർക്കും സൗകര്യമാണ്. മലയോര ഹൈവേയിൽ ഉൾപ്പെടുത്തി പക്രംതളം ചുരം റോഡ് വികസനം സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രി ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയും നാട്ടുകാർക്കുണ്ട്. ചുരം റോഡ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.
റോഡിനു വീതിക്കുറവു കാരണം ചരക്കു വാഹനങ്ങൾ ഉൾപ്പെടെ വലിയ വാഹനങ്ങൾ വളവുകളിൽ നിന്ന് തിരിഞ്ഞു പോകാൻ പറ്റാതെ പ്രയാസപ്പെടുകയാണ്. വാഹനങ്ങൾക്ക് അരിക് കൊടുക്കാനും സാധിക്കുന്നില്ല. ചുരം ഇറങ്ങി വരുന്ന ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങൾ വലിയ കുഴികളിൽ ചാടി അപകടത്തിൽ പെടുന്നുണ്ട്. മലയോര ഹൈവേയിൽ ഉൾപ്പെടുത്തിയതിനാൽ അറ്റകുറ്റപ്പണികൾക്ക് പൊതുമരാമത്ത് ഫണ്ട് അനുവദിക്കുന്നുമില്ല. അടിയന്തരമായ തടസ്സങ്ങൾ നീക്കി ചുരം റോഡ് വികസനം യാഥാർഥ്യമാക്കാൻ മന്ത്രി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.