വിലങ്ങാടിനു സമീപം വീണ്ടും ഖനനത്തിന് നീക്കം; സമരം ശക്തമാക്കാൻ നാട്ടുകാർ
Mail This Article
വാണിമേൽ∙ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട്ടെ പരിസ്ഥിതിലോല മേഖലയിൽ പെടുന്നതും കലക്ടർ ദുരന്ത മേഖലയായി പ്രഖ്യാപിച്ചതുമായ മലയങ്ങാട് കമ്പിളിപ്പാറയിൽ ഖനനം തുടങ്ങുന്നില്ലെന്ന ക്വാറിക്കാരുടെ ഉറപ്പു പാലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിനു നേതൃത്വം നൽകുമെന്നു പൊലീസിനും ക്വാറി മാനേജ്മെന്റിനും നാട്ടുകാരുടെ മുന്നറിയിപ്പ്. ഒരാഴ്ച മുൻപ് ക്വാറിയിൽനിന്നു മണ്ണുമാന്തി യന്ത്രം തിരിച്ചു കൊണ്ടു പോയതാണ്. അന്ന് കോൺഗ്രസ് നേതൃത്വത്തിലായിരുന്നു സമരം. നാട്ടുകാരും രാഷ്ട്രീയം മറന്നു ഖനനത്തിനെതിരെ രംഗത്തിറങ്ങിയിരുന്നു.
വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ, മുൻപ് ഉരുൾപൊട്ടലുണ്ടായ ഭാഗത്തു കൂടി ചെളിവെള്ളവും മണ്ണും ഒഴുകിയെത്തി ഒട്ടേറെ വീട്ടുകാർ ദുരിതം നേരിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ മുതൽ മണ്ണുമാന്തി യന്ത്രവുമായി ക്വാറി മാനേജറും ചില തൊഴിലാളികളും എത്തിയത്. ഞായറാഴ്ച ആയതിനാൽ പലരും സ്ഥലത്തുണ്ടായിരുന്നില്ല. സ്ത്രീകൾ വിവരം അറിയിച്ചതോടെയാണ് വിലങ്ങാട്ടു നിന്നും വാണിമേലിൽ നിന്നും പ്രതിഷേധവുമായി ഒട്ടേറെ പേരെത്തിയത്. വിവരമറിഞ്ഞു പൊലീസുമെത്തി.
കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകൾ അടക്കം ക്വാറിയിലേക്ക് എത്തിയതോടെ ക്വാറി മാനേജറുമായി ഏറെ നേരം വാക്കേറ്റവും ബഹളവും നടന്നു. പഞ്ചായത്തിൽ നിന്നോ പരിസ്ഥിതി വകുപ്പിൽ നിന്നോ ഒരു അനുമതിയും ഇല്ലാതെ പണി നടത്തില്ലെന്ന ഉറപ്പ് എന്തുകൊണ്ട് പാലിക്കപ്പെടുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. ഉടമയുടെ നിർദേശ പ്രകാരമാണു താൻ ജോലി ചെയ്യുന്നത് എന്നു മാത്രമാണ് മാനേജർക്കു പറയാനുണ്ടായിരുന്നത്. ഉരുൾപൊട്ടലിൽ കോടികളുടെ നഷ്ടം സംഭവിച്ചു 2 മാസം തികയും മുൻപ് ഖനനത്തിനു നീക്കം തുടങ്ങിയതിനു പിന്നിൽ ബാഹ്യശക്തികളുടെ പിൻബലമുണ്ടെന്നു സംശയിക്കുന്നതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.