ADVERTISEMENT

കോഴിക്കോട്∙ ആയുസ്സും ആരോഗ്യവും അനാഥർക്കും അശരണർക്കുമായി പകുത്തു നൽകിയ അസാധാരണ വ്യക്തിത്വമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച ടി.കെ.പരീക്കുട്ടി ഹാജി (102). കേരളത്തിൽ, പ്രത്യേകിച്ചു മലബാറിൽ, അനാഥ സംരക്ഷണ മേഖലയിൽ അദ്ദേഹത്തോളം നിറഞ്ഞുനിന്ന മറ്റൊരാളെ ചൂണ്ടിക്കാണിക്കാനില്ല. അനാഥസംരക്ഷണത്തിനും സാമൂഹികസേവനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചുവെന്നു മാത്രമല്ല, അതിനായി സ്വരൂപിക്കുന്ന പണം മറ്റൊരുവഴിക്കും ചെലവഴിക്കപ്പെടുന്നില്ല എന്ന കർശന ജാഗ്രതകൂടി അദ്ദേഹം പുലർത്തി. അനാഥർക്കുവേണ്ടി (യത്തീം) ലഭിക്കുന്ന പണം യത്തീംഖാനയ്ക്കുവേണ്ടിയാണെങ്കിൽപോലും പിശുക്കി മാത്രമേ അദ്ദേഹം ചെലവഴിച്ചിരുന്നുള്ളൂ.

മസ്ജിദ് കമ്മിറ്റികളും യത്തീംഖാനയും മുതൽ എൻജിനീയറിങ് കോളജും കോഴിക്കോട്ടെ സാമൂഹിക, സാംസ്കാരിക രംഗങ്ങളും വരെ സകലമേഖലയിലും അദ്ദേഹം നേതൃത്വവും സാന്നിധ്യവുമായി. പദവി അലങ്കാരമാക്കാതെ ജനങ്ങൾക്കിടയിലിറങ്ങി പ്രവർത്തിക്കുകയും ചെയ്തു. കൊടുവള്ളി യത്തീംഖാനയുടെ ജനറൽ സെക്രട്ടറി ആയിരുന്ന അദ്ദേഹം ഒരിക്കൽപോലും യാത്രാബത്തയോ മറ്റ് ആനുകൂല്യങ്ങളോ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല, യത്തീംഖാനയിലെ യോഗങ്ങൾക്കിടയിൽ ചായയോ മറ്റോ കഴിച്ചാൽ അതിന്റെ പണവും നൽകുമായിരുന്നുവത്രെ. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് അംഗമായിരുന്ന അദ്ദേഹം അതിന്റെ യോഗങ്ങൾക്കെത്തുമ്പോഴും യാത്രപ്പടി കൈപ്പറ്റിയിരുന്നില്ല. എല്ലാ രണ്ടാംശനിയാഴ്ചയും രാവിലെ 11ന് തുടങ്ങുന്ന യോഗത്തിന് 10.50ന് തന്നെ അദ്ദേഹം എത്തുമായിരുന്നു. (കൂട്ടത്തിൽ പറയട്ടെ, പല സംഘടനകളുടെയും യോഗങ്ങൾ 11 മണിക്കു നിശ്ചയിച്ചാൽ പന്ത്രണ്ടോ ഒന്നോ ആയേക്കാം. വിദ്യാഭ്യാസ ബോർഡിന്റെ യോഗം 11 മണി കൃത്യത്തിനു തുടങ്ങും). 

മലബാർ ചേംബർ ഓഫ് കൊമേഴ്സ്, എയർപോർട്ട് കമ്മിറ്റി, ജില്ലാ സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, ലോറി ഓപ്പറേറ്റേഴ്സ് കോ - ഓപ്പറേറ്റിവ് സൊസൈറ്റി, ഫ്രൈഡേ ക്ലബ് തുടങ്ങി വിവിധ രംഗങ്ങളിൽ സജീവമായിരുന്നു. എങ്കിലും, കൊടുവള്ളി യത്തീംഖാന ആയിരുന്നു അദ്ദേഹത്തിന്റെ ജീവവായു. കുടുംബത്തിൽ പലരുടെയും വിവാഹമോ മറ്റ് ആഘോഷങ്ങളോ നടക്കുമ്പോഴും യത്തീംഖാനയിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ പരീക്കുട്ടിഹാജി അവിടെയായിരിക്കും എന്നതായിരുന്നു സ്ഥിതി. യത്തീംഖാനയിലെ കുട്ടികളെ അന്തേവാസികളായല്ല, കുടുംബാംഗങ്ങളെപ്പോലെയാണ് അദ്ദേഹം കണ്ടത്. ആ രീതിയിലാണ് കുട്ടികളോട് ഇടപഴകിയതും. ഓർഫനേജുകളല്ല, പേട്രണേജുകളാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പ്രവർത്തനത്തിലൂടെ തെളിയിച്ചു.

സമയത്തിന്റെ വില തിരിച്ചറിഞ്ഞ അദ്ദേഹം പുലർച്ചെ നാലുമണിക്ക് ഉണരുന്നതായിരുന്നു ശീലം. പ്രാർഥനയും ഖുർആൻ പാരായണവും പത്രവായനയും കഴിഞ്ഞ് എട്ട് മണിയോടെ കുളിച്ചൊരുങ്ങി ഭക്ഷണം കഴിച്ച് കാറിൽ കയറും. പിന്നെ ഡയറി തുറന്നുവച്ച് യാത്രയാണ്. മന്ത്രിമാർക്കോ ജനപ്രതിനിധികൾക്കോ ഉള്ളപോലെ തിരക്കേറിയ ഷെഡ്യൂൾ ആയിരുന്നു പരീക്കുട്ടിഹാജിക്കും ഏതു ദിവസവും. ഈ ഓട്ടത്തിനിടയിൽ ശാരീരിക അവശതകൾ അദ്ദേഹം മറന്നു. പ്രായത്തേപ്പോലും അദ്ദേഹം തോൽപ്പിച്ചത് ഓടി ഓടിയാണ്. വിശ്രമം എന്നത് ആ അജണ്ടയിലില്ല. യാത്രക്കിടയിൽ കാറിലിരുന്ന് ഒന്ന് മയങ്ങിയാലായി. പത്രം വായിക്കുമ്പോൾ പ്രധാനമായി തോന്നുന്ന വാർത്തകൾ ഡയറിയിൽ കുറിച്ചിട്ടും. റേഡിയോ വാർത്തകളും ഒരിക്കലും മുടക്കില്ല. എല്ലാ വിഷയങ്ങളെക്കുറിച്ചും സാമാന്യ ജ്ഞാനം ഉണ്ട്. ഏത് ചർച്ചകളിലും ഏത് വിഷയത്തിലും സ്വന്തമായ അഭിപ്രായവും നിലപാടും പറയും. 

അംബാസഡർ കാറിലായിരുന്നു അവസാനകാലം വരെ യാത്ര. ധനികർ പലരും ആഡംബരകാറുകൾ വാങ്ങിയപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. അരനൂറ്റാണ്ടു മുൻപാണ് അംബാസഡർ കാറിലേക്കു കയറിയത്. അതിനുമുൻപ് ജീപ്പ് ആയിരുന്നു.  ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനായി അദ്ദേഹം നിയമിതനായപ്പോൾ ഇനിയെങ്കിലും അദ്ദേഹം മുന്തിയ ഇനം കാറിൽ കയറുമെന്നു പലരും കരുതി. ഇന്നോവ ഉൾപ്പെടെ കൊള്ളാവുന്ന കാറുകൾ നൽകാൻ അധികൃതർ ഒരുക്കമായിരുന്നു. പക്ഷേ, ചെയർമാന് വേണ്ടത് അംബാസഡർ ആണത്രെ. പിന്നീട് വീട്ടിൽ ഒരു കാർ കൂടി വാങ്ങി – നാനോ...! ബിഎംഡബ്ല്യുകളും ഔഡികളും നിരത്തിയിടാൻ പ്രാപ്തിയുള്ള ആളുടെ വീട്ടുമുറ്റതാണ് ഇതെന്ന് ഓർക്കണം.

പെരിന്തൽമണ്ണ എംഇഎ എൻജിനീയറിങ് കോളജ് കമ്മിറ്റിയിലും പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജ് കമ്മിറ്റിയിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യവും പങ്കാളിത്തവുമുണ്ടായിരുന്നു. ഇടയ്ക്ക് പിഡബ്ല്യുഡി കോൺട്രാക്ടറും ഫോറസ്റ്റ് കോൺട്രാക്ടറുമൊക്കെയായി. ലോറിയിൽ ഗ്വാളിയർ റയൺസിലേക്ക് മരം കയറ്റിയിരുന്നപ്പോഴാണ് ആർ.എൻ. സാബുവുമായി ഉറ്റ ബന്ധം സ്ഥാപിച്ചിരുന്നത്. സുസമ്മതനായ ഒരു മധ്യസ്ഥന്റെ  വേഷവും പലപ്പോഴും അണിയാറുണ്ട്. പാണക്കാട് തങ്ങൾ കുടുംബവുമായി വളരെ അടുത്ത ബന്ധമായിരുന്നു. 

2016 സെപ്റ്റംബർ ഒന്നിനു ഭാര്യ ഉണ്ണി പാത്തുമ്മ മരിക്കുന്നത് വരെ വിശ്രമമെന്തെന്നറിയാത്ത ഓട്ടത്തിലായിരുന്നു അദ്ദേഹം. വാർധക്യകാലത്ത് ഭാര്യയുടെ വിയോഗത്തോടെ അദ്ദേഹം ഒന്നു തളർന്നു. പിന്നെ വീട്ടിനുള്ളിൽ ഒരു വീഴ്ചയും. അതോടെ വീട്ടിൽതന്നെയായി. മനസ്സെത്തുന്നിടത്ത് ശരീരമെത്തില്ലെന്ന് ഉറപ്പായതോടെ വീട്ടിൽ തന്നെയായി. കൊടുവള്ളി യത്തീം ഖാനയിലെ ചില ചുമതലകൾ അനുജൻ ടി.കെ. അഹമ്മദ് കുട്ടിക്ക് കൈമാറി. എല്ലാ വിവരങ്ങളും തീരുമാനങ്ങളും യഥാസമയം അനുജൻ അറിയിക്കും. ഏറ്റവും അവശതയിൽ കിടക്കുമ്പോഴും കൊടുവള്ളി യത്തീംഖാന എന്നുകേട്ടാൽ അദ്ദേഹത്തിന് ആവേശമായിരുന്നു.

ജീവിതത്തിലെ യഥാർത്ഥ വിജയി ആരെന്ന ചോദ്യത്തിന് അനാഥ മക്കൾക്ക് അഭയവും അന്നവും നൽകിയവനെന്ന പ്രവാചക വചനം ഓർക്കുക. ജീവിത വിശുദ്ധികാത്തു സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അത് പകർന്ന് നൽകുകയും ചെയ്ത പരീക്കുട്ടി ഹാജി, ഉർജസ്വലത കൊണ്ടും കർമം കൊണ്ടും നമ്മെ വിസ്മയിപ്പിച്ചു. അനാഥ സംരക്ഷണ രംഗത്ത് വജ്രശോഭ പരത്തിയിരുന്ന അദ്ദേഹം വിജയികളുടെ ഗണത്തിൽ പെടും, തീർച്ച.

English Summary:

TK Pareekutty Haji, a renowned philanthropist from Kerala, India, passed away at the age of 102. He dedicated his life to serving orphans and the underprivileged, leaving an unforgettable mark on Kerala's social landscape. This article highlights his extraordinary commitment to social service and his unwavering dedication to ensuring the responsible use of funds intended for charitable purposes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com