ADVERTISEMENT

കോഴിക്കോട് ∙ ബസുകളുടെ മത്സരയോട്ടത്തിൽ വിദ്യാ‍ർഥികൾ അപകടത്തിൽപെടുന്നതു തുടരുന്നു. കഴിഞ്ഞദിവസം പേരാമ്പ്രയ്ക്കു സമീപം രാവിലെ സ്കൂളിലേക്കു പുറപ്പെട്ട കുട്ടി ബസിൽനിന്നു റോഡിലേക്കു തെറിച്ചുവീണു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോഴിക്കോട് – കുറ്റ്യാടി റൂട്ടിൽ ഉൾപ്പെടെ പലപ്പോഴും ഇത്തരത്തിലുള്ള അപകടങ്ങൾ നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പേരാമ്പ്ര മുളിയങ്ങലിലാണു ബസിൽ നിന്നു തെറിച്ചു വീണു സ്കൂൾ വിദ്യാർഥിക്കു പരുക്കേറ്റത്. രാവിലെ 9.45നു സ്കൂളിൽ പോകാൻ ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ടെടുത്തു. തിരക്കുള്ള ബസിന്റെ അകത്തേക്കു കയറി നിൽക്കാൻ വിദ്യാർഥിക്കു കഴിയുന്നതിനു മുൻപു ബസ് എടുത്തതോടെ പുറത്തേക്കു തെറിച്ചുവീണു. 

  റോഡിലേക്കു  മലർന്നടിച്ചു വീണ കുട്ടിയുടെ പുറത്തു ബാഗുണ്ടായിരുന്നതിനാൽ തല റോഡിൽ അടിച്ചില്ല. എന്നാൽ, ഇടതുകൈ പൊട്ടി. ജില്ലയിലെ ദീർഘദൂര ബസുകളിൽ മുതിർന്നവർ കയറിയ ശേഷമാണു വിദ്യാർഥികളെ കയറ്റാറുള്ളത്. ഇതുമൂലം ഏറ്റവും അവസാനമാണു വിദ്യാർഥികൾക്കു കയറാൻ അവസരം കിട്ടുക. എല്ലാവരും കയറുന്നതിനു മുൻപു ബസ് എടുക്കുന്നതോടെ വിദ്യാർഥികൾ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. 

ബസുകൾക്കു മിനിറ്റുകളുടെ വ്യത്യാസത്തിൽ സമയക്രമം അനുവദിക്കുന്നതാണു മത്സരയോട്ടത്തിനു കാരണമാകുന്നതെന്ന പരാതി ഉയർന്നിട്ടുണ്ട്. തകർന്ന റോഡുകളിലൂടെ നിശ്ചിത സമയത്ത് ഓടിയെത്തുകയെന്നതു പ്രതിസന്ധിയാണെന്നു ബസ് ജീവനക്കാർ പറയുന്നു. സമയക്രമത്തിലെ തർക്കവും തിരക്കുമാണു പലപ്പോഴും അപകടങ്ങൾ വരുത്തിവയ്ക്കുന്നത്.

‌ജില്ലയിലെ ദീർഘദൂര ബസുകളിലാണു പ്രതിസന്ധിയെന്നും സിറ്റി ബസുകളിൽ വിദ്യാർഥികൾക്കു പ്രശ്നമില്ലെന്നും സിറ്റി ബസ് ഉടമകൾ അവകാശപ്പെടുന്നു. നഗരപ്രദേശങ്ങളിൽ 7 സ്കൂളുകളിലേക്കുള്ള വിദ്യാർഥികൾ യാത്ര ചെയ്യുന്ന സിറ്റി ബസുകൾ വരെയുണ്ട്. കലക്‌ഷൻ കുറവാണെങ്കിലും വിദ്യാർഥികളുടെ ഇളവിനനുസരിച്ചുള്ള കലക്‌ഷനായി 600 മുതൽ 700 രൂപ വരെ ചില്ലറത്തുട്ടുകളായി കിട്ടാറുണ്ടെന്നും ബസ് ഉടമകൾ പറയുന്നു. 

പ്രദേശത്തു ബസുകളിൽനിന്ന് സ്ഥിരമായി കുട്ടികൾ വീഴാറുണ്ട്. പലർക്കും പരുക്കുപറ്റിയിട്ടുണ്ട്. ഇതൊന്നും ബസുകാർ ശ്രദ്ധിക്കാറില്ല. സംഭവ നടന്നയന്നു വൈകിട്ട് ബസുകൾ മത്സരയോട്ടം നടത്തി അപകടമുണ്ടാക്കി. അന്നു 2 കുട്ടികൾക്കു പരുക്കേറ്റിരുന്നു. ആറരയോടെ നാട്ടുകാർ ബസ് തടഞ്ഞു. പ്രശ്നമായതിനെ തുടർന്ന് പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

പേരാമ്പ്ര – കോഴിക്കോട് റോഡിൽ മുളയങ്ങൽ, ചാലിക്കര, കൈതക്കൽ ഭാഗങ്ങളിൽ കുട്ടികൾക്ക് ബസിൽ കയറാൻ കഴിയാറില്ല. പലപ്പോഴും കുട്ടികൾ ചാടിക്കയറി പോകേണ്ട അവസ്ഥയാണ്. അധികാരികളുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണം.

English Summary:

The reckless racing of private buses continues to endanger students, as a recent incident near Perambra tragically demonstrates. A young student was thrown from a bus onto the road, underscoring the urgent need for stricter enforcement and safety measures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com