ADVERTISEMENT

കൊടുവള്ളി∙ കരൂഞ്ഞി – എരഞ്ഞിക്കോത്ത് പൊതുമരാമത്ത് റോഡിൽ മാട്ടുപൊയിൽ താഴം ജംക്‌ഷൻ സ്ഥിരം അപകടമേഖല. കൊടുവള്ളി ഹൈസ്കൂൾ ആസാദ് റോഡിൽ നിന്ന് എത്തി കരൂഞ്ഞി–എരഞ്ഞിക്കോത്ത് ഭാഗത്തേക്കും നെടുമല, പിലാശ്ശേരി ഭാഗങ്ങളിലേക്കും തിരിയുന്ന മാട്ടുപൊയിൽ താഴം ഭാഗത്ത് കുത്തനെയുള്ള ഇറക്കവും കൊടും വളവുകളുമുള്ളതാണ് സ്ഥിരം അപകടമേഖലയാക്കുന്നത്. ഇരുചക്രവാഹനങ്ങളും ലോറികളും ക്രെയിനുകളും വരെ ഇവിടെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴേക്കു പതിച്ചിട്ടുണ്ട്.

ഇരുചക്ര വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 2 പേർ ഇവിടെ മുൻപ് മരിച്ചിരുന്നു. വിവിധ അപകടങ്ങളിലായി ഒട്ടേറെ പേർക്കു ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. വളവിലെ സുരക്ഷാ ബാരിക്കേഡ് ലോറി ഇടിച്ച് ഭാഗികമായി തകർന്നു. ഇവിടെ ഉയരത്തിലുള്ള ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ഈ ഭാഗത്ത് ഡിവൈഡറുകളും മുന്നറിയിപ്പു ബോർഡുകളും സ്ഥാപിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കുത്തനെയുളള ഇറക്കത്തിലെ വളവും അപകടത്തിനിടയാക്കുന്നു. ഈ ഭാഗത്ത് റോഡിന്റെ വളവ് കുറയ്ക്കാനും നടപടിയുണ്ടാകണം. 

ഹൈസ്കൂൾ റോഡ് വഴി പിലാശ്ശേരിയിലേക്ക് എളുപ്പം എത്താൻ കഴിയുന്ന ഈ റോഡിൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. നെടുമല, കരൂഞ്ഞിമല വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്നവരും ആശ്രയിക്കുന്ന റോഡാണിത്. ഈ ഭാഗത്തേക്ക് വിനോദ സഞ്ചാരികളുടെ യാത്ര വർധിച്ചതോടെ അപകട സാധ്യതയും കൂടി. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡായതിനാൽ ബന്ധപ്പെട്ട അധികൃതർ ഇക്കാര്യത്തിൽ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നിവേദനങ്ങൾ നൽകിയിരുന്നുവെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യത്തിൽ നടത്തിയ നിരന്തരമായ ഇടപെടലിനെ തുടർന്ന് പദ്ധതിക്ക് ടെൻ‍ഡറായതായി ഡിവിഷൻ കൗൺസിലർ ഹസീന എളങ്ങോട്ടിൽ അറിയിച്ചു. 

സ്ഥിരം അപകടമേഖലയായ മാട്ടുപൊയിൽ താഴം ജംക്‌ഷനിൽ ആവശ്യമായ സുരക്ഷാ ക്രമീകരണം എത്രയും വേഗം നടപ്പാക്കണം. നെടുമലയിൽ നിന്ന് ഇറക്കമിറങ്ങി വരുന്ന വാഹനങ്ങളാണ് നിയന്ത്രണം വിട്ട് മാട്ടുപൊയിൽതാഴം ഭാഗത്തെ താഴ്ചയിലേക്കു മറിയുന്നത്. അപകടത്തിന്റെ വ്യാപ്തി കൂടിയിട്ടും നടപടി വൈകുകയാണ്. ഡിവൈഡറുകൾ സ്ഥാപിച്ചും സുരക്ഷാ ക്രമീകരണം ശക്തമാക്കിയും വേഗത്തിൽ ഇതിനു പരിഹാരം കാണണം.

കരൂഞ്ഞി –എരഞ്ഞിക്കോത്ത് പൊതുമരാമത്ത് റോഡിൽ മാട്ടുപൊയിൽതാഴം ഭാഗം സ്ഥിരം അപകട മേഖലയാണ്. ഇവിടെ സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എം.െക.മുനീർ എംഎൽഎക്ക് നിവേദനം നൽ‍കിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടത്തിയ ചർച്ചയെ തുടർന്ന് മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ച് ഈ ഭാഗത്ത് ആവശ്യമായ ക്രാഷ് ബാരിയർ സ്ഥാപിക്കാനും ഓവുചാലുകൾ നിർമിക്കാനും എല്ലാ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിയുന്ന നിലയിൽ റോഡിൽ ക്രമീകരണങ്ങൾ നടത്താനുമുള്ള പദ്ധതിക്ക് ടെൻഡർ നൽകിയതായി എംഎൽഎ ഓഫിസ് അറിയിച്ചിട്ടുണ്ട്. 

English Summary:

The Mattupoyil Thazham Junction in Koduvally has become an accident hotspot due to its steep descent and sharp curves. Locals are demanding safety measures like barricades, dividers, and warning signs to prevent further accidents on this busy tourist route.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com