ഡോക്ടറിൽ നിന്ന് 4.08 കോടി തട്ടിയ കേസ്: രണ്ടു പേർ രാജസ്ഥാനിൽ പിടിയിൽ
Mail This Article
കോഴിക്കോട് ∙ കോഴിക്കോട് നഗരത്തിൽ താമസിക്കുന്ന ഉത്തരേന്ത്യൻ സ്വദേശിയായ ഡോക്ടറെ ചാരിറ്റിയുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചു 4.08 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ ഓൺലൈൻ തട്ടിപ്പു സംഘത്തിലെ രണ്ടുപേർ പിടിയിൽ. മുഖ്യ പ്രതി സുനിൽ ദംഗി (48), കൂട്ടുപ്രതി ശീതൾ കുമാർ മേത്ത (28) എന്നിവരെയാണു രാജസ്ഥാനിലെ ബഡി സാദരിയിൽ നിന്നു സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ. അങ്കിത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സൈബർ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ച 6 മൊബൈൽ ഫോണുകൾ, ബാങ്ക് രേഖകൾ, ചെക്ക് ബുക്ക് എന്നിവ കണ്ടെടുത്തതായി ഡപ്യൂട്ടി കമ്മിഷണർ അരുൺ കെ.പവിത്രൻ പറഞ്ഞു.
രാജസ്ഥാനിലെ ദുംഗർപുർ സ്വദേശിയായ അമിത് ജെയിൻ എന്നു പരിചയപ്പെടുത്തിയ പ്രതി കഴിഞ്ഞ ജനുവരിയിലാണു നഗരത്തിൽ ക്ലിനിക് നടത്തുന്ന ഡോക്ടറുമായി ബന്ധം സ്ഥാപിച്ചത്. ചാരിറ്റി പ്രവർത്തനത്തിൽ തൽപരനായ ഡോക്ടറുടെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നാണു വിവരങ്ങൾ ശേഖരിച്ചത്. താനും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കടക്കെണിയിൽ ആണെന്നും ആശുപത്രി ചെലവിനു പണം ആവശ്യമുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് ആദ്യം 5,000 രൂപ വാങ്ങി. പിന്നീട് സൗഹൃദം സ്ഥാപിച്ചു പല തവണകളിലായി 4,08,80,457 രൂപ തട്ടിയെടുത്തെന്നാണു പരാതി. വീണ്ടും പണം ആവശ്യപ്പെട്ടപ്പോൾ ഡോക്ടർ സ്വർണം പണയപ്പെടുത്തി ബാങ്ക് വായ്പയെടുത്തു. ഇതറിഞ്ഞ മകൻ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു മനസ്സിലാക്കിയതും പരാതി നൽകിയതും.
സുനിൽ ദംഗി രാജസ്ഥാനിലെയും മധ്യപ്രദേശിലെയും വിവിധ ചൂതാട്ട കേന്ദ്രങ്ങൾ മുഖേന സംഘടിപ്പിക്കുന്ന ബാങ്ക് അക്കൗണ്ടുകളും ശീതൾ കുമാർ മേത്തയുടെ ബാങ്ക് അക്കൗണ്ടും ഉപയോഗിച്ചാണു പണം തട്ടിയെടുത്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി. തട്ടിയെടുത്ത പണം രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചൂതാട്ട കേന്ദ്രങ്ങളിലും വിവിധ ഓൺ ലൈൻ ചൂതാട്ട സൈറ്റുകളിലും ചെലവഴിക്കുന്നതായാണു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നു പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്ത്, എഎസ്ഐമാരായ ജിതേഷ് കൊള്ളങ്ങോട്ട്, രാജേഷ് ചാലിക്കര, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എം.നൗഫൽ, കെ.ആർ.ഫെബിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.