ADVERTISEMENT

താമരശേരി ∙ ദേശീയപാത 766ൽ താമരശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ചുരത്തിലെ 6, 7, 8 വളവുകളിൽ രൂപപ്പെട്ടിട്ടുള്ള കുഴികൾ അടയ്ക്കുന്നതിനും 2, 4 വളവുകളിലെ താഴ്‌ന്ന് പോയ ഇന്റർലോക്ക് കട്ടകൾ ഉയർത്തുന്നതിനും വേണ്ടിയാണ് നിയന്ത്രണം. ഇൗ മാസം 7 മുതൽ 11 വരെ പകൽ സമയങ്ങളിൽ ഭാരമുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

വയനാട് ചുരം റോഡിലെ നടുവൊടിക്കും യാത്രയ്ക്ക് താൽക്കാലിക പരിഹാരമാകുകയാണ്. ആദ്യഘട്ടമായി കഴിഞ്ഞ ദിവസം 6, 7, 8 വളവുകളിലെ കുഴികൾ അടച്ചു. 2–ാം ഘട്ടമായി ചുരം റോഡിൽ റീടാറിങ് നടത്തും. കാലാവസ്ഥ അനുകൂലമായാൽ റീടാറിങ് പ്രവൃത്തി തിങ്കളാഴ്ച ആരംഭിക്കും. നിലവിൽ കരാറുള്ള സ്വകാര്യ കമ്പനിയാണ് റീടാറിങ് നടത്തുക. പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവൃത്തി നടത്തുക.

വയനാട് ചുരത്തിലെ ദുരിതയാത്രയ്ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗത്തിന്റെ അടിയന്തര ഇടപെടൽ. കഴിഞ്ഞ കുറച്ചുദിവസങ്ങളായിട്ട് ചുരത്തിൽ അതികഠിന യാത്രയാണ്. റോഡിന്റെ ശോച്യാവസ്ഥയും കണ്ടെയ്നറുകളുടെയും വലിയ ചരക്കുവാഹനങ്ങളുടെ നിരന്തര ഓട്ടവും വാഹനപ്പെരുപ്പവും കാരണം ചുരത്തിൽ ഗതാഗതക്കുരുക്ക് ഒഴിഞ്ഞ നേരമില്ല. റോഡിലെ കുഴികളിൽ നിന്നു വാഹനങ്ങൾ കയറാൻ 5 മിനിറ്റ് വൈകിയാൽ മതി അപ്പോഴേക്കും ഗതാഗതക്കുരുക്ക് രൂപപ്പെടും. വളരെ സാഹസപ്പെട്ടാണു വലിയ വാഹനങ്ങൾ ചുരം കയറുന്നതും ഇറങ്ങുന്നതും. ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ചുരത്തിൽ പൂട്ടുകട്ട പാകിയ വളവുകളൊഴികെ ബാക്കിയുള്ള വളവുകളെല്ലാം തകർന്നു. ഇതിൽ 6, 7, 8 വളവുകളിലായിരുന്നു കൂടുതൽ തകർച്ച.

താങ്ങാനാവുന്നതിന്റെ പരിധിയിലും കൂടുതൽ വാഹനങ്ങൾ കടന്നുപോകാൻ തുടങ്ങിയതോടെയാണു ചുരം തകർച്ചയ്ക്കു വേഗം കൂടിയത്. അമിതഭാരം കയറ്റിയ നൂറുകണക്കിന് വാഹനങ്ങൾ ദിവസവും ഇതിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. ലക്കിടി പ്രവേശന കവാടം മുതൽ താഴെ ഒന്നാം വളവ് വരെ റോഡിൽ പലയിടങ്ങളിലായി കുഴികൾ രൂപപ്പെട്ടു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 6, 7, 8 വളവുകൾ കൂടി വീതി കൂട്ടി പൂട്ടുകട്ട സ്ഥാപിക്കുന്നതോടെ ചുരത്തിലെ യാത്രാദുരിതത്തിനു ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

English Summary:

Roadwork on the Thamarassery Ghat section of National Highway 766 will cause traffic regulations and restrictions on heavy vehicles from October 7th to 11th, 2024. This advisory aims to inform travelers about potential delays and alternative routes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com