ചെറൂപ്പ ആശുപത്രി; ഡോക്ടറുണ്ട്, പക്ഷേ ഒപിയില്ല
Mail This Article
മാവൂർ ∙ രോഗികളെ കൈവിട്ടു ചെറൂപ്പ ആശുപത്രി. അത്യാസന്ന നിലയിൽ എത്തുന്ന രോഗികൾക്കു പോലും ചികിത്സ നിഷേധിക്കുന്നതായി പരാതി. മെഡിക്കൽ കോളജിനു കീഴിലുള്ള ആശുപത്രിയിലെ കാര്യങ്ങൾ ഉദ്യോഗസ്ഥർക്ക് തോന്നുംപടി. വൈകിട്ട് അഞ്ചരയ്ക്ക് എത്തുന്ന രോഗികൾക്കു പോലും ഒപി ടിക്കറ്റ് നൽകുന്നില്ല. ചില ദിവസങ്ങളിൽ മൂന്നര കഴിഞ്ഞാൽ ഫാർമസിയിൽ നിന്നു മരുന്ന് ലഭിക്കില്ല, രോഗികൾ ഒപി ടിക്കറ്റിനായി മഴയും വെയിലും കൊണ്ടു ക്യൂ നിൽക്കണം തുടങ്ങി എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് ഏതാനും ഉദ്യോഗസ്ഥ സംഘം.
ഡോക്ടർമാർ ഒപി വിഭാഗത്തിൽ ഉണ്ടായിട്ടും ഇന്നലെ വൈകിട്ട് അഞ്ചരയ്ക്ക് എത്തിയ രോഗികൾക്ക് ഒപി ടിക്കറ്റ് നൽകാതെ കൗണ്ടർ അടച്ചു. രോഗികളും കൂട്ടിരിപ്പുകാരും ബഹളം വച്ചതോടെയാണ് ഒപി ടിക്കറ്റ് നൽകിയത്. നേരത്തേ 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന അത്യാഹിത വിഭാഗമുണ്ടായിരുന്നത് ഒന്നര വർഷം മുൻപ് നിർത്തി. പിന്നീട് ഒരു മാസത്തിലേറെ നീണ്ട ജനകീയ സമരങ്ങൾക്കൊടുവിൽ മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് ആശുപത്രിയുടെ പ്രവർത്തനം രാവിലെ മുതൽ വൈകിട്ട് 6 വരെയാക്കിയത്. പഴയ കിടത്തിച്ചികിത്സാ വിഭാഗം കെട്ടിടത്തിൽ സൗകര്യം ഏർപ്പെടുത്തിയാണ് വർഷങ്ങളായി ഒപി ടിക്കറ്റ് നൽകിയിരുന്നത്.
ഇതാണ് ഇപ്പോൾ ഒബ്സർവേഷൻ കെട്ടിടത്തിനു മുന്നിലേക്കു മാറ്റിയത്. ഇവിടെ മേൽക്കൂരയില്ലാത്ത സ്ഥലത്ത് ഒരു പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയിട്ടുണ്ട്. ഇതിനു താഴെ കാത്തുനിന്നാലേ രോഗികൾക്ക് ഒപി ടിക്കറ്റ് കിട്ടൂ എന്നതാണ് സ്ഥിതി. ലബോറട്ടറിയും ഫാർമസിയും ചില ദിവസങ്ങളിൽ നേരത്തേ അടയ്ക്കുംടും. ഡോക്ടർമാർ മരുന്നു കുറിച്ചു നൽകിയാലും രക്ത പരിശോധനകൾക്കും മരുന്നിനും നിർധന രോഗികൾ മറ്റു മാർഗങ്ങൾ തേടണം. ചോദിക്കാനും പറയാനും ആളില്ലാത്തതിനാൽ എന്തുമാകാമെന്ന സ്ഥിതിയായി. പുതിയ ഉദ്യോഗസ്ഥർ വരുമ്പോൾ അവരുടെ സൗകര്യം പോലെ കാര്യങ്ങൾ നടത്തുന്നതായി വ്യാപക ആക്ഷേപമുണ്ട്.