മെഡിക്കൽ കോളജിൽ ഇൻസിനറേറ്റർ കേടായിട്ട് 3 മാസം: ദിവസം എത്തുന്നത് 3 ടൺ അജൈവ മാലിന്യം
Mail This Article
ചേവായൂർ∙ ഗവ.മെഡിക്കൽ കോളജിലെ ഇൻസിനറേറ്റർ പ്രവർത്തനരഹിതമായി 2 മാസത്തിനു ശേഷവും നടപടിയൊന്നുമായില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്ത് അധികൃതരുടെ റിപ്പോർട്ട് തേടിയിരുന്നു. ഇൻസിനറേറ്റർ കേടായ ശേഷം മാലിന്യം കത്തിക്കുന്നത് നിലച്ചതോടെ, നിത്യേന എത്തുന്ന 3 ടണ്ണിലേറെ മാലിന്യവും സംസ്‌കരിക്കാതെ കിടക്കുന്ന പഴയ മാലിന്യങ്ങളും ഇവിടെ കുന്നുകൂടുകയാണ്.
ഇപ്പോഴും പ്ലാസ്റ്റിക്, കടലാസ്, കാർഡ് ബോർഡ് തുടങ്ങിയവയും ആശുപത്രിയിലെ മറ്റ് അജൈവ മാലിന്യങ്ങളും പ്രവർത്തനരഹിതമായ ഇൻസിനറേറ്ററിന് അരികെയാണ് ശേഖരിക്കുന്നത്.നിലവിൽ കരാറെടുത്ത ഡൽഹി കമ്പനിയുമായി ഒരു മാസം മുൻപു ചർച്ച നടത്തി തുടർ നടപടികൾക്ക് അംഗീകാരം നൽകിയതായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു. 8 ലക്ഷം രൂപയ്ക്കാണ് പുതിയ കരാർ നൽകിയത്. ഇൻസിനറേറ്ററിന്റെ ചിമ്മിനി ഉയരം കൂട്ടുന്നതടക്കമുള്ള പ്രവൃത്തിക്കു കൂടിയാണു കരാർ.
മെഡിക്കൽ കോളജ് ആശുപത്രി, സൂപ്പർ സ്‌പെഷ്യൽറ്റി, ടെർഷ്യറി കാൻസർ സെന്റർ, പിഎംഎസ്എസ്‌വൈ ബ്ലോക്ക് എന്നിവിടങ്ങളിൽ നിന്നായി 3 ടൺ അജൈവമാലിന്യമാണ് കത്തിക്കാൻ ഇൻസിനറേറ്ററിലേക്ക് ദിവസവും എത്തുന്നത്. 2020 ൽ ഗ്രൗണ്ടിനടുത്ത് സ്ഥാപിച്ച ഇൻസിനറേറ്ററിന് മണിക്കൂറിൽ 150 കിലോഗ്രാം മാലിന്യം സംസ്‌കരിക്കാൻ ശേഷിയുണ്ട്.
ഇതിന് തൊട്ടടുത്താണ് മാലിന്യ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ പ്രവർത്തിക്കുന്നത്. ദിവസവും ആശുപത്രികളിൽ നിന്നെത്തുന്ന മാലിന്യം പോലും കത്തിച്ചുതീരാത്ത അവസ്ഥ തുടരുന്നതിനിടെയാണ് കേടായ ഇൻസിനറേറ്റർ നന്നാക്കാൻ വൈകുന്നത്. എന്നാൽ ആശുപത്രി സമുച്ചയങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്ന മാലിന്യത്തിന് കുറവൊന്നുമില്ല. മാലിന്യം കൂടിയതോടെ ഇൻസിനറേറ്ററിന് സമീപത്തേക്ക് എത്താൻ പോലും വിഷമമാണ്.
ഉള്ളിൽ തൊഴിലാളികൾക്ക് മാലിന്യം വേർതിരിക്കാൻ നിന്നു തിരിയാൻ പോലും ഇടമില്ല.ആശുപത്രിയിലെ മാലിന്യത്തിന്റെ അളവ് അനുസരിച്ച് മറ്റൊരു ഇൻസിനറേറ്റർ കൂടി ആവശ്യമാണ്. ഇതിന് യൂണിയൻ ബാങ്കിന്റെ ഒരു കോടി രൂപ സിഎസ്ആർ ഫണ്ടും മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ എച്ച്ഡിഎസ് 1.04 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്ത്കുമാർ അറിയിച്ചു.