സപ്ലൈകോ മരുന്നുവിൽപനയിൽ വൻ കുറവ്; മേഖലാ മെഡിസിൻ ഡിപ്പോ അടച്ചുപൂട്ടലിന്റെ വക്കിൽ
Mail This Article
വടകര ∙ കാസർകോട് മുതൽ വയനാട് വരെയുള്ള 4 ജില്ലകളിലെ സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്ന് വിതരണം ചെയ്യുന്ന സപ്ലൈകോയുടെ മേഖലാ മെഡിസിൻ ഡിപ്പോ വിൽപന കുറഞ്ഞ് ഏതു നിമിഷവും അടച്ചു പൂട്ടിയേക്കാവുന്ന നിലയിൽ. മാസം ഒന്നേ മുക്കാൽ കോടി രൂപയുടെ മരുന്ന് വിതരണം ചെയ്തിരുന്ന ഡിപ്പോയിൽ അവസാനം നടന്നത് 22 ലക്ഷം രൂപയുടെ വിൽപന. അവശേഷിക്കുന്ന മരുന്നുകൾ കൂടി കഴിഞ്ഞാൽ ഡിപ്പോ ഉണ്ടാകാൻ സാധ്യതയില്ല.
ഡിപ്പോയ്ക്ക് നാഥനില്ലാത്ത അവസ്ഥയായതു കൊണ്ടാണ് അടച്ചു പൂട്ടലിലേക്ക് നീങ്ങുന്നത്. ഡിപ്പോ മാനേജർ തസ്തിക ഇല്ലാത്തതു കൊണ്ട് സീനിയർ ജീവനക്കാർക്ക് ചുമതല നൽകുകയായിരുന്നു. ഈ ചുമതല വഹിച്ചിരുന്ന ആൾ സസ്പെൻഷനിലായി. പകരം വരേണ്ട ആൾ ദീർഘകാല അവധിയിലും പോയതോടെ ചുമതല ആർക്കും ഇല്ലാത്ത സ്ഥിതിയാണ്.
സ്ഥിരം ജീവനക്കാരായി ക്ലാർക്കും ഒരു ഫാർമസിസ്റ്റുമാണ് ഇവിടെയുള്ളത്. നേരത്തേ കരാർ അടിസ്ഥാനത്തിൽ 3 ഫാർമസിസ്റ്റുകൾ ഉണ്ടായിരുന്നു. വിൽപന കുറഞ്ഞതോടെ ഒരാളെ പിരിച്ചു വിട്ടു. വരുമാനം കുത്തനെ ഇടിഞ്ഞതോടെ ബാക്കി 2 പേരുടെ നിലനിൽപും ആശങ്കയിലാണ്. മെഡിക്കൽ കമ്പനികൾക്ക് പണം നൽകുന്നതിൽ വരുന്ന അപാകത മൂലം പലരും ഇവിടേക്ക് മരുന്ന് വിതരണം ചെയ്യുന്നില്ല. ബിൽ വാങ്ങാനും മറ്റും കൊച്ചിയിലെ ഹെഡ് ഓഫിസിൽ പോകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ട്.
ചുമതല വഹിക്കാൻ ആളില്ലാത്തതു കൊണ്ട് മരുന്ന് ഓർഡർ ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അവതാളത്തിലാണ്. പിഎച്ച്സികൾ ഉൾപ്പെടെ 200 സർക്കാർ സ്ഥാപനങ്ങളിലേക്ക് മരുന്ന് നൽകിയിരുന്ന സ്ഥാപനമാണിത്. ഡയാലിസിസ്, കാൻസർ പോലുള്ള രോഗത്തിനുള്ള മരുന്നും ഇൻസുലിനും മറ്റും ഇതു വഴിയായിരുന്നു അയച്ചു കൊണ്ടിരുന്നത്.