ഭൂമിയുടെ നികുതി സ്വീകരിക്കുന്നില്ലെന്ന് പരാതി
Mail This Article
ചക്കിട്ടപാറ ∙ പട്ടയം ഉൾപ്പെടെ റവന്യു രേഖകളുള്ള മുതുകാട്ടിലെ ആറര സെന്റ് കൈവശ ഭൂമിയുടെ നികുതി ചക്കിട്ടപാറ വില്ലേജ് അധികൃതർ നിഷേധിക്കുന്നതായി പരാതി. 2010ൽ റവന്യു വകുപ്പ് പട്ടയം അനുവദിച്ച ഭൂമിയാണിത്. 2019വരെ നികുതി അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു സമീപമുള്ള എല്ലാ ഭൂമിയുടെയും നികുതി വില്ലേജിൽ സ്വീകരിക്കുന്നുണ്ട്. മുതുകാട് കാക്കത്തുരുത്തേൽ കെ.സി.സണ്ണിയുടെ ഭൂനികുതി നിഷേധിക്കുന്നതിനു വില്ലേജ് അധികൃതർ കാരണവും വ്യക്തമാക്കുന്നില്ല. 50 വർഷം മുൻപ് കൈവശത്തിലുള്ള ഭൂമിയുടെ നികുതി 2019നു ശേഷം വില്ലേജിൽ സ്വീകരിക്കുന്നില്ല.
2020ൽ തണ്ടപ്പേർ നമ്പറിനു വേണ്ടി വില്ലേജ് ഓഫിസറെ സമീപിച്ചെങ്കിലും അനുവദിച്ചില്ല.2022ൽ മന്ത്രി, തഹസിൽദാർ എന്നിവർക്ക് പരാതി നൽകി 8 തവണ വില്ലേജ് ഓഫിസിൽ കയറിയിറങ്ങിയിട്ടും പ്രശ്ന പരിഹാരമായിട്ടില്ല. ഇപ്പോൾ കുന്നമംഗലത്ത് താമസിക്കുന്ന ഈ കർഷകൻ 60 കിലോമീറ്ററോളം സഞ്ചരിച്ചാണ് ചക്കിട്ടപാറ വില്ലേജ് ഓഫിസിൽ എത്തുന്നത്. 2024 ജൂലൈ 25ന് പെരുവണ്ണാമൂഴിയിലെ ചക്കിട്ടപാറ വില്ലേജിൽ നിന്നു 2 ഉദ്യോഗസ്ഥർ ഭൂമി സന്ദർശിച്ച് റിപ്പോർട്ട് വില്ലേജ് ഓഫിസർക്ക് കൈമാറിയതാണ്.
നികുതി സ്വീകരിക്കാമെന്ന് വില്ലേജ് ഓഫിസർ പറയുകയും ചെയ്തു. ഈ ഭൂമിയുടെ തണ്ടപ്പേർ നമ്പർ ശരിയാക്കിയിട്ടുണ്ടെന്നു വില്ലേജ് ഓഫിസർ അറിയിച്ചിരുന്നു. എന്നാൽ ഈ വില്ലേജ് ഓഫിസർ സെപ്റ്റംബർ 24ന് സ്ഥലം മാറിപ്പോയി. 25ന് കർഷകൻ സണ്ണി വില്ലേജിൽ എത്തിയപ്പോൾ പുതിയ വില്ലേജ് ഓഫിസർ വീണ്ടും ഈ ഭൂമി സന്ദർശിക്കണമെന്ന് പറഞ്ഞു. മുൻപ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് ഫയലിൽ ഇല്ലെന്നാണ് പുതിയ ഓഫിസറുടെ മറുപടി.