പരാതി നൽകിയ ദിവസവും എംടിയുടെ വീട്ടിൽ പാചകം തുടർന്ന് ശാന്ത; ലോക്കർ പൊളിക്കാതെ മോഷണം
Mail This Article
കോഴിക്കോട് ∙ സാഹിത്യകാരൻ എം.ടി.വാസുദേവൻ നായരുടെ നടക്കാവിലെ വീട്ടിൽ നിന്നു 15 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികളെ പിടികൂടി. വീട്ടു ജോലിക്കാരി കരുവിശ്ശേരി ശാന്തിരുത്തി വയലിൽ ശാന്ത (48), ബന്ധു വട്ടോളി കുറിഞ്ഞിപ്പൊയിലിൽ പ്രകാശൻ (44) എന്നിവരെയാണു ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ശാന്തയാണ് 4 വർഷത്തിനിടയിൽ പലപ്പോഴായി വീട്ടിൽ നിന്നു ആഭരണങ്ങൾ മോഷ്ടിച്ചത്. കഴിഞ്ഞ മാസം 22 മുതലാണു കൂടുതൽ ആഭരണം കവർന്നത്. മോഷ്ടിച്ച സ്വർണം നഗരത്തിലെ 3 കടകളിൽ പലപ്പോഴായി വിൽക്കാൻ സഹായിച്ചതിനാണു പ്രകാശൻ അറസ്റ്റിലായത്. ആഭരണം കണ്ടെത്തുന്നതിനായി പ്രതികളെ കോടതിയിൽ നിന്നു കസ്റ്റഡിയിൽ വാങ്ങാൻ ഇന്നു റിപ്പോർട്ട് നൽകും.
എംടിയുടെ കൊട്ടാരം റോഡിലെ സിതാര എന്ന വീട്ടിൽ മോഷണം നടന്നതായി 4നാണ് ഭാര്യ സരസ്വതി പരാതി നൽകിയത്. അലമാരയിൽ സൂക്ഷിച്ച 26 പവൻ സ്വർണാഭരണം, ഡയമണ്ട് പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങിയവയാണു നഷ്ടപ്പെട്ടതെന്നാണു പരാതി. സിറ്റി പൊലീസ് കമ്മിഷണർ ടി.നാരായണന്റെ നേതൃത്വത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ ടി.കെ.അഷ്റഫിന്റെ മേൽനോട്ടത്തിൽ നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷ്, ചെമ്മങ്ങാട് ഇൻസ്പെക്ടർ എസ്.കിരൺ എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണു 24 മണിക്കൂർ കൊണ്ടു പ്രതികൾ വലയിലായത്.
വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും വീടു പരിശോധിച്ചിരുന്നു. പൂട്ടു തകർക്കാത്തതും ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകാത്ത സാഹചര്യത്തിലും വീടുമായി ബന്ധമുള്ളവരാകാം മോഷ്ടാവെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. തുടർന്നു എംടിയുടെ വീടുമായി ബന്ധപ്പെട്ടു ചിലരെ ചോദ്യം ചെയ്തു. ജോലിക്കാരി ശാന്തയുടെ മൊഴിയിൽ സംശയം തോന്നി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണു മോഷണത്തിന്റെ ചുരുളഴിഞ്ഞത്.
5 വർഷം മുൻപ് ജോലിക്കെത്തിയ ശാന്ത പലപ്പോഴായാണ് ആഭരണം മോഷ്ടിച്ചത്. മോഷണ വസ്തു വിൽക്കാൻ സഹായിച്ച ബന്ധുവായ പ്രകാശനെക്കുറിച്ചും സൂചന നൽകി. ഇയാളെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോൾ നഗരത്തിലെ 3 ജ്വല്ലറിയിൽ പലതവണകളായി സ്വർണം വിറ്റ വിവരം പ്രകാശൻ സമ്മതിച്ചു. ഇന്നലെ ഞായറാഴ്ചയായതിനാൽ കട മുടക്കം കാരണം ആഭരണം കണ്ടെത്താൻ കഴിഞ്ഞില്ല. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സ്വർണക്കടയിൽ അടുത്ത ദിവസം പരിശോധന നടത്തുമെന്നു പൊലീസ് പറഞ്ഞു.
പരാതി നൽകിയ ദിവസവും എംടിയുടെ വീട്ടിൽ പാചകം തുടർന്ന് ശാന്ത
കോഴിക്കോട് ∙ എംടിയുടെ വീട്ടിൽ പാചകക്കാരിയായി എത്തി, പിന്നീടു വീട്ടുകാരിയുടെ സഹായിയായി. വീട്ടുകാരുടെ വിശ്വാസവും സ്വാതന്ത്യ്രവും പിടിച്ചുപറ്റിയാണു പ്രതി ശാന്ത 4 വർഷം കൊണ്ടു വിലപിടിപ്പുള്ള ആഭരണങ്ങൾ മോഷ്ടിച്ചത്. ആഭരണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറയുമ്പോഴും പരാതി നൽകിയ ദിവസവും പ്രതി വീട്ടിൽ പാചകത്തിലായിരുന്നു. പൂട്ടിയ ലോക്കറിൽ നിന്നു പൂട്ടു പൊളിക്കാതെ മോഷണം, വീടിന്റെ ഒരു വാതിലും പൊളിക്കാതെ, ജനലഴികൾ വളയ്ക്കാതെ മോഷണം... ഇതെല്ലാം അറിഞ്ഞതോടെ ആദ്യ ദിവസം തന്നെ കള്ളൻ കപ്പലിലാണെന്നു പൊലീസ് തിരിച്ചറിഞ്ഞു.
പൊലീസ് എംടിയുടെ വീട്ടിൽ എത്തിയവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. വീട്ടിൽ എത്തുന്നവരുടെ പട്ടിക ആദ്യം തയാറാക്കി. സഞ്ചാര രീതി, വീടിന്റെ പരിസരം, നിലവിലെ ജീവിതരീതി എന്നിവ നിരീക്ഷിച്ചു. സംശയമുള്ളവരെക്കുറിച്ച് ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയാണ് ഇവരെ നിരീക്ഷിച്ചത്. ഇവരെക്കുറിച്ചു പൊലീസ് ഇന്റലിജൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ പ്രതി അടുത്തിടെ സർക്കാർ പദ്ധതിയിൽ വീടുവച്ചതായി സൂചന ലഭിച്ചു. ഈ പണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണു സുഹൃത്തു പ്രകാശന്റെ വിവരം പൊലീസിനു ലഭിക്കുന്നത്. പ്രകാശിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇരുവരും കമ്മത്ത് ലെയ്‌നിലെ ജ്വല്ലറിയിൽ ഒട്ടേറെ തവണകളായി മോഷ്ടിച്ച സ്വർണം വിറ്റതായി പൊലീസിനോടു സമ്മതിച്ചു. തുടർന്നു ശാന്തയെ കസ്റ്റഡിയിലെടുത്തു.
വസ്ത്രങ്ങൾ മടക്കി അലമാരയിൽ വയ്ക്കുന്നതിനിടയിലാണു ലോക്കറിനെക്കുറിച്ചു ശാന്തയ്ക്കു വിവരം ലഭിച്ചത്. പിന്നീട്, ലോക്കറിന്റെ ഒരു താക്കോൽ കൈവശപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 4 വർഷം മുൻപാണ് ആദ്യം ലോക്കർ തുറന്നത്. അന്നു ചെറിയ മോതിരം മോഷ്ടിച്ചു. പിന്നീട്, പല തവണകളായി ആഭരണങ്ങൾ എടുത്തു. അകന്ന ബന്ധുവും സുഹൃത്തുമായ പ്രകാശന്റെ പിന്തുണയോടെ മോഷണം പതിവാക്കി. കഴിഞ്ഞ 22നു വീട്ടുകാർ ലോക്കറിൽ ആഭരണം പരിശോധിച്ചപ്പോൾ ചിലതു കാണാത്തതിൽ സംശയം തോന്നി. അതിനു ശേഷവും ശാന്ത ലോക്കർ തുറന്നു വിലപിടിപ്പുള്ള ആഭരണം മോഷ്ടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
അന്വേഷണ സംഘത്തിൽ നടക്കാവ് എസ്ഐ ബിനു മോഹൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ഷിജിത്ത്, സി.ഹരീഷ് കുമാർ, എം.വി.ശ്രീകാന്ത്, അജീഷ് പിലാശ്ശേരി, വി.കെ.ജിത്തു, കെ.പ്രശാന്ത് കുമാർ, എം.രാകേഷ്, സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ.സുജിത് എന്നിവരും ഉണ്ടായിരുന്നു.