366 ഗ്രാം ‘മലാന ക്രീ’മുമായി യുവാവ് പിടിയിൽ; വിപണിയിൽ രണ്ട് ലക്ഷം രൂപ വില
Mail This Article
കോഴിക്കോട്∙ മാരക ലഹരിമരുന്നായ ചരസുമായി (ഹാഷിഷ്) യുവാവ് പിടിയിൽ. ഫറോക്ക് കോളജ് കുന്നുമ്മൽ സ്വദേശി ഷാഹുൽ ഹമീദ് (30) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 366 ഗ്രാം ചരസ് പിടികൂടി. നാർകോട്ടിക് സെൽ അസി. പൊലീസ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്‌ക്വാഡും എസ്ഐ കെ.മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോഴിക്കോട് ബീച്ചിൽ നിന്നാണ് പ്രതി പിടിയിലായത്. പിടികൂടിയ ചരസിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വരും. വിൽപനയ്ക്കായി ട്രെയിൻ മാർഗം ഹിമാചൽ പ്രദേശിൽ നിന്നാണ് ചരസ് കൊണ്ടുവന്നത്. പ്രതി ലഹരി ഉപയോഗിക്കുന്നയാളാണെന്നും ലഹരി ഉപയോഗിച്ചതിന് ഫറോക്ക് സ്റ്റേഷനിൽ കേസുണ്ടെന്നും പൊലീസ് അറിയിച്ചു. ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി, ആർഭാടജീവിതം നയിച്ച് പണം സംമ്പാദിക്കാനാണ് ലഹരിമരുന്ന് കച്ചവടത്തിനിറങ്ങിയത്.
∙ മലാന ക്രീം ഉണ്ടോ? ഇപ്പോൾ ചെറുപ്പക്കാരുടെ ചോദ്യം
കേൾക്കുമ്പോൾ ഏതെങ്കിലും ഫെയ്സ് ക്രീം ആണെന്ന് വിചാരിക്കുമെങ്കിലും ഇത് മണാലി ഭാഗത്ത് കിട്ടുന്ന വില കൂടിയ ചരസാണ്. യുവാക്കൾ ഒത്തുകൂടുന്ന ബർത്ത് ഡെ, ഗെറ്റ്ടുഗെദർ പരിപാടികളിൽ മലാന ക്രീം എന്നറിയപ്പെടുന്ന മണാലി ഭാഗത്തെ ചരസിന് ആവശ്യക്കാർ ഏറി. ഇവരെ കേന്ദ്രീകരിച്ചുള്ള വിൽപനയ്ക്കാണ് പ്രതി ചരസ് കൊണ്ടുവന്നത്. ആരിൽ നിന്നാണ് ചരസ് വാങ്ങിയതെന്നും ഇവിടെ ആർക്കാണ് വിതരണം ചെയ്യുന്നതെന്നും ഷാഹുലിനെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം ഊർജിതമാക്കുമെന്ന് ടൗൺ പൊലീസ് പറഞ്ഞു. ഡാൻസാഫ് എസ്ഐ മനോജ് എടയേടത്ത്, എസ്ഐ കെ.അബ്ദുറഹ്മാൻ, കെ.അഖിലേഷ്, എം.കെ.ലതീഷ്, പി.കെ.സരുൺകുമാർ, എൻ.കെ.ശ്രീശാന്ത്, എം.ഷിനോജ്, ഇ.വി.അതുൽ, പി.കെ.ദിനീഷ്, മുഹമ്മദ് മഷ്ഹൂർ, ടൗൺ സ്റ്റേഷനിലെ എസ്ഐ സബീർ, എഎസ്ഐ ഗിരീഷ്, ബിനിൽ കുമാർ, അനൂപ്, വിപിൻ, ജിതിൻ എന്നിവരാണ് അന്വേഷണ ഉണ്ടായിരുന്നത്.