ജീവനെടുക്കും കുഴികൾ ഇനിയുമേറെ
Mail This Article
കോഴിക്കോട്∙ ജലജീവൻ പദ്ധതികൾക്ക് പൈപ്പിടാൻ എടുത്ത കുഴിയാണ് ഇന്നലെ പെരുവയലിൽ യുവാവിന്റെ മരണത്തിനു കാരണമായത്. കരാറുകാർക്ക് സർക്കാർ പണം നൽകാത്തതിനാലാണ് ഈ റോഡുകൾ പൂർവസ്ഥിതിയിലേക്കു മാറ്റാത്തത്. പൈപ്പിട്ട ശേഷം ചിലയിടത്ത് കുഴികൾ മൂടാതെ കിടക്കുന്നു. മറ്റിടങ്ങളിൽ മൂടിയ കുഴികൾ റോഡിൽ ഗതാഗതതടസ്സം സൃഷ്ടിക്കുന്ന വിധത്തിലാണ്. മൂടിയെങ്കിലും സുഗമമായ ഗതാഗതം അസാധ്യമാക്കുന്ന റോഡുകൾ അപകടഭീതി സൃഷ്ടിക്കും വിധത്തിലാണ് കിടക്കുന്നത്. അധികൃതർ ഇനിയെങ്കിലും കണ്ണു തുറക്കണമെന്ന് ആവശ്യപ്പെടുന്ന ജലജീവൻ അപകടക്കെണികളിലൂടെ ഒരു യാത്ര;
പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളും അപകടഭീഷണി
കല്ലാച്ചി റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികൾ ഏറെയുണ്ട്. വടകര റോഡിൽ കക്കംവെള്ളി ഭാഗത്തും തലശ്ശേരി റോഡിൽ ചേറ്റുവെട്ടി ഭാഗത്തും പൈപ്പുകൾ പൊട്ടി രൂപപ്പെട്ട കുഴികൾ യാത്രക്കാരുടെ നടുവൊടിക്കുന്നു. പൈപ്പ് റോഡിൽ ലീഗ് ഹോബ്സ് പരിസരത്തെ കുഴിയിൽ വീണു എസ്ടിയു നേതാവ് തുണ്ടിയിൽ യുസുഫിന്റെ കാലൊടിഞ്ഞിരുന്നു. ഈ കുഴി മൂടിയെങ്കിലും ഈ റോഡിൽ ഇനിയുമുണ്ട് കുഴികൾ.
കുടിശിക കിട്ടാനുള്ളത് കോടികൾ; പണിനിർത്തി കരാറുകാർ
കോഴിക്കോട്∙ കരാറുകാർക്കു കൊടുക്കേണ്ട പണം 2 വർഷമായി കുടിശികയായി തുടരുന്ന സാഹചര്യത്തിൽ കേരളത്തിൽ ജല ജീവൻ പദ്ധതി സ്തംഭിച്ച അവസ്ഥയിലാണ്. കുടിശിക ലഭിക്കാതെ തുടർന്നു പണിയെടുക്കേണ്ടെന്നു കരാറുകാർ നിലപാട് എടുത്തതോടെയാണ് പൈപ്പുകൾ സ്ഥാപിച്ച കുഴികൾ മൂടി റോഡുകൾ പഴയ സ്ഥിതിയിലാകാതെ കിടക്കുന്നത്. 4500 കോടി രൂപയാണ് സംസ്ഥാന വ്യാപകമായി കരാറുകാർക്ക് ജലജീവൻ പദ്ധതിയിൽ കിട്ടാനുള്ളത്. ജില്ലയിൽ മാത്രം ഇതു 500 കോടി രൂപയോളം വരുമെന്നു കരാറുകാർ പറയുന്നു. ഇന്നലെ പെരുവയലിൽ യുവാവിന്റെ മരണത്തിനിടയാക്കിയ കുഴി ഇത്തരത്തിലുള്ളതാണ്. ജില്ലയിൽ ജലജീവൻ പദ്ധതി നടപ്പാക്കിവരുന്ന പഞ്ചായത്തുകളിലെല്ലാം പദ്ധതി സ്തംഭനാവസ്ഥയിലാണ്.
പൂവത്തുംചോല റോഡിൽ അപകടക്കുഴി
കൂരാച്ചുണ്ട് പഞ്ചായത്തിലെ പൂവത്തുംചോല-ഒടിക്കുഴി റോഡിൽ പൂവത്തുംചോല അങ്ങാടിക്കു സമീപത്ത് റോഡിലെ കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയാണ്. ജലജീവൻ പൈപ്പ് സ്ഥാപിക്കാൻ നിർമിച്ച കുഴിയാണ് മണ്ണൊലിച്ചു പോയി ഇപ്പോൾ വൻ ഗർത്തമായി മാറിയത്. മഴ പെയ്തതോടെ മാസങ്ങളായി പാതയിൽ ഗർത്തം രൂപപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. ഓവുചാൽ ഇല്ലാത്തതിനാൽ പാതയോരത്തെ വെള്ളം കുത്തിയൊഴുകിയാണ് റോഡ് നശിക്കുന്നത്. ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവായിട്ടുണ്ട്.
കണ്ണിൽ പൊടിയിടാൻ ക്വാറി വേസ്റ്റ്
കാരശ്ശേരി പഞ്ചായത്തിലെ ഓടത്തെരുവ് കൂടാംപൊയിൽ ശ്മശാനം റോഡ് ഇനിയും പഴയ അവസ്ഥയിൽ ആയില്ല. റോഡിൽ മുഴുവൻ കുഴികൾ തന്നെ. വലിയ കുഴികൾ ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തിയെങ്കിലു വീണ്ടും കുഴികൾ രൂപപ്പെട്ടു. ശ്മശാനത്തിലേക്കും പട്ടർചോല, കൂടാംപൊയിൽ തുടങ്ങിയ ഭാഗത്തേക്കുമുള്ള റോഡാണ്. സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്കോ തിരക്കോ അനുഭവപ്പെട്ടാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ബദൽ റോഡ് കൂടിയാണ് ശോച്യാവസ്ഥയിൽ കിടക്കുന്നത്.
മനുഷ്യജീവനെടുത്ത് ജലജീവൻ
മാവൂർ∙ ജലജീവൻ പദ്ധതിക്ക് പൈപ്‌ലൈൻ സ്ഥാപിക്കാനെടുത്ത കുഴി ശാസ്ത്രീയമായി മൂടാത്തതാണു പെരുവയൽ ചിറ്റാരിക്കുഴിയിൽ അഭിൻ കൃഷ്ണയുടെ(21) മരണത്തിനു കാരണമായത്. ഇന്നലെ രാവിലെ 9ന് ജോലി സ്ഥലത്തേക്കു പോകുന്നതിനിടെ മാവൂർ––കോഴിക്കോട് പ്രധാന റോഡിൽ ചെറൂപ്പ കുട്ടായി ബസാറിൽ വച്ചാണ് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് എതിരെ വന്ന ബൈക്കിന് അഭിൻ കൃഷ്ണയുടെ തല ഇടിച്ചത്.റോഡിലെ കുഴിയിൽ ചാടുന്നത് ഒഴിവാക്കാൻ മുൻപിലെ ഓട്ടോറിക്ഷ വേഗം കുറച്ചിരുന്നു. ഇതു കണ്ടയുടനെ സ്കൂട്ടറിന്റെ ബ്രേക്കിട്ടതാണ് വാഹനം നിയന്ത്രണം വിട്ടു മറിയാനിടയാക്കിയത്. കുഴി ശരിയായ രീതിയിൽ മൂടാതെയാണു ടാറിങ് നടത്തിയത്. മഴ പെയ്തതോടെ കുഴിയിലെ മണ്ണ് താഴ്ന്നുപോയി ഇവിടെ വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്.
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന കുഴിയുടെ ആഴമറിയാതെ ഇതിൽ ചാടി ഇരുചക്രവാഹന യാത്രക്കാർ നിയന്ത്രണം വിട്ട് അപകടമുണ്ടാകുന്നത് പതിവാണെന്നു നാട്ടുകാർ പറഞ്ഞു.മാവൂർ, പെരുവയൽ, ചാത്തമംഗലം പഞ്ചായത്തുകളിൽ ജലജീവൻ പദ്ധതിക്ക് പൈപ്പിടുന്നതിനു വെട്ടിപ്പൊളിച്ച ഒട്ടുമിക്ക റോഡുകളുടെയും അവസ്ഥ ഇതാണ്. റോഡ് ശാസ്ത്രീയമായ രീതിയിൽ മണ്ണിട്ടു മണ്ണിട്ട് അമർത്തുന്നില്ല. മഴയിൽ മണ്ണ് ഒലിച്ചുപോയി വീണ്ടും റോഡിൽ വലിയ കിടങ്ങുകൾ രൂപപ്പെടുന്നുണ്ട്.മാവൂർ പൈപ്‌ലൈൻ റോഡ് വെട്ടിപ്പൊളിച്ചിട്ടതല്ലാതെ ഇതുവരെ മണ്ണിട്ടു നികത്തിയിട്ടില്ല.പനങ്ങോട്, പുത്തൻ കുളം ഭാഗങ്ങളിൽ റോഡിലൂടെയുള്ള കാൽനടയാത്ര പോലും ദുഷ്കരമാണ്. ഭാരം കയറ്റിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും റോഡിലെ കിടങ്ങുകളിൽ താഴ്ന്ന് അപകടം പതിവാണ്.വെട്ടിപ്പൊളിച്ച റോഡ് നികത്തുന്നതിനു മതിയായ ഫണ്ട് കിട്ടുന്നില്ലെന്നാണ് കരാറുകാർ പറയുന്നത്.