ADVERTISEMENT

നാദാപുരം ∙ കണ്ണൂർ വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിനു മുൻപു തുടങ്ങിയതാണ് എയർപോർട്ട് റോഡിനെക്കുറിച്ചുള്ള ചർച്ച. വിമാനത്താവളത്തിലേക്കുള്ള 5 പ്രധാന റോഡുകളിലൊന്നായി പരിഗണിക്കുന്ന കുറ്റ്യാടി –നാദാപുരം–പെരിങ്ങത്തൂർ–മട്ടന്നൂർ പാതയുടെ കോഴിക്കോട് ജില്ലയിലെ സർവേ നടപടികൾ പൂർത്തീകരിച്ചത് ഒഴിച്ചാൽ മറ്റൊരു നടപടിയുമില്ല.6 വരിപ്പാതയെന്നും 24 മീറ്റർ വീതിയെന്നുമൊക്കെ പ്രഖ്യാപിച്ച പാതയടക്കം യാത്രയ്ക്കു കൊള്ളാത്ത പരുവത്തിലാണ്. കുറ്റ്യാടിയിൽ നിന്നു തുടങ്ങി പെരിങ്ങത്തൂർ പാലം വരെയാണു കോഴിക്കോട് ജില്ലയിലെ എയർപോർട്ട് റോഡിന്റെ പരിധിയിൽ വരുന്നത്.ഈ റോഡ് കടന്നു പോകുന്ന കല്ലാച്ചി, നാദാപുരം ടൗണുകളെ ഒഴിവാക്കി ബൈപാസ് റോഡ് നിർമിക്കാനുള്ള തീരുമാനം ഏറെക്കുറെ അംഗീകരിച്ചതാണെങ്കിലും ഇതിനിടയിൽ, ബൈപാസ് കടന്നു പോകുന്ന പ്രദേശത്തുകാർ നടത്തിയ പ്രതിഷേധത്തോടെ എയർപോർട്ട് റോഡ് എവിടെയും എത്താതെയായി.

കല്ലാച്ചി ടൗണിനെ ഒഴിവാക്കിയുള്ള നിർദിഷ്ട എയർപോർട്ട് റോഡ് കടന്നു പോകുന്ന ടിപ്പുസുൽത്താൻ റോഡ് കവല
കല്ലാച്ചി ടൗണിനെ ഒഴിവാക്കിയുള്ള നിർദിഷ്ട എയർപോർട്ട് റോഡ് കടന്നു പോകുന്ന ടിപ്പുസുൽത്താൻ റോഡ് കവല

പയന്തോങ്ങിൽ നിന്നു തുടങ്ങി കുറ്റിപ്രം വഴി കല്ലാച്ചി ടിപ്പുസുൽത്താൻ റോഡിനോടു ചേർന്നായിരുന്നു ബൈപാസ് നിർമിക്കാൻ ധാരണയായത്.വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾ പൊളിക്കേണ്ടി വരുമെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു എതിർക്കുന്നവരുടെ നിലപാട്. നാദാപുരത്തും കല്ലാച്ചിയിലുമുള്ള ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റി റോഡ് വികസനം യാഥാർഥ്യമാക്കുന്നതിനു കടമ്പകളേറെയാണെന്നിരിക്കെ, ബൈപാസ് നിർമാണം തന്നെയായിരുന്നു അധികൃതർ കണ്ട പരിഹാര മാർഗം.കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിൽ കുടി കടന്നുപോകുന്ന എയർപോർ‌ട്ട് റോഡിന്റെ പുരോഗതിയെക്കുറിച്ചു ഇവിടങ്ങളിലെ ജനപ്രതിനിധികൾക്കു പോലും ധാരണയില്ലാത്ത സ്ഥിതിയാണ്.സർവേ നടത്തി കണ്ടെത്തിയ ഭാഗങ്ങൾ പ്രദർശിപ്പിച്ചതൊഴിച്ചാൽ മറ്റു നടപടികളൊന്നും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

നാദാപുരം ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിവിധ റോഡുകൾ സംഗമിക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക്.
നാദാപുരം ടൗണിൽ ബസ് സ്റ്റാൻഡ് പരിസരത്ത് വിവിധ റോഡുകൾ സംഗമിക്കുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക്.

കണ്ണൂർ വിമാനത്താവളം സജ്ജമായതോടെ കുറ്റ്യാടി, പേരാമ്പ്ര, വയനാട് ചുരം ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ വാഹനങ്ങളാണ് കുറ്റ്യാടി, നാദാപുരം വഴി ദിവസേന വിമാനത്താവളത്തിലേക്കും തിരിച്ചും പോകുന്നത്.റോഡിന്റെ തകർ‌ച്ചയും വീതി കുറവുമെല്ലാം കാരണം മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് ഈ റൂട്ടിൽ പതിവാണ്.വടകര ഭാഗത്തു നിന്നു ബെംഗളൂരു, മൈസൂരു തുടങ്ങിയവിടങ്ങളിലേക്കുള്ള വാഹനങ്ങളും കടന്നു പോകുന്നത് ഈ റോഡ് വഴിയാണ്. വയനാട്ടിലേക്കും വടകര ഭാഗത്തു നിന്നു മറ്റൊരു മാർഗമില്ല.കിഫ്ബിയുടെ മേൽനോട്ടത്തിലാണ് എയർപോർട്ട് റോഡ് നിർമാണത്തിനു തീരുമാനിച്ചിരുന്നത്. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥതല യോഗങ്ങൾ പലയിടങ്ങളിൽ നടന്നു.മുൻ കലക്ടർ എസ്.സാംബശിവ റാവുവിനായിരുന്നു മേൽനോട്ട ചുമതല. ഈയിടെ അദ്ദേഹത്തെ മറ്റൊരു വകുപ്പിലേക്കു മാറ്റിയതോടെ എയർപോർട്ട് റോഡിനെക്കുറിച്ചുള്ള ചർച്ചകൾ പോലും ഇല്ലാതായി. പണം തടസ്സമാകില്ലെന്നും മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് എയർപോർട്ട് റോഡ് എന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും അതിനപ്പുറം ഒന്നും നടന്നില്ല. ഗതാഗത സൗകര്യം അഭിവൃദ്ധിപ്പെടുന്നതോടൊപ്പം നാടിന്റെ വികസന രംഗത്ത് വൻ കുതിച്ചു ‌ചാട്ടത്തിനു വഴിയൊരുക്കുമായിരുന്ന വിമാനത്താവള പാത പ്രഖ്യാപനത്തിലൊതുങ്ങുമോ എന്ന ആശങ്ക ജനപ്രതിനിധികൾക്ക് അടക്കമുണ്ട്.

English Summary:

The article delves into the ongoing challenges faced in the development of the Nadapuram-Kannur airport road, emphasizing the incomplete construction efforts and protests impacting the project's progress. It highlights traffic congestion issues, the role of KIFB, and the aspirations tied to improving transportation facilities in Kozhikode district.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com