ADVERTISEMENT

ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ അദ്ഭുത പ്രതിഭാസമായി മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം
മുക്കം ∙ ഇരുവഞ്ഞിപ്പുഴയുടെ മധ്യത്തിൽ അദ്ഭുത പ്രതിഭാസമായി നിലകൊള്ളുന്ന ക്ഷേത്രമാണ് തൃക്കുടമണ്ണ ശിവക്ഷേത്രം. അഗസ്ത്യമഹർഷിയുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ക്ഷേത്രത്തിനുള്ളത്.ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവവും പ്രസിദ്ധമാണ്. ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന ഉത്സവമാണ്.മതമൈത്രിയുടെയും സാഹോദര്യത്തിന്റെയും ഉത്സവമാണ് മുക്കം തൃക്കുടമണ്ണ ശിവക്ഷേത്രം ശിവരാത്രി.ക്ഷേത്രത്തിലെ നവാരാത്രി ആഘോഷത്തിനും തുടക്കമായി. ഇന്നലെ പൂജവയ്പ്  നടത്തി. ഇന്ന് ദുർഗ്ഗാഷ്ടമി.നാളെ മഹാനവമി. 13ന് വിജയദഷമി നാളിൽ എഴുത്തിനിരുത്തലും നടത്തുമെന്ന് ക്ഷേത്രം പ്രസിഡന്റ് രാജേഷൻ വെള്ളാരംകുന്നത്ത്, സെക്രട്ടറി കരുവാരംപൊയിൽ ചന്ദ്രൻ, ട്രഷറർ തരവൻകണ്ടി പ്രകാശൻ, എന്നിവർ പറഞ്ഞു. വാഹന പൂജയും പ്രത്യേത വഴിപാടുകളും പൂജയും നടത്തും.മേൽശാന്തി മാവിടം ഇല്ലത്ത് നാരായണൻ‌ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ക്ഷേത്രത്തിൽ കർക്കടക വാവു ബലിയും വിപുലമായി നടത്തി വരുന്നു.

തൃക്കുടമണ്ണ ശിവക്ഷേത്രം
തൃക്കുടമണ്ണ ശിവക്ഷേത്രം

കൂടരഞ്ഞി പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം
കൂടരഞ്ഞി ∙ കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷ പരിപാടികൾക്കു തുടക്കം ആയി. 13 വരെ വിശേഷാൽ പൂജകൾ, വിദ്യാരംഭം കുറിക്കൽ, വാഹന ആയുധ പൂജകൾ, അന്നദാനം, നിറമാലയും ചുറ്റുവിളക്കും, ഗുരുതി പുഷ്പാഞ്ജലി, സമൂഹ അർച്ചന എന്നീ പരിപാടികളോടെ നവരാത്രി ആഘോഷിക്കും.ക്ഷേത്ര തന്ത്രി മിഥുൻ നാരായണൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മേൽശാന്തി സുധീഷ് ശാന്തി എന്നിവർ വിശേഷാൽ പൂജകൾക്കു നേതൃത്വം നൽകും. വിശേഷാൽ പൂജകൾ ആയ സരസ്വതീപൂജ, സർവൈശ്വര്യ പൂജ, ഗണപതി ഹോമം, ഭഗവതി സേവ, ഗുരുതി പുഷ്പാഞ്ജലി, ദേവീപൂജ എന്നീ വിശേഷാൽ ചടങ്ങുകൾ നവരാത്രി ഉത്സവത്തോടനുബന്ധിച്ചു നടത്തും. വിശേഷാൽ പൂജകളോടൊപ്പം എല്ലാ ദിവസവും വൈകുന്നേരം നിറമാലയും ചുറ്റുവിളക്കും ഉണ്ടാകും.

മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം ഒരുങ്ങി
മുക്കം ∙ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ കൂറ്റൻ രഥം സ്വന്തമായുള്ള പ്രസിദ്ധമായ ക്ഷേത്രമാണ് മണാശ്ശേരി കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം. ക്ഷേത്രത്തിലെ രഥോത്സവം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ ശ്രദ്ധേയമാണ്. ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. ഇന്നലെ പൂജവയ്പ്പ് നടത്തി.ഇന്ന് ദുർഗ്ഗാഷ്ടമി പൂജയും നാളെ നവമി പൂജയും 13 ന് നവമി പൂജയും നടത്തും. എഴുത്തിനിരുത്തൽ, വാഹന പൂജ, ആയുധ പൂജ, ഉൾപ്പെടെ വിപുലമായി നടക്കും. ആദ്യാക്ഷരം കുറിക്കാനെത്തുന്നവർക്കെല്ലാം അക്ഷരം പുസ്തകങ്ങളും സ്‌ലേറ്റ്, പെൻസിൽ എന്നിവയും വിതരണം ചെയ്യും. ഭക്തർക്ക് പ്രഭാത ഭക്ഷണവും നൽകും. ഒഴുകിൽ തട്ടയൂർ ഇല്ലത്ത് മനോഹരൻ നമ്പൂതിരി, മധു നമ്പൂതിരി, കാരന്തൂർ രാമചന്ദ്രൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് പി.ചന്ദ്രമോഹനൻ, വർക്കിങ് പ്രസിഡന്റ് എം.പി.രവീന്ദ്രനാഥ്, സെക്രട്ടറി രാമൻ ഇരട്ടങ്ങൽ എന്നിവർ പറഞ്ഞു.

ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥസാരഥി ക്ഷേത്രമൊരുങ്ങി
കാരശ്ശേരി ∙ പഞ്ചായത്തിലെ ആനയാംകുന്ന് ശ്രീകൃഷ്ണ പാർഥ സാരഥി ക്ഷേത്രത്തിലും നവരാത്രി വിപുലമായി ആഘോഷിക്കും. ഈ മാസം 3ന് ആരംഭിച്ചു. നവരാത്രി ദിവസങ്ങളിൽ എല്ലാ ദിവസവും വൈകുന്നേരം ലളിത സഹസ്ര നാമ പാരായണം ഉണ്ടായിരിക്കും. ഇന്നലെ പൂജവയ്പ് നടത്തി. ഇന്നും നാളെയും അടച്ചു പൂജ. 13ന് വിദ്യാരംഭം, വാഹന പൂജ, നടതുറക്കൽ, എന്നിവയും നടക്കും.വിഷ്ണു നമ്പൂതിരി കൊല്ലേറ്റ, ഇളമന കൃഷ്ണൻ നമ്പൂതിരി, എന്നിവർ നേതൃത്വം നൽകും. അജയചന്ദ്രൻ ഇന്ദീവരം വിദ്യാരംഭത്തിന് നേതൃത്വം നൽകും.  

കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാമജപ ഘോഷയാത്ര.
കൂടരഞ്ഞി ശ്രീ പോർക്കലി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ നാമജപ ഘോഷയാത്ര.

മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ പൂജവച്ചു
മണാശ്ശേരി ∙ മേച്ചേരി ശിവക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് പൂജവയ്പ്പോടെ തുടക്കമാവും.ഇന്നു മുതൽ 13 വരെ ക്ഷേത്രം സ്റ്റേജിൽ കലാപരിപാടികൾ അരങ്ങേറും. നൃത്ത സംഗീതോത്സവത്തിന് ഒരു ചിരി ഇരു ചിരി താരം അമേയ തുമ്പി ഉദ്ഘാടനം ചെയ്യും.പ്രാദേശിക കലാകാരൻമാരുടെ കലാ പരിപാടികളും നടക്കും. കരോക്കെ ഭക്തി ഗാനമേളയും അരങ്ങേറും. 13 ന് വിദ്യാരംഭം, വാഹന പൂജ എന്നിവയും നടത്തും. മേച്ചേരി നാട്യ കലാലയം അവതരിപ്പിക്കുന്ന കലാപരിപാടികളും ഉണ്ടായിരിക്കും.‌എഴുത്തിനിരുത്തലിന് മുതുവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി നേതൃത്വം നൽകുന്നു ക്ഷേത്രം പ്രസിഡന്റ് കെ.വി.ഹരി, സെക്രട്ടറി രാജൻ പാലക്കുന്നത്ത് എന്നിവർ അറിയിച്ചു.  

നന്മയുടെ വിജയാഘോഷമായി ബൊമ്മക്കൊലു
ആസുരശക്തികൾക്കു മേൽ ദേവീഭാവങ്ങളുടെ വിജയം ആഘോഷിക്കുന്ന ദേവരൂപങ്ങളുടെ വിന്യാസമാണു നവരാത്രികാലത്തെ ബൊമ്മക്കൊലു അലങ്കാരങ്ങൾ. തമിഴ് ബ്രാഹ്മണരും കൊങ്ങിണി–തുളു ബ്രാഹ്മണരും ഉത്തരേന്ത്യൻ സമൂഹങ്ങളുമെല്ലാം നവരാത്രിചൈതന്യത്തിന്റെ നിറക്കാഴ്ചയായി ഭവനങ്ങളിൽ ബൊമ്മക്കൊലുകൾ ഒരുക്കുന്നു. രക്‌തചന്ദനത്തിൽ ഒരുക്കിയെടുത്ത ‘മരപ്പാച്ചി’യും ‘പൂർണകുംഭവു’മാണു കൊലുവിന്റെ മുഖ്യ ആകർഷണം. മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, 11 എന്നീ ഒറ്റസംഖ്യയിൽ തട്ടുകളായി പടികൾ ഒരുക്കി നിരത്തിവയ്ക്കുന്ന ബൊമ്മക്കൊലുകൾ അനുഷ്ഠാനത്തിനപ്പുറം വിശ്വാസധന്യതയുടെ കൂടി സൂചകങ്ങളാണ്.കൊലു ഒരുക്കലിനു കൃത്യമായ വ്യവസ്ഥകളുണ്ട്. ദേവീസൃഷ്ടിയിലെ ആറ് അറിവുകൾ ആറാം പടിവരെ. പുല്ലു മുതൽ മനുഷ്യൻ വരെ ആറു പടികളിൽ. ഏഴാം പടിയിൽ മഹാത്മാക്കൾ, ജ്‌ഞാനികൾ.  എട്ടാം പടിയിൽ ദൈവ വിഗ്രഹങ്ങളായ ബൊമ്മകൾ, ഒൻപതാം പടിയിൽ ദേവിയുടെ ബൊമ്മവിഗ്രഹവും പൂർണകുംഭവും ഒരുക്കും. നവരാത്രിയുടെ നാലാം ദിവസം ദേവീഭാവം കൂശ്മാണ്ഡയാണ്. സൂര്യമണ്ഡലത്തിലാണു ദേവി കൂശ്മാണ്ഡയുടെ വാസം. ശരീരകാന്തിയും പ്രഭയും സൂര്യനു തുല്യം. എട്ടു കൈകളുള്ള ദേവിക്ക് അഷ്ടഭൂജയെന്നും പേർ. കുമ്പളങ്ങ ബലിയാണ് ഈ ഭാവത്തിൽ ദേവിക്ക് ഏറെ പ്രിയം.

സമസ്ത കലകളെയും ഉൾക്കൊള്ളുന്ന താമരശ്ശേരി കോട്ടയിൽ ക്ഷേത്രം
താമരശ്ശേരി ∙ ആട്ടക്കഥാകാരനായ കോട്ടയത്തു തമ്പുരാൻ, ‘കേരള സിംഹം’ എന്നറിയപ്പെടുന്ന കേരളവർമ പഴശ്ശിരാജയും ഉൾപ്പെട്ട കോട്ടയം രാജവംശത്തിന്റെ ഊരാണ്മയിലുള്ള മഹാക്ഷേത്രമായ താമരശ്ശേരി കോട്ടയിൽ ലക്ഷ്മി നരസിംഹമൂർത്തി -ഭഗവതി ക്ഷേത്രത്തിൽ ഈ വർഷവും നവരാത്രി മഹോത്സവം അവിസ്മരണീയമാക്കുന്നു. കോട്ടയം രാജവംശത്തിന്റെ കുലദേവതയായ ശ്രീ പോർക്കലി ഭഗവതിയും ശ്രീലക്ഷ്മി നരസിംഹ മൂർത്തിയും ഇവിടെ തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്നു. കോട്ടയത്തു തമ്പുരാന്റെ ‘മാതംഗന എന്നു തുടങ്ങുന്ന കഥകളി വന്ദന ശ്ലോകത്തിലെ ‘മൃദംഗശൈല നിലയാം ശ്രീപോർക്കലീ മിഷ്ടദാ.....’ എന്ന പ്രയോഗം ശ്രീപോർക്കലി ഭഗവതി സമസ്ത കലകളെയും ഉൾക്കൊള്ളുന്നു എന്ന സങ്കൽപത്തിനു ബലം നൽകുന്നു. അതുകൊണ്ടു തന്നെ ദേവിയെ ആരാധിക്കുന്നതിന്റെ പ്രസക്തിയും വർധിക്കുന്നു.

മേച്ചേരി ശിവക്ഷേത്രം
മേച്ചേരി ശിവക്ഷേത്രം

ഈ നവരാത്രി കാലത്ത് പതിവു പോലെ ഒന്നാം ദിവസം മുതൽ വിജയദശമി വരെ എല്ലാ ദിവസവും സരസ്വതീ പൂജ, ഇന്നലെ പൂജവയ്പ് ഇന്നും നാളെയും അടച്ചുപൂജ. 13നു വിജയദശമി ദിവസം പൂജയെടുപ്പ് എന്ന പ്രകാരത്തിലാണു നവരാത്രി ആഘോഷം നടക്കുന്നത്.നാളെ മഹാനവമി ദിനത്തിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ താമരശ്ശേരി ത്യാഗരാജ സംഗീത സഭയും സംഗീത ഗുരു കുലവും സംയുക്തമായി ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നാദാർച്ചന, വൈകിട്ട് 4 മണിക്ക് ദിലീപ് സുരേഷിന്റെ സംഗീതക്കച്ചേരി. തുടർന്ന് ആര്യൻ സുരേഷിന്റെ നേതൃത്വത്തിൽ ഭക്തിഗാനസുധ എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ 13 വിജയദശമി ദിവസം രാവിലെ പൂജയെടുപ്പ്, 8 മണിക്ക് വിദ്യാരംഭം തുടർന്നു കുട്ടികളെ എഴുത്തിനിരുത്ത്. സമൂഹ വിദ്യാരംഭം, എഴുത്തിനിരുത്ത് എന്നിവയ്ക്ക് ക്ഷേത്രം മേൽശാന്തി കരുവാറ്റ ബാബു നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. അന്നു രാവിലെ 6 മണി മുതൽ വാഹന പൂജയും നടക്കും

English Summary:

The Thrikudamanna Shiva Temple, located in the middle of Iruvanjipuzha, is renowned for its rich legends and vibrant festivals, especially during Shivaratri and Navratri. Temples across Kerala, including Koodaranji Sri Porkali Bhagavathy and the Manasseri Kunnath Trikovil, buzz with spiritual activities. This article delves into the festivities, rituals, and cultural significance, from the grand chariot festival to ancient customs like Bommakolu and Vijayadashami writing ceremonies.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com