ADVERTISEMENT

താമരശ്ശേരി ∙ നവമി ദിനത്തിൽ ചുരം റോഡിൽ ഒരു പകൽ വാഹനങ്ങൾ കുടുങ്ങി. നവരാത്രി അവധിയെ തുടർന്നുള്ള വാഹനത്തിരക്കിനു പുറമേ അടിക്കടി വാഹനങ്ങൾ കേടായതും അപകടങ്ങളുമാണു കുരുക്കിനു കാരണം. നൂറുകണക്കിന് യാത്രക്കാരാണു ശനിയാഴ്ച ചുരത്തിൽ കുടുങ്ങിയത്. മലമുകളിൽ കോട മൂടി കാഴ്ച മറഞ്ഞതും വാഹനയാത്ര പ്രതിസന്ധിയിലാക്കി. ശനിയാഴ്ച രാവിലെ 6ന് 7ാം വളവിൽ ടാങ്കർ ലോറി കേടായതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

തൊട്ടടുത്ത് മറ്റൊരു ലോറി കൂടി കേടായതോടെ കുരുക്കു രൂക്ഷമായി. പിന്നീട് 11.15ന് ആറാം വളവിൽ ലോറി കേടായി ഒരു മണിക്കൂർ വീണ്ടും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ആറാം വളവിൽ 12.15നു കേടായ ലോറിക്ക് സമാന്തരമായി ചുരം ഇറങ്ങി വന്ന മറ്റൊരു ലോറി കൂടി കുടുങ്ങിയതോടെ ഏറെ നേരം ഇരുചക്ര വാഹനങ്ങൾക്കു പോലും കടന്നു പോകാൻ പറ്റാതായി. 8ാം വളവിൽ 2.30നു കർണാടക ആർടിസി ബസ് കുടുങ്ങി. 

ഈ സമയം അടിവാരം മുതൽ ലക്കിടി വരെ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ചുരം ഒന്നാം വളവ് കൂന്തളംതേര് ബസ് സ്റ്റോപ്പിന് സമീപം 2 കാറുകളും ഒരു ബൈക്കും കൂട്ടിയിടിച്ചാണ് അടുത്ത അപകടം. അപകടത്തിൽപെട്ടവർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടെങ്കിലും ചുരത്തിൽ അഴിയാകുരുക്കായി. നവരാത്രി അവധിക്കു വയനാട്ടിലേക്ക് സന്ദർശകരുടെ തിരക്കു കൂടിയായതോടെ ചുരം അക്ഷരാർഥത്തിൽ വീർപ്പു മുട്ടി. കുരുക്കിലും ട്രാഫിക് നിയമം പാലിക്കാതെ വരിതെറ്റിച്ചു ചിലർ പോകാൻ ശ്രമിച്ചതും പ്രശ്നങ്ങൾ സൃഷ്ടിച്ചു.പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഗതാഗത നിയന്ത്രണം ഏറ്റെടുത്ത് കുരുക്ക് അഴിക്കാൻ ഏറെ പണിപ്പെട്ടു.  ഇന്നലെയും ചുരത്തിൽ വലിയതോതിൽ വാഹന തിരക്ക് അനുഭവപ്പെട്ടു.

English Summary:

The scenic Wayanad Churam Road experienced severe traffic congestion on Navami, leaving travelers stranded for hours. Vehicle breakdowns, accidents, and increased tourist traffic due to the Navratri holidays contributed to the gridlock.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com