ADVERTISEMENT

കോഴിക്കോട്∙ സാധാരണക്കാരായ ജനങ്ങൾ പരിസ്ഥിതിക്കും ആവാസവ്യവസ്ഥയ്ക്കുംവേണ്ടി ശബ്ദമുയർത്തുമ്പോൾ അതിനു പിന്തുണ നൽകുകയാണ് തങ്ങളുടെ കടമയെന്ന് പരിസ്ഥിതി പ്രവർത്തക മേധാപട്കർ. വയനാട് ദുരന്തം, പശ്ചിമഘട്ടത്തിലെ പ്രതിസന്ധികൾ, കെ റെയിൽ സമരത്തിലെ നിലപാട് തുടങ്ങിയവയിൽ മലയാള മനോരമയുമായി മനസ്സുതുറക്കുകയാണ് മേധ പട്കർ.

? വയനാട്ടിലെ ദുരന്തഭൂമിയിൽ കഴിഞ്ഞ ദിവസം സന്ദർശിച്ചല്ലോ. ചൂരൽമലയിലെ ജനങ്ങളുമായി സംസാരിച്ചപ്പോൾ തിരിച്ചറിഞ്ഞതെന്താണ്?
∙ ചൂരൽമലയിൽ ഹൃദയഭേദകമായ അനുഭവമാണ്. പശ്ചിമഘട്ടം ദുർ‍ബല മേഖലയാണ്. ഏറെ വർഷങ്ങളായി നടക്കുന്ന ഉരുൾപൊട്ടലുകളുടെ അനേകം റിപ്പോർട്ടുകൾ നമുക്ക് മുന്നിലുണ്ട്. ഇവയിൽ ഇത്തവണയുണ്ടായതാണ് അതിദാരുണമായത്. മറ്റു പലരുടെയും പ്രവൃത്തികളുടെ ദുരന്തം അഭിമുഖീകരിക്കേണ്ടിവരുന്നത് പലപ്പോഴും പ്രകൃതിയെ ഉപദ്രവിക്കാത്ത പാവം മനുഷ്യരാണ്. ദുരന്തത്തിന്റെ വ്യാപ്തി വളരെയധികമാണ്. നൂറിലധികം പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. 

ഇവിടെ മൊത്തം ആവാസവ്യവസ്ഥയാണ് തകിടം മറിഞ്ഞത്. ചൂരൽമലയിൽ എല്ലാംനഷ്ടപ്പെട്ട സ്ത്രീകളെയും കുട്ടികളെയും  ഞങ്ങൾ കണ്ടിരുന്നു. ജീവനോപാധി നഷ്ടപ്പെട്ടവർ. അവർക്ക് വീട്ടുവാടകയ്ക്കായി നൽകുന്ന 6000 രൂപ എന്തിനാണ് തികയുക? ഇതുവരെ പുനരധിവാസത്തിനുള്ള സമ്പൂർണ പദ്ധതി പ്രഖ്യാപിച്ചിട്ടില്ല.  ഇത്രമാസം പിന്നിട്ടിട്ടും കേന്ദ്രസർക്കാർ ഒരു സഹായവും നൽകിയിട്ടില്ല.  ഇലക്ടറൽ ബോണ്ട് പോലെ രാഷ്ട്രീയ– സാമ്പത്തിക ബോണ്ടാണ് എവിടെയും വിഷയം.

മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് എന്നത് ഒരു വ്യക്തിയുടെ നിർദേശങ്ങളല്ല. ഗ്രാമസഭകളടക്കമുള്ള വിവിധ സംവിധാനങ്ങളിലൂടെ മുന്നോട്ടുവന്ന നിർദേശങ്ങളാണ്. ഒരു പഠനറിപ്പോർട്ടും  ആരും ശ്രദ്ധിക്കാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. ദുരന്തങ്ങൾക്കുശേഷമുള്ള പഠന റിപ്പോർട്ടുകൾ പോലും ആരും ശ്രദ്ധിക്കുന്നില്ല. നവകേരളം പദ്ധതി പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. വയനാട്ടിലുണ്ടായ ദുരന്തം വെറുമൊരു മേഘവിസ്ഫോടനം കൊണ്ടുണ്ടായ ദുരന്തമല്ല.

? പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ഇത്ര കാലമായിട്ടും ഒരു സഹായവും കിട്ടിയില്ലെന്നാണ് ആരോപണം?
∙ വയനാട്ടിൽ ഉപതിരഞ്ഞെടുപ്പാണ് വരുന്നത്. മണിപ്പൂരിൽ ഇതുവരെ പോകാത്ത മോദിയാണ് രാഹുൽഗാന്ധിയുടെ വയനാട്ടിൽ വന്നത്. ഉത്തരവാദിത്തമേൽക്കേണ്ടിവരുന്ന ഒരു പദ്ധതിയും സർക്കാർ പ്രഖ്യാപിക്കുന്നില്ലെന്നാണ് തോന്നുന്നത്. സുസ്ഥിരവികസനത്തിന്റെ ഒരുത്തരവാദിത്തവും ഏറ്റെടുക്കാൻ സർക്കാർ തയാറല്ല. ലോക്സഭയിലും നിയമസഭയിലും നർമദാവാലി അടക്കമുള്ള പ്രശ്നങ്ങളിൽ വ്യാജപ്രതികരണങ്ങളാണ് നടത്തുന്നത്. ലഡാക്കിലും ഹിമാലയൻ‍ സംസ്ഥാനങ്ങളിലും തീരസംസ്ഥാനങ്ങളിലും ജനങ്ങൾ പോരാടുകയാണ്.  സുപ്രീംകോടതി വിധിയുണ്ടായിട്ടുപോലും പുനരധിവാസത്തിനു പണമോ സ്ഥലമോ ലഭിക്കാത്ത കർഷകരുണ്ട്. 

 ? വയനാട്ടിലേക്കുള്ള തുരങ്കപാതയും വിവാദത്തിലാണ്?
∙ ശാസ്ത്രീയമായ ഗവേഷണവും പഠനവും നടത്തി രൂപം കൊടുക്കുന്ന പദ്ധതികളാണ് വികസനത്തിനായി നടപ്പാക്കേണ്ടത്. വയനാട്ടിൽ നിർമിക്കുമെന്ന് പറയപ്പെടുന്ന തുരങ്കത്തിന്റെ കാര്യം നോക്കൂ. ഇതിലെ പ്രശ്നങ്ങൾ ഞങ്ങൾ ഒരു വേദിയിൽ പറഞ്ഞപ്പോൾ മൂന്നോ നാലോ യുവാക്കളാണ് വികസനം തടയുന്നതെന്തിനാണെന്നു ചോദിച്ച് ഒച്ചയുണ്ടാക്കി രംഗത്തുവന്നത്. ജനങ്ങൾക്കു മതപരമായ വ്യത്യാസമുണ്ടായിരിക്കാം, പക്ഷേ മാനസികപരമായ ഐക്യം വേണം. തുറന്ന സംവാദത്തിലൂടെ ആശയങ്ങളിൽ വ്യക്തതവരുത്തണം. 

ഇവിടെ തുരങ്കനിർമാണ പദ്ധതിക്ക് ഇതുവരെ പൂർണമായ ഒരു ഡിപിആർ ഇല്ല. പാരിസ്ഥിതിക അനുമതിയില്ല. രാഷ്ട്രീയ സമ്മർദമില്ലാതെ പാരിസ്ഥിതിക അനുമതി ലഭിക്കുകയുമില്ല. സാമൂഹ്യ–പാരിസ്ഥിതിക ആഘാത പഠനങ്ങളില്ലാതെ അനുമതി ലഭിക്കില്ലെന്ന് ഉറപ്പാണ്. ഉത്തരാഖണ്ഡിൽ തുരങ്കങ്ങൾ സൃഷ്ടിച്ച പ്രതിസന്ധി എന്താണെന്നു നമ്മൾ‍ കണ്ടതാണ്. 41 തൊഴിലാളികൾ തുരങ്കത്തിനകത്ത് കുടുങ്ങിയപ്പോൾ രാജ്യമൊന്നാകെ ചർച്ചയായി. കേദാർനാഥിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്ന് നമ്മളൊരിക്കലും ചിന്തിച്ചിട്ടേയില്ല.

ഒരു മണ്ണിടിച്ചിലിനോ മേഘവിസ്ഫോടനത്തെയോ ഉൾക്കൊള്ളാൻ ശേഷിയില്ലാത്ത ഇടത്താണ് തുരങ്കങ്ങൾ നിർമിക്കുന്നത്. വയനാട്ടിൽ 1980കളിൽ സജീവമായിരുന്ന വനനശീകരണം ഓർമയില്ലേ. വനനശീകരണത്തിന്റെ  ഫലങ്ങൾ ഉടനടിയല്ല അനുഭവിക്കുക. വർഷങ്ങൾക്കോ പതിറ്റാണ്ടുകൾക്കോ ശേഷമാണ് വരിക. മനുഷ്യകുലം തന്നെ തുടച്ചുനീക്കപ്പെടുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നുണ്ട്. 

? പരിസ്ഥിതിക്കുവേണ്ടി വാദിക്കുന്നവരെ വികസനവിരുദ്ധരെന്നാണല്ലോ വിശേഷിപ്പിക്കപ്പെടുന്നത്?
∙ ചോദ്യം ചെയ്യപ്പെടേണ്ട പദ്ധതികളെ ചോദ്യംചെയ്തേ പറ്റൂ. നമ്മളെ വികസനവിരുദ്ധരെന്നും ദേശവിരുദ്ധരെന്നുമൊക്കെ വിളിക്കപ്പെട്ടേക്കാം. അർബൻ നക്സലെന്നു വിളിക്കപ്പെട്ടേക്കാം. അതൊക്കെചിരിച്ചുതള്ളുകയേ വഴിയുള്ളൂ. യഥാർഥവികസനം ഒരിക്കലും പാർലമെന്റിൽ ചർച്ച ചെയ്യപ്പെടില്ല.

? ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലം ഏതാണ്?
∙ ഇന്ത്യയിൽ ഇതുവരെ സഞ്ചരിച്ചതിൽ‍ ഏറ്റവും ഭംഗിയുള്ള സ്ഥലം കേരളമാണെന്നാണ് എനിക്കുതോന്നിയിട്ടുള്ളത്. കേരളീയർക്ക് പ്രകൃതിയോടു സ്നേഹമുണ്ട്. പച്ചപ്പ്, വീടിനടുത്തുള്ള ചെറിയ കുളം തുടങ്ങിയവയൊക്കെ കണ്ടിട്ടില്ലേ. അതുകൊണ്ടുതന്നെ കേരളത്തിലെ മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം പോലൊരു പദ്ധതിക്കെതിരെ രംഗത്തുവരുമ്പോൾ അവർ പറയുന്നതു നമ്മൾ ശ്രദ്ധിക്കണം. 

ചില സംസ്ഥാനങ്ങളിൽ സംവാദമെങ്കിലും നടക്കുന്നുണ്ട്. സ്റ്റാലിൻസർക്കാർ ഭരിക്കുന്ന തമിഴ്നാട്ടിൽ ദലിത് പാന്തേഴ്സ് പോലുള്ളവരുടെ ഇടപെടൽ ശ്രദ്ധേയമാണ്. പുനരുപയോഗിക്കാവുന്ന ഊർജസ്രോതസുകളുടെ വികസനത്തിൽ അവിടെ സർ‍ക്കാർ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ തൂത്തുക്കുടിയിലൈ സ്റ്റെറിലൈറ്റ് കമ്പനി പ്രവർത്തനം തുടരുന്നുമുണ്ട്. സർക്കാരിന്റെ ഘടകകക്ഷികൾ നമുക്കൊപ്പം ചേർന്നിട്ടുണ്ട്. എന്നിട്ടും താപോർജപദ്ധതികളുടെ പ്രവർത്തനവും അവിടെ പുരോഗമിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രകൃതിവിഭവങ്ങൾ കോർപറേറ്റ് വൽക്കരിക്കപ്പെടുന്നു. ഗുജറാത്ത് മോഡലാണ് പലയിടത്തുമുള്ളത്. 

പ്രകൃതിയെ ആശ്രയിച്ചുജീവിക്കുന്ന സമൂഹങ്ങളെയാണ് ഇത്തരം പദ്ധതികൾ നേരിട്ടുബാധിക്കുന്നത്. കർഷകർ പോരാടേണ്ടിവരുന്നു. ഝാർഖണ്ഡിൽ മധു ഘോട സർക്കാരുമായി കോർപറേറ്റുകൾ സഖ്യത്തിലായിരുന്നു. ഒഡീഷയിലെ സ്ഥിതിയും വ്യത്യസ്തമല്ല. സമ്പന്നവിഭാഗം ഏറെ അഭിമാനത്തോടെയാണ് ഇതൊക്കെ കാണുന്നത്. തൊഴിലാളികളും കർഷകരുമാണ് പ്രതിസന്ധിയിലാവുന്നത്.

? കേരളത്തിലെ ആദ്യ കെ റെയിൽ സമരവേദിയായ കോഴിക്കോട് കാട്ടിലപ്പീടികയിലെ സമരം അഞ്ചുവർഷം പൂർത്തിയാക്കുകയാണ്. സമരവേദിയിൽ സന്ദർശിച്ച് ജനങ്ങളുമായി ചർച്ച നടത്തിയയാളാണ് മേധപട്കർ.  എന്താണ് കെ റെയിൽ പദ്ധതി നിലപാട്?
∙ കെ റെയിലിനെ എതിർത്ത ഞങ്ങൾ വന്ദേഭാരതിലൂടെ സഞ്ചരിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരുണ്ട്. പക്ഷേ ഒരുകാര്യമുണ്ട്. വന്ദേഭാരത് നിലവിലുള്ള റെയിൽപാളത്തിലൂടെയാണ് ഓടുന്നത്. പൊതുമേഖലയിലുള്ള ദക്ഷിണ റെയിൽവേയിലൂടെയാണ് വന്ദേഭാരത് ഓടുന്നത്. 

എന്നാൽ ഇവിടെ 150 റെയിലുകൾ അദാനി പോലുള്ള സ്വകാര്യകമ്പനിക്കു നൽകുന്നത് അംഗീകരിക്കാനാവില്ല. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനുകളെ എതിർക്കുന്നവരാണ് ഇടതുപക്ഷം. കെ റെയിൽ എന്നത് ഈ  സമൂഹത്തിന്റെ മുഖ്യആവശ്യമേയല്ല. സമൂഹത്തില ഒരു ചെറിയ ശതമാനത്തിന് വലിയ തുക കൊടുത്ത് യാത്ര ചെയ്യാൻകഴിയുന്ന കെ റെയിൽ പദ്ധതിക്ക് അനേകായിരം സാധാരണജനങ്ങളുടെ ജീവിതം കൊണ്ടല്ല വഴിയൊരുക്കേണ്ടത്. ഒരു പ്രദേശത്തിന്റെ മൊത്തം പാരിസ്ഥിതിക സന്തുലിതാവസ്ഥയല്ല ഇതിനു വിലയായി കൊടുക്കേണ്ടത്.

ആയിരക്കണക്കിന് കോടികളുടെ പദ്ധതിയാണ് കെ റെയിൽ. കേന്ദ്രാനുമതി ഇതുവരെയായിട്ടില്ല. എന്തിനാണ് സർക്കാർ നിർബന്ധം പിടിക്കുന്നത്. നമ്മളല്ല വിരോധവുമായി രംഗത്തുവന്നത്.   സാധാരണക്കാരാണ് പദ്ധതിയുടെ ഡിപിആർ പഠിച്ചത്. അവരാണ് കരട് രേഖയിലെ വീഴ്ചകൾ കണ്ടെത്തിയത്. അവരാണ് ശബ്ദമുയർത്തുന്നത്. ജനങ്ങൾ ചോദ്യംചോദിക്കുന്നു. നമ്മൾ അവർക്ക് പിന്തുണ നൽകുന്നു.

English Summary:

This article features an interview with renowned environmental activist Medha Patkar, who shares her insights on the devastating Wayanad disaster, the controversial K-Rail project, and the challenges faced by communities fighting for environmental protection in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com