പ്രതാപന് ‘വൈറലായി’; ട്രെയിൻ ഇറങ്ങുന്നതിനിടെ വീഴാൻ തുടങ്ങിയ ഡിജിപിയെ രക്ഷിച്ച് പൊലീസുകാരൻ
Mail This Article
ആലപ്പുഴ∙ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ പ്ലാറ്റ്ഫോമിൽ കാൽവഴുതി വീഴാൻ പോയ യാത്രക്കാരനെ വീഴാതെ താങ്ങിയത് പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്ന പൊലീസുകാരൻ. രക്ഷിച്ചതിനു നന്ദി പറഞ്ഞ യാത്രക്കാരന്റെ മുഖത്തേക്കു നോക്കിയ പൊലീസുകാരൻ ഞെട്ടി– മുൻപിൽ സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബ്. 12ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴയിൽ സ്വകാര്യ സന്ദർശനത്തിനായി ജനശതാബ്ദി എക്സ്പ്രസിലാണു ഡിജിപി കുടുംബസമേതം എത്തിയത്. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് എസ്ഐ കെ.പ്രതാപൻ റെയിൽവേ സ്റ്റേഷനിലെത്തിയത്.
ചെറിയ ചാറ്റൽ മഴയിൽ പ്ലാറ്റ്ഫോം നനഞ്ഞിരുന്നു. ട്രെയിൻ വന്നു നിന്നതും ഷോട്സും ടീഷർട്ടും ധരിച്ച ഒരാൾ പുറത്തേക്കിറങ്ങി. പെട്ടെന്ന് പ്ലാറ്റ്ഫോമിൽ അദ്ദേഹം കാൽവഴുതി വീഴാനാഞ്ഞതും പ്രതാപൻ മുന്നോട്ടു കുതിച്ച് അദ്ദേഹത്തെ പിടിച്ചു. അപ്പോഴും ഡിജിപി ട്രെയിനിൽ നിന്ന് ഇറങ്ങുന്നുണ്ടോ എന്നാണു നോക്കിക്കൊണ്ടിരുന്നത്. യാത്രക്കാരൻ നന്ദി പറഞ്ഞപ്പോഴാണു മുഖത്തേക്കു നോക്കിയതും അതു ഡിജിപിയാണെന്നു പ്രതാപനു മനസ്സിലായതും. പൊലീസുകാരുടെ സമൂഹമാധ്യമ ഗ്രൂപ്പുകളിലെല്ലാം ‘വൈറലായി’ പ്രചരിച്ചതോടെ പ്രതാപന് അഭിനന്ദനങ്ങളുടെ പെരുമഴയാണ്.