‘കിച്ചുവില്ലാതെ എന്നെ തൊടണ്ട’; അരികിലെത്തിയ എസ്ഐയെ തള്ളിമാറ്റി എൽകെജിക്കാരൻ അച്ചു !
Mail This Article
കാരറ∙ ‘കിച്ചുവില്ലാതെ എന്നെ തൊടണ്ട’. അരികിലെത്തിയ എസ്ഐയെ തള്ളിമാറ്റി എൽകെജിക്കാരൻ അച്ചു പറഞ്ഞപ്പോൾ ഷോളയൂർ എസ്ഐ ഫൈസൽ കോറോത്ത് പുഞ്ചിരിച്ചു മാറിനിന്നു. പിന്നെ അധ്യാപകരും കുട്ടികളും കിച്ചുവിനെ തേടലായി. സദസ്സിന്റെ പിൻനിരയിൽ നിന്നു കിച്ചുവെത്തിയതോടെ അച്ചുവിനു സന്തോഷം. പിന്നെ എസ്ഐയുടെ ഇടംവലമായി നിന്നു ഫോട്ടോയെടുത്തു.
കാരറ ജിയുപി സ്കൂളിൽ കലോത്സവം ഉദ്ഘാടനത്തിനും സമ്മാനദാനത്തിനും എത്തിയതായിരുന്നു ഗായകനും നടനുമായ എസ്ഐ ഫൈസൽ കോറോത്ത്. പാട്ടും പ്രസംഗവും സമ്മാനദാനവും കഴിഞ്ഞ് കുട്ടികളോടൊപ്പം ഫോട്ടോയെടുക്കുമ്പോൾ മെഡൽ വാങ്ങിയ മിടുക്കനെ ചേർത്തു നിർത്താൻ ശ്രമിച്ചപ്പോഴായിരുന്നു ഇരട്ട സഹോദരനില്ലാതെ പറ്റില്ലെന്ന അച്ചുവിന്റെ വാശി. കസേരകളിയിൽ വിജയിച്ചു മെഡൽ കിട്ടിയപ്പോഴേ ഒരെണ്ണം കിച്ചുവിനും വേണമെന്നു വാശി പിടിച്ചിരുന്നു. ഒരു വിധത്തിലാണു പ്രധാനാധ്യാപിക സിന്ധു സാജൻ അച്ചുവിനെ ഒതുക്കിയത്.