ADVERTISEMENT

കടയ്ക്കൽ (കൊല്ലം) ∙ നടപടിക്കു വിധേയനായി സേനയിൽ നിന്നു പുറത്തു നിൽക്കുന്ന പൊലീസുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സുഹൃത്ത് പൊലീസ് പിടിയിൽ. നിലമേൽ വളയിടം ചരുവിള പുത്തൻ വീട്ടിൽ ഇർഷാദിനെ (25)യാണ് സുഹൃത്ത് ചിതറ കല്ലുവെട്ടാംകുഴി വിശ്വാസ് നഗറിൽ യാസിൻ മൻസിലിൽ സഹദിന്റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സഹദിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. ഇർഷാദും സഹദും സുഹൃത്തുക്കളായിരുന്നു. ഇരുവരും ലഹരി മരുന്ന് ഉപയോഗിക്കുന്നവർ ആയിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു. സഹദിന്റെ വീട്ടിൽ എത്തുന്ന ഇർഷാദും മറ്റ് സുഹൃത്തുക്കളും ദിവസങ്ങൾ ഇവിടെ ചെലവഴിക്കാറുണ്ട്.

കഴിഞ്ഞ ദിവസം പതിവു പോലെ സഹദിന്റെ വീട്ടിൽ ഇർഷാദും മറ്റൊരാളും ഉണ്ടായിരുന്നു. രാത്രി വളരെ ഉച്ചത്തിൽ ഹോം തിയറ്റർ പ്രവർത്തിച്ചിരുന്നതായി സഹദിന്റെ പിതാവ് അബ്ദുൽ സലാം പറയുന്നു. രാവിലെ ഇർഷാദിനെ കഴുത്തിൽ മുറിവേറ്റു മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലുണ്ടായിരുന്ന സഹദിനെ അബ്ദുൽസലാമും മറ്റും ചേർന്നു കെട്ടിയിട്ടു. എപ്പോഴും അക്രമാസക്തനാകുന്ന സ്വഭാവക്കാരനായതിലാണു കെട്ടിയിട്ടത്. ശേഷം പൊലീസിനെ വിവരം അറിയിച്ചു. ചിതറ പൊലീസ് സ്ഥലത്ത് എത്തി സഹദിനെ കസ്റ്റഡിയിൽ എടുത്തു. സഹദ് ഒട്ടേറെ ലഹരിമരുന്ന് വിൽപന കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറ‍ഞ്ഞു. 

രാത്രി ഉണ്ടായ വാക്കുതർക്കത്തിനിടെ സഹദ് ഇർഷാദിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ  പ്രാഥമിക നിഗമനം. നിലമേൽ വളയിടത്ത് ചരുവിള പുത്തൻ വീട്ടിൽ പരേതയായ ഷീലയുടെയും അഷ്റഫിന്റെയും മകനാണ് ഇർഷാദ്. നിലമേലിൽ സ്പോർട്സ് കേന്ദ്രത്തിൽ പരിശീലനം നേടിയ ഇർഷാദിന് 2020ൽ സ്പോർട്സ് ക്വോട്ടയിലാണ് പൊലീസിൽ നിയമനം ലഭിച്ചത്. സ്ഥിരമായി ജോലിക്ക് എത്താത്തതിനാൽ സസ്പെൻഷനിലായിരുന്നു. പൊലീസ് സഹദിന്റെ  അറസ്റ്റ് രേഖപ്പെടുത്തി. കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. ഇർഷാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

പൊലീസിൽ ചേർന്നത് സ്പോർട്സ് ക്വോട്ടയിൽ; പിന്നീട് കൈവിട്ട യാത്ര 
കടയ്ക്കൽ ∙ 300 മീറ്റർ ഓട്ടത്തിൽ ഉൾപ്പെടെ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന ഇർഷാദ് സ്പോർട്സ് ക്വോട്ടയിലാണ് പൊലീസ് സേനയിൽ പ്രവേശിക്കുന്നത്. പരിശീലനം കഴിഞ്ഞ് അടൂർ പൊലീസ് ക്യാംപിൽ സിവിൽ പൊലീസ് ഓഫിസറായി ജോലിയിൽ പ്രവേശിച്ച ഇർഷാദിന്റെ പിന്നീടുള്ള നീക്കമെല്ലാം വഴിവിട്ടതായെന്ന് പൊലീസ് പറഞ്ഞു. വളയിടത്ത് നിർമിച്ച വീട്ടിലായിരുന്നു താമസം. സഹോദരൻ അർഷാദ് ആർമിയിലാണ്. ഒട്ടേറെ കഞ്ചാവു കേസുകളിൽ പ്രതിയായ സഹദിനൊപ്പം ചേർന്നതോടെ ഇർഷാദും ഇവരുടെ സംഘാംഗമായി മാറുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചടയമംഗലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന തട്ടിപ്പ് മന്ത്രവാദി സംഘവുമായി ഇവർക്ക് ബന്ധമുണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. അച്ചടക്ക നടപടി നേരിട്ട് സസ്പെൻഷനിലായ ഇർഷാദിനെ നാല് മാസങ്ങൾക്ക് മുൻപ് ജോലിയിൽ തിരിച്ചെടുക്കുന്നതിന് നടപടി ഉണ്ടായെങ്കിലും ഇർഷാദ് ജോലിയിൽ പ്രവേശിച്ചില്ല.

English Summary:

A suspended policeman, Irshad, was found dead with his throat slit in his friend Sahid's house in Kadakkal, Kollam. Police have arrested Sahid and suspect drug involvement as both were known drug users.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com