ഒരുതരം, രണ്ടുതരം.. : ഒരാൾ പോലും ലേലം വിളിച്ചില്ല; കന്നുകാലികളുടെ ലേലം വിളി പാളി
Mail This Article
കണ്ണൂർ ∙ നഗരത്തിൽ നിന്ന് പിടികൂടിയ കന്നുകാലികൾ കുരുക്കാകുമോ കോർപറേഷന്? ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ കന്നുകാലികളുടെ ലേലം വിളി പാളി. കന്നുകാലികൾക്ക് വെറ്ററിനറി ഡോക്ടർ നിശ്ചയിച്ച അടിസ്ഥാന വില വൻ തുകയായതിനാൽ ലേലത്തിനെത്തിയവർ നടപടികളിൽനിന്നു പിന്തിരിഞ്ഞു. ഒരാൾ പോലും ഒരു കന്നുകാലിക്കും ലേലം വിളിച്ചില്ല. ഇതോടെ കന്നുകാലികളെ കാറ്റിൽ പൗണ്ടിലേക്ക് തിരികെ കൊണ്ടുപോയി. അടിസ്ഥാന വിലയിൽ കുറവ് വരുത്തി പുനർ ലേലം ഇന്ന് വൈകിട്ട് 3ന് നടത്തും. പാറക്കണ്ടി എ– ഡിവിഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ ഓഫിസ് പരിസരത്ത് നടത്തിയ ലേലത്തിനായി 15 പേരാണ് എത്തിയിരുന്നത്. 4 കന്നുകുട്ടികൾ ഉൾപ്പെടെ 12 കന്നുകാലികളും.
കഴിഞ്ഞ 2 ആഴ്ചകൊണ്ട് കോർപറേഷൻ പരിധിയിൽ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞ നാൽപതോളം കന്നുകാലികളെയാണ് പിടികൂടിയത്. ചില ഉടമസ്ഥർ പിഴത്തുക നൽകി കന്നുകാലികളെ തിരികെ കൊണ്ടുപോയി. ബാക്കിയുള്ള കന്നുകാലികളെയാണ് ലേലം ചെയ്യാൻ തീരുമാനിച്ചിരുന്നത്. ജില്ലാ ആസ്ഥാനത്ത് നഗര കേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞു തിരിയുന്ന കന്നുകാലികൾ കാരണം കടുത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരുന്നത്. കന്നുകാലികളെ പിടികൂടുന്നതിന് 2 സ്ക്വാഡ് കോർപറേഷൻ രൂപീകരിച്ചിരുന്നു. പ്രശ്‌നം പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം ഉയരുകയും ചെയ്തു. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. തെരുവുകളിൽ നിന്ന് പിടികൂടിയ കന്നുകാലിയെ വിട്ടുകിട്ടാൻ 11,000 രൂപ പിഴ തുക ഉടമയിൽനിന്ന് ഈടാക്കും.