ഗുണഭോക്താക്കളിൽ നിന്നുള്ള കുടിശിക 20 ലക്ഷം; കൂളിമാട് ജല പദ്ധതി നിലച്ചു
Mail This Article
ചാത്തമംഗലം ∙പഞ്ചായത്തിലെ ഏഴ് വാർഡുകളിൽ കുടിവെള്ളം നൽകിയിരുന്ന കൂളിമാട് എൻസിപിസി പദ്ധതി, നടത്തിപ്പു കമ്മിറ്റിയുടെ കെടുകാര്യസ്ഥത മൂലം നിലച്ചു. ആയിരത്തോളം കുടുംബങ്ങൾ വെള്ളം കിട്ടാതെ ദുരിതത്തിലായി. 20 ലക്ഷം രൂപ കുടിശിക വരുത്തിയതോടെയാണ് ജല അതോറിറ്റി വിതരണം നിർത്തിയത്. ഒട്ടേറെ ഗുണഭോക്താക്കളിൽ നിന്നു പ്രതിമാസ വരിസംഖ്യ പിരിഞ്ഞു കിട്ടാനുണ്ടെന്നും ഇതു ലഭ്യമാക്കി പദ്ധതി പുനസ്ഥാപിക്കുന്നതിനു നടപടി സ്വീകരിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ അബ്ദുൽ ഗഫൂർ അറിയിച്ചു. വാർഡു തലത്തിൽ യോഗം ചേർന്ന് പ്രതിമാസ വരിസംഖ്യ പിരിച്ചെടുക്കാനുള്ള ശ്രമം തുടങ്ങി.
10 വർഷം മുൻപാണ് ജല അതോറിറ്റി കൂളിമാട് കടവിൽ ചാലിയാറും ഇരുവഞ്ഞിപ്പുഴയും ചേരുന്ന ഭാഗത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് എൻസിപിസി (നോൺ കവേർഡ് ആൻഡ് പാർഷ്യൽ കവേർഡ്) കുടിവെള്ള പദ്ധതിക്കായി കിണറും പമ്പിങ് സ്റ്റേഷനും നിർമിച്ചത്. കുറുമ്പറമ്മൽ എന്ന സ്ഥലത്ത് പടുകൂറ്റൻ ജലസംഭരണിയും നിർമിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള പമ്പിങ് കഴിഞ്ഞ് ഉദ്ഘാടനം കാത്തു കഴിയുന്നതിനിടെ കാലവർഷത്തിൽ പുഴയിലെ ജലനിരപ്പ് ഉയർന്നു. കിണറും പമ്പ് ഹൗസും പുഴയിൽ പതിച്ചു. പിന്നീട് പി.ടി.എ.റഹീം എംഎൽഎ, എം.കെ.രാഘവൻ എംപി തുടങ്ങി വിവിധ ജനപ്രതിനിധികളിൽ നിന്നും പഞ്ചായത്തിൽ നിന്നുമുള്ള ഫണ്ട് ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയെങ്കിലും പദ്ധതി വിജയിച്ചില്ല.
തുടർന്നാണ് എൻസിപിസി ടാങ്കിലേക്ക് ജല അതോറിറ്റിയുടെ കൂളിമാട് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള ശുദ്ധീകരിച്ച വെള്ളം എത്തിച്ച് ഗുണഭോക്താക്കൾക്കു നൽകുന്നതിനുള്ള ശ്രമം തുടങ്ങിയത്. ആദ്യ ഘട്ടത്തിൽ നല്ലരീതിയിൽ നടത്തിയെങ്കിലും ചില ഗുണഭോക്താക്കൾ പ്രതിമാസ വരിസംഖ്യ വീഴ്ച വരുത്തി. നടത്തിപ്പു കമ്മിറ്റി ഇതു വേണ്ട വിധത്തിൽ ഗൗനിച്ചിരുന്നില്ല. ഇതോടെയാണ് പദ്ധതി താളം തെറ്റിയത്.