മൊട്ട ഗ്ലോബൽ കൂട്ടായ്മയുടെ ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ ക്യാംപെയിൻ സമാപിച്ചു
Mail This Article
കോഴിക്കോട്∙ മൊട്ട ഗ്ലോബൽ കൂട്ടായ്മ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമിട്ട ‘സ്റ്റോപ്പ് ബോഡി ഷെയിമിങ്’ ക്യാംപെയിൻ സമാപിച്ചു. ശരീര നിന്ദയാൽ ബലിയാടാകുന്നവരെ ചേർത്തുപിടിക്കാൻ അറബിക്കടലിന്റെ തിരമാലകളെയും അസ്തമയ സൂര്യന്റെ സായാഹ്ന കിരണങ്ങളെയും സാക്ഷിയാക്കി പ്ലക്കാര്‍ഡുകളുമായി ‘മൊട്ടകൾ’ നടന്നു നീങ്ങിയപ്പോൾ കണ്ടുനിന്നവർക്ക് കൗതുകമായി.
കോഴിക്കോട് ബീച്ചിൽ നടന്ന ചടങ്ങിൽ മൊട്ട ഗ്ലോബൽ ഫൗണ്ടർ പ്രസിഡന്റ് സജീഷ് കുട്ടനെല്ലൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ ജി. നായർ ആമുഖ സന്ദേശം നൽകി. പ്രവർത്തക സമിതി അംഗം ജയ് ഗോപാൽ ചന്ദ്രശേഖരന്‍, ട്രഷറാർ നിയാസ് പാറയ്ക്കൽ, ജോ. സെക്രട്ടറി യൂസഫ് കൊടുഞ്ഞി, പ്രവർത്തക സമിതി അംഗം മുജീബ് ചോയിമഠം എന്നിവർ പ്രസംഗിച്ചു. ഡോ. ജോൺസൺ വി. ഇടിക്കുള മൊട്ട ഗ്ലോബൽ ആർട്ടിക്കിൾ പ്രകാശനം ചെയ്തു.
മുടി ഇല്ലാത്ത കാരണത്താൻ മാനസിക പിരിമുറുക്കം നേരിടുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തില്‍, അവർക്കിടയിൽ ആത്മവിശ്വാസം പകരുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ആഴ്ചകൾക്ക് മുൻപ് തൃശൂരില്‍ നടന്ന സമ്മേളനത്തില്‍ നൂറോളം ‘മൊട്ടകൾ’ സംഗമിച്ചിരുന്നു.