സർക്കാരിന്റെ വീഴ്ചയുടെ തുടക്കമാണ് ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി
Mail This Article
കോഴിക്കോട്∙ സ്വർണം കടത്തലും പൊട്ടിക്കലും അടക്കമുള്ള കുറ്റകൃത്യങ്ങളിൽ പൊലീസ് നേരിട്ട് ഏർപ്പെടുന്നത് സംസ്ഥാന ഭരണത്തിന്റെ കൊള്ളരുതായ്മ കൊണ്ടാണെന്ന് മുസ്‍ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ. പിണറായി സർക്കാർ ചിതലരിച്ചു നിൽക്കുകയാണ്. ഒരു ചെറിയ തട്ട് കിട്ടിയാൽ ഈ സർക്കാർ പൊളിഞ്ഞു വീഴും. അതിന്റെ തുടക്കമാണ് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതു സർക്കാരിന്റെ മാഫിയ ഭരണത്തിനെതിരെ ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതരത്വത്തിന്റെ മുണ്ടുടുത്ത് നടന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുണ്ട് അഴിഞ്ഞു വീണപ്പോൾ അടിയിലുള്ള കാവി ട്രൗസർ ജനം കണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ എം.കെ.മുനീർ പറഞ്ഞു. ലീഗ് ജില്ലാ ആക്ടിങ് പ്രസിഡന്റ് കെ.എ.ഖാദർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.സി.മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല, നജീബ് കാന്തപുരം എംഎൽഎ, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, ലീഗ് ജില്ലാ ആക്ടിങ് ജനറൽ സെക്രട്ടറി സി.പി.എ.അസീസ്, ജില്ലാ സെക്രട്ടറി എ.വി. അൻവർ, യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നയ്ക്കൽ, പി.കുൽസു എന്നിവർ പ്രസംഗിച്ചു.