ഡിഡിഇ ഓഫിസിൽ എംഎസ്എഫ് ഉപരോധം; നഗരത്തിലെ സമരവിവരം അറിയാതെ പൊലീസ്
Mail This Article
കോഴിക്കോട്∙ സ്കൂൾ മേളകൾക്കു വിദ്യാർഥികളിൽനിന്ന് അനധികൃത പിരിവ് നടത്തുന്നതിനെതിരെ എംഎസ്എഫ് മാനാഞ്ചിറ എജ്യുക്കേഷൻ ഓഫിസിലേക്കു നടത്തിയ സമരം തടയാൻ പൊലീസില്ല. പ്രവർത്തകർ ഡിഡിഇ ഓഫിസിലേക്കു ഇരച്ചുകയറി ഓഫിസ് ഉപരോധിച്ചു. 8 എംഎസ്എഫ് പ്രവർത്തകർക്കെതിരെ കസബ പൊലീസ് കേസെടുത്തു. പ്രതിഷേധ സമരം മുൻകൂട്ടി അറിയാതിരുന്നതു പൊലീസ് ഇന്റലിജൻസ് വീഴ്ചയായി പറയുന്നു. സംഭവം ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. ഇന്നലെ 1.30ന് ആണ് 15 പ്രവർത്തകർ ഓഫിസിലേക്കു മാർച്ച് നടത്തിയത്.
പ്രതിഷേധം നടക്കുന്നത് അറിയാതെ പോയതിനാൽ സ്ഥലത്തു പൊലീസുകാർ ആരും ഉണ്ടായിരുന്നില്ല. പ്രവർത്തകർ ഓഫിസ് കോംപൗണ്ടിൽ കയറിയതോടെ അതു വഴി പോയ 2 പൊലീസുകാർ സ്ഥലത്തെത്തി. ഇവർ അറിയച്ചതിനെ തുടർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ 4 പൊലീസുകാർ കൂടിയെത്തി. അപ്പോഴേക്കും പ്രവർത്തകർ ഡിഡിഇ ഓഫിസിനു മുന്നിൽ ഉപരോധം തുടങ്ങി. പിന്നീട് കസബ എസ്ഐയുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് എത്തി. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ പൊലീസ് ബസ് എത്തിയില്ല. 50 മിനിറ്റിനു ശേഷമാണ് വാഹനം എത്തി പ്രവർത്തകരെ മാറ്റിയത്.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്നു പിരിവു പാടില്ലെന്നിരിക്കെ ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഓഫിസർമാരുടെ നിർദേശ പ്രകാരം സ്കൂളുകളിൽ നിന്നു നിർബന്ധിത പിരിവ് നടത്തുകയാണെന്നു നേതാക്കൾ പറഞ്ഞു. പണം അടച്ചില്ലെങ്കിൽ മേളയിൽ പങ്കെടുപ്പിക്കില്ലെന്നാണു ഭീഷണിയെന്ന് എംഎസ്എഫ് ആരോപിച്ചു. ഉപരോധത്തിനു നേതൃത്വം നൽകിയ എംഎസ്എഫ് ജില്ലാ ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ്, സംസ്ഥാന കൺവീനർ സാബിത്ത് മായനാട്, ജില്ലാ സെക്രട്ടറി അൻസാർ പെരുവയൽ, സി.എം.മുഹാദ്, റീമ മറിയം, അഫ്‌ലഹ് പട്ടോത്ത്, സൽമാൻ മായനാട്, കെ.പി.യാസർ, സാജിദ് പയ്യാനക്കൽ, മിഷാഹിർ നടക്കാവ്, ആദിൽ കിണാശ്ശേരി, അഫ്നാൻ നന്മണ്ട, സജാദ് അരയങ്കോട്, ഹാദിഖ് ചെമ്മങ്ങാട് എന്നിവരെയാണ് പൊലീസ് നീക്കിയത്. 8 പേർക്കെതിരെ കേസെടുത്തു.