കലാ– സാംസ്കാരിക പരിപാടികളുടെ ഏകോപനം: കോഴിക്കോടിന് സ്ഥിരം ക്യുറേറ്റർ വേണം; ബോസ് കൃഷ്ണമാചാരി
Mail This Article
കോഴിക്കോട്∙ സാഹിത്യനഗരമായ കോഴിക്കോട്ടെ കലാസാംസ്കാരിക പരിപാടികളുടെ ഏകോപനത്തിന് ഒരു സ്ഥിരം ക്യുറേറ്റർ അത്യാവശ്യമാണെന്ന് കൊച്ചി–മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. മലയാള മനോരമയുടെ ഹോർത്തൂസ് കലാസാഹിത്യോത്സവത്തിന്റെ ഭാഗമായി മേയ്ത്ര ഹോസ്പിറ്റൽ അവതരിപ്പിക്കുന്ന കൊച്ചി ബിനാലെ പവിലിയന്റെ സീനോഗ്രഫി നിർവഹിക്കുന്നത് ബോസ് കൃഷ്ണമാചാരിയാണ്. കോഴിക്കോട്ട് ആദ്യമായി കൊച്ചി ബിനാലെയുടെ പവിലിയൻ ഒരുക്കുന്നതിന്റെ ആഹ്ലാദം ബോസ് കൃഷ്ണമാചാരി മനോരമ വായനക്കാരുമായി പങ്കുവയ്ക്കുന്നു.
കൊച്ചി ബിനാലേ ഫൗണ്ടേഷന്റെ കോഴിക്കോട്ടെ ഇടപെടലിനെ എങ്ങനെയാണ് കാണുന്നത്?
∙ കൊച്ചി ബിനാലേ ഫൗണ്ടേഷൻ ഏറെ പ്രാധാന്യത്തോടെയാണ് ഔട്ട് റീച്ച് പരിപാടികളെ കാണുന്നത്. കൂടുതൽ കാണികളിലേക്കും കൂടുതൽ കലാസ്വാദകരിലേക്കും എത്തുകയെന്നത് പ്രധാനമാണ്. കോഴിക്കോട്ട് ആർട്ട് പവിലിയൻ ഒരുക്കുമ്പോൾ ഏറെ പ്രതീക്ഷയുണ്ട്.
ഇവിടെ കടപ്പുറത്താണ് ബിനാലേ പവിലിയൻ ഒരുക്കിയിരിക്കുന്നത്. കടപ്പുറത്തെ സാഹിത്യോത്സവമെന്നതുതന്നെ ഒരനുഭവമാണ്. ലോകത്തിൽ പലയിടത്തും സാൻഡ് ആർട് ഫെസ്റ്റിവലുകൾ നടക്കുന്നുണ്ട്.ലോകത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക നഗരങ്ങൾക്ക് ഒരു ക്യുറേറ്റർ ഉണ്ട്. കോഴിക്കോടിനും അത്തരമൊരു ക്യുറേറ്റർ ആവശ്യമാണ്.
ഹോർത്തൂസ് പോലൊരു വലിയ കലാസാഹിത്യ സംഗമം കോഴിക്കോട്ടു നടക്കുമ്പോൾ നഗരവും അതിനനുസരിച്ച് ഒരുങ്ങണം. കോഴിക്കോട്ടു നടക്കുന്ന പ്രധാന സാഹിത്യോത്സവങ്ങളുടെ തീയതി മുൻകൂട്ടി കണ്ടെത്താനും ഒരുക്കങ്ങൾ ഏകോപിപ്പിക്കാനും ഒരാൾ ആവശ്യമാണ്.
കലയെ സ്നേഹിക്കുന്നവരാണല്ലോ കോഴിക്കോട്ടുകാർ, എന്താണ് അനുഭവം?
∙ കോഴിക്കോടിന്റെ മനസ്സ് സുന്ദരമാണ്. എല്ലാക്കാലത്തും കലാകാരൻമാരെ സ്നേഹിച്ചവരാണ് കോഴിക്കോട്ടുകാർ. എത്രയെത്ര സാഹിത്യകാരൻമാരുടെ നഗരമാണ് കോഴിക്കോട്. എത്രയെത്ര പാട്ടുകാരാണ് കോഴിക്കോട്ടുനിന്നുള്ളത്. അഭിനേതാക്കൾ, ചിത്രകാരൻമാർ, ശിൽപികൾ തുടങ്ങി കോഴിക്കോട്ടുകാരായ അനേകം പേരുണ്ട്.
കോഴിക്കോട്ടെ പവിലിയൻ ഒരുക്കുകയെന്നത് എത്രമാത്രം വെല്ലുവിളിയായിരുന്നു?
∙ ഹോർത്തൂസിലേക്ക് ബിനാലെ പവിലിയൻ ഒരുക്കാൻ മൂന്നു മാസത്തോളം സമയമാണെടുത്തത്. ഇത് വളരെ ചെറിയൊരു സമയമാണ്. അടുത്ത തവണ പവിലിയൻ ഒരുക്കാൻ ഒരു വർഷം മുൻപുതന്നെ ഒരുക്കങ്ങൾ തുടങ്ങണമെന്നാണ് കരുതുന്നത്. ചിത്രകാരൻമാർ പല സ്ഥലങ്ങളിലാണുള്ളത്. തിരക്കിട്ട് ഒരുക്കുമ്പോൾ പലർക്കും ചിത്രങ്ങൾ നൽകാൻ കഴിയാതെവരും. ക്യുറേറ്റർമാരായ പി.എസ്.ജലജയും എസ്.എൻ.സുജിത്തും ചിത്രകാരൻമാരുടെ കമ്യൂണിറ്റിയിൽ ഏറെ സൗഹൃദങ്ങളുള്ളവരാണ്. അവരുടെ പരിശ്രമമാണ് 44 കലാകാരൻമാരെ ഒരുമിപ്പിച്ച് സൃഷ്ടികൾ കോഴിക്കോട്ട് എത്തിക്കാൻ കഴിഞ്ഞത്.
കേരളത്തിലെ ജനങ്ങളിൽ കലയോടുള്ള ആഭിമുഖ്യത്തിൽ മാറ്റം വരേണ്ടതുണ്ടോ?
∙ കോഴിക്കോട് പോലെ ഒരു സ്ഥലത്ത് ആളുകൾ കലാപ്രദർശനങ്ങൾ കാണാൻ വരിക എന്നതാണ് ഏറെ പ്രധാനം. ചിത്രങ്ങൾ കണ്ടുകണ്ടു ശീലമുണ്ടാവുകയെന്നത് ഏറെ പ്രധാനമാണ്. കലാകാരൻമാരുടെ യഥാർഥ സൃഷ്ടികൾ ശേഖരിക്കുകയെന്നത് ഏറെ പ്രധാനമാണ്. ലോകമെങ്ങും ജനങ്ങൾ ഏറെ ആഗ്രഹത്തോടെ സൃഷ്ടികൾ സ്വന്തമാക്കുന്നതാണ് പതിവ്. ഈ ശീലം കേരളത്തിൽ കോഴിക്കോട്ടടക്കമുള്ള നഗരങ്ങളിലേക്ക് പരക്കണം. എങ്കിലേ നാളെയും കലാകാരൻമാർക്ക് കൂടുതൽ മികച്ച സൃഷ്ടികളുണ്ടാക്കാൻ കഴിയൂ.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/