കംബോഡിയയിൽ ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിലായ മണിയൂർ സ്വദേശികൾ തിരികെ വീട്ടിലെത്തി
Mail This Article
വടകര∙ കംബോഡിയയിലെ മലയാളികൾ ഉൾപ്പെടുന്ന ഓൺലൈൻ തട്ടിപ്പു സംഘത്തിന്റെ പിടിയിൽ നിന്നു രക്ഷപ്പെട്ട മണിയൂർ സ്വദേശികളായ യുവാക്കൾ ഇന്നലെ പുലർച്ചെ 2.20ന് വീട്ടിൽ എത്തി. ഞായറാഴ്ച രാത്രി 10.40ന് കൊച്ചി വിമാനത്താവളത്തിൽ എത്തി, നെടുമ്പാശ്ശേരി പൊലീസുമായി ബന്ധപ്പെട്ടു പരാതി നൽകിയ ശേഷമാണ് സംഘത്തിലെ 7 പേരും വടകരയിലേക്കു തിരിച്ചത്. പൊന്നാനി സ്വദേശി അജ്മൽ, എറണാകുളം നോർത്ത് പറവൂർ മാഞ്ചാടി റോഷൻ ആന്റണി എന്നിവരുടെ വീടുകൾ സന്ദർശിച്ച് വീട്ടുകാരെ കണ്ട ശേഷം എല്ലാവരും മണിയൂരിലേക്കു മടങ്ങി.
കയ്യെല്ല് പൊട്ടിയ അജ്മലും കാൽവിരലിന് പരുക്കേറ്റ റോഷൻ ആന്റണിയും ഗവ. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അജ്മലിന്റെ കൈയ്ക്കു ശസ്ത്രക്രിയ നടത്താൻ ഡോക്ടർ നിർദേശിച്ചു. മണിയൂർ എടത്തുംകര അഭിനവ്, പതിയാരക്കര ചാലുപറമ്പത്ത് അഭിനന്ദ്, കുറുന്തോടി പൂളക്കൂൽ താഴ അരുൺ, പിലാവുള്ളതിൽ സെമിൽ ദേവ്, എടത്തുംകര കല്ലായി മീത്തൽ അശ്വന്ത് എന്നിവരാണ് സുരക്ഷിതരായി തിരിച്ചെത്തിയത്.
അഭിനവിന്റെയും അഭിനന്ദിന്റെയും വീടുകൾ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ സന്ദർശിച്ചു. കൊടിയ പീഡനമാണ് അനുഭവിക്കേണ്ടി വന്നതെന്ന് ഇരുവരും എംഎൽഎയോടു പറഞ്ഞു. സാധ്യമായ എല്ലാ സഹായങ്ങളും എംഎൽഎ വാഗ്ദാനം ചെയ്തു. ഓഗസ്റ്റ് 19 നാണ് 7 പേർ അടങ്ങിയ സംഘം ജോലി തേടി തായ്‌ലൻഡിലേക്ക് പോയത്.