നൂഞ്ഞിക്കര–ചോലയിൽ റോഡ്: നവീകരണം നടന്നില്ല; നടന്നത് അനാസ്ഥയും പഴിചാരലും മാത്രം
Mail This Article
കൊടുവള്ളി∙ നഗരസഭയിലെ കരീറ്റിപ്പറമ്പ് ഡിവിഷനിൽ കാലങ്ങളായി തകർന്നു കിടക്കുന്ന നൂഞ്ഞിക്കര –ചോലയിൽ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് പ്രദേശവാസികൾ.3 വർഷമായി ടാറിങ് തകർന്നു സഞ്ചാര യോഗ്യമല്ലാതായ റോഡിന് കഴിഞ്ഞ വർഷാവസാനം വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ ഉൾപ്പെടുത്തി പി.ടി.എ.റഹീം എംഎൽഎ ഫണ്ട് അനുവദിച്ചിരുന്നു.എന്നാൽ റോഡ് നവീകരണത്തിന് എസ്റ്റിമേറ്റ് തയാറാക്കിയെങ്കിലും മറ്റു നടപടികൾ മുന്നോട്ടു പോകാത്തതിനാൽ ഫണ്ട് നഷ്ടമാകുന്ന അവസ്ഥയിലായിരുന്നു.
മേയിൽ കാലാവധി അവസാനിച്ചതോടെ ഡിവിഷൻ കൗൺസിലറുടെ ഇടപെടലിലൂടെ വീണ്ടും 6 മാസത്തേക്ക് നീട്ടി. തകർന്നു കിടക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി വൈകുന്നു എന്നാരോപിച്ച് റോഡിൽ വാഴ വച്ച് ലീഗ് 12–ാം ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നഗരസഭ ഭരിക്കുന്ന യുഡിഎഫ് മനഃപൂർവം റോഡിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളടക്കം വൈകിപ്പിച്ചതാണ് പ്രവൃത്തി വൈകാനിടയാക്കിയതെന്നാണ് എൽഡിഎഫ് കൗൺസിലറായ അഹമ്മദ് ഉനൈസ് ആരോപിക്കുന്നു.
അതേസമയം ഡിവിഷൻ കൗൺസിലറുടെ അനാസ്ഥയാണ് പദ്ധതി വൈകാനിടയാക്കിയതെന്നു യുഡിഎഫും ആരോപിക്കുന്നു.3.2 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ഈ റോഡിന്റെ പുനരുദ്ധാരണത്തിന് അനുവദിച്ചത്.കരാറിൽ ഏർപ്പെടാനുള്ള കാലാവധി മേയിൽ അവസാനിച്ചിരുന്നു. കലക്ടർ മുഖേന നൽകിയ അപേക്ഷ പ്രകാരം ദുരന്ത നിവാരണ വകുപ്പ് ഈ മാസം 7 മുതൽ 6 മാസത്തേക്ക് കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്.ഈ സാഹചര്യത്തിൽ റോഡിന്റെ പ്രവൃത്തി ആരംഭിക്കാനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.