പോസ്റ്റ്മോർട്ടം നാലിരട്ടി, ജീവനക്കാർ കൂടുന്നില്ല; വീർപ്പുമുട്ടി മെഡിക്കൽ കോളജ് മോർച്ചറി
Mail This Article
ചേവായൂർ∙ പോസ്റ്റ്മോർട്ടം കൂടുമ്പോഴും ആവശ്യത്തിന് ജീവനക്കാരില്ലാതെ ഗവ. മെഡിക്കൽ കോളജ് മോർച്ചറി വീർപ്പുമുട്ടുന്നു. ദിവസേന പോസ്റ്റ്മോർട്ടം ചെയ്യുന്നത് 10 മുതൽ 12 വരെ മൃതദേഹങ്ങളാണ്. എന്നാൽ ഡോക്ടർമാരെ കൂടാതെ ആകെയുള്ളത് 7 ജീവനക്കാർ മാത്രം. ഫൊറൻസിക് വിഭാഗത്തിലടക്കം 1965ലെ സ്റ്റാഫ് പാറ്റേൺ തുടരുന്നതാണ് ജീവനക്കാരുടെ ക്ഷാമത്തിനു പ്രധാന കാരണം. അക്കാലത്ത് വർഷംതോറും 600 മൃതദേഹമാണ് പോസ്റ്റ്മോർട്ടത്തിന് എത്തിയിരുന്നതെങ്കിൽ ഇപ്പോൾ 2500 എണ്ണമാണ്. ഇതിനുസരിച്ച് ജീവനക്കാരടെ എണ്ണവും സൗകര്യങ്ങളും വർധിപ്പിക്കാത്തതിനാൽ ജോലിഭാരം നാലിരട്ടി കൂടി.
ഇതോടെ മൃതദേഹം വിട്ടുകിട്ടാൻ ബന്ധുക്കൾ മണിക്കൂറുകൾ കാത്തിരിക്കേണ്ടി വരുന്നു. 3 ടേബിളുകളുകളാണ് പോസ്റ്റ്മോർട്ടത്തിനുള്ളത്. 3 ഡോക്ടർമാർ, ഒരു മോർച്ചറി ടെക്നിഷ്യൻ, ഒരു അറ്റൻഡർ എന്നിങ്ങനെയാണ് ഒരോ പോസ്റ്റ്മോർട്ടം ടേബിളിനും വേണ്ടത്. ഫൊറൻസിക് വിഭാഗത്തിലെ ഒരു സീനിയർ ഡോക്ടറും 2 പിജി ഡോക്ടർമാരുമാണ് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത്. ഒരു മണിക്കൂറോളം വരുന്ന പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മോർച്ചറി ടേബിളിലെത്തിയ ശേഷം ഒരു മണിക്കൂറിനുള്ളിൽ പോസ്റ്റ്മോർട്ടം പൂർത്തിയാകും.
മോർച്ചറി ടെക്നിഷ്യൻ ഒരാൾ മാത്രം
3 മോർച്ചറി ടേബിളുകളിലും ഒരേ സമയം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എത്തിയാൽ ആകെയുള്ള ടെക്നിഷ്യനെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. അറ്റൻഡറുടെ സഹായവും പോസ്റ്റ്മോർട്ടത്തിന് ഉപയോഗപ്പെടുത്തുന്നു. പ്രശ്നത്തിന് താൽക്കാലിക പരിഹാരമായി, വിരമിച്ച ടെക്നിഷ്യനെ കരാർ അടിസ്ഥാനത്തിൽ തുടർ നിയമനം നൽകിയിരുന്നെങ്കിലും അയാളും നിർത്തി പോയി. നിലവിൽ 2 അറ്റൻഡർമാർ, ഒരു മോർച്ചറി ടെക്നിഷ്യൻ, ഒരു ലാബ് ടെക്നിഷ്യൻ, മൃതദേഹം വാങ്ങിവയ്ക്കുന്ന 3 അറ്റൻഡർമാർ എന്നിങ്ങനെയാണ് തസ്തിക വിന്യാസം. ജീവനക്കാരുടെ എണ്ണം നാലിരട്ടിയെങ്കിലും വർധിപ്പിച്ചാൽ മാത്രമേ ജോലിഭാരം കുറയ്ക്കാനും മൃതദേഹത്തിനായുള്ള ബന്ധുക്കളുടെ കാത്തിരിപ്പ് കുറയ്ക്കാനും കഴിയുകയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു.
അതേസമയം മോർച്ചറി ജീവനക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളിലും ഭീമമായ അന്തരമുണ്ട്. ഒരു പോസ്റ്റ്മോർട്ടം ചെയ്താൽ ഡോക്ടർമാർക്ക് ലഭിക്കുന്ന അലവൻസ് 660 രൂപയാണ്. എന്നാൽ ടെക്നിഷ്യന് 60 രൂപയും പോസ്റ്റ്മോർട്ടത്തിന് ശേഷം ടേബിൾ ശുചീകരണ പ്രവൃത്തികൂടി ചെയ്യുന്ന അറ്റൻഡർക്ക് 75 രൂപയുമാണ് ലഭിക്കുന്നത്. പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവരുന്ന മൃതദേഹങ്ങളിൽ മുൻപ് കോവിഡ് കാലത്ത് നടത്തുന്നതു പോലെ ടെസ്റ്റുകൾ ഒന്നും നടത്തുന്നില്ല. എച്ച്‌ഐവി, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ മാരക രോഗങ്ങള്ളവരുടെ മൃതദേഹങ്ങളിൽ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്.
രാത്രി പോസ്റ്റ്മോർട്ടത്തിന് സൗകര്യമില്ല
രാത്രിയിലും പോസ്റ്റ്മോർട്ടം നടത്താനുള്ള സാധ്യത തേടാൻ കോടതി നിർദേശിച്ചെങ്കിലും പശ്ചാത്തല സൗകര്യത്തിന്റെ പരിമിതി കാരണം ഇതുവരെ ആരംഭിച്ചിട്ടില്ല. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളജ് പോലെ 4 ജില്ലകളിൽ നിന്നുള്ള ജനങ്ങൾ ആശ്രയിക്കുന്ന ആശുപത്രിയിൽ സമയക്രമത്തിൽ മാറ്റം വേണമെന്ന ആവശ്യവും ശക്തമാണ്. മോർച്ചറിയിൽ ആധുനിക കട്ടർ മെഷീൻ ഇവിടെ മാത്രമാണുള്ളത്. രാവിലെ 8 മുതൽ രാത്രി 8 വരെ രണ്ട് ഷിഫ്റ്റുകളിലായി മോർച്ചറി പ്രവർത്തിക്കുകയാണെങ്കിൽ ബന്ധുക്കളുടെ നീണ്ട കാത്തിരിപ്പു കുറയ്ക്കാം.
എന്നാൽ പകൽ പോലും ആവശ്യത്തിന് ആളില്ലാത്ത അവസ്ഥയിൽ രാത്രിയിലെ കാര്യം പരിഗണിക്കാനാകില്ലെന്ന് അധികൃതർ പറയുന്നു. മോർച്ചറിയിലെ ഫ്രീസറിൽ നിലവിൽ 40 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്.പുതിയ മോർച്ചറി കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി സമർപ്പിച്ച റിപ്പോർട്ടും ഫയലിൽ തന്നെ. 2 കോടി ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെയുള്ള മോർച്ചറി നിർമിക്കാൻ വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് സമർപ്പിച്ചത്.