തിരകളെ വിളിച്ചുവരുത്തിയ വയലിൻ തന്ത്രികൾ
Mail This Article
കോഴിക്കോട് ∙ ‘തിരകളേ... തിരകളേ... ഇവിടെയൊന്നു വന്നിട്ടുപോകൂ’ എന്നു ക്ഷണിക്കുന്നതിനു മുൻപുതന്നെ ഹരികുമാർ ശിവന്റെ വയലിൻതന്ത്രികളുടെ സ്വരം കേട്ടു കോഴിക്കോട്ടെ കടലാകെ കോരിത്തരിച്ചു. ‘അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം’ എന്ന ജോബ് മാസ്റ്ററുടെ, മലയാളി ഒരിക്കലും മറക്കാത്ത ഗാനം വയിലിനിൽ കേട്ടുതുടങ്ങിയപ്പോൾ തിരകൾ മാത്രമല്ല കടൽക്കരയിലെ പുരുഷാരമാകെ ഹോർത്തൂസ് വേദിയിലേക്കെത്തി; ഒരുപാടു കടവുകളിലേക്ക് ഒത്തിരി കൊതുമ്പുവള്ളങ്ങൾ ഒരേസമയം തുഴഞ്ഞെത്തിയതു പോലെ.
ഹോർത്തൂസിന്റെ ആദ്യദിനത്തിലെ സായന്തനം ഒരുപിടി മനോഹരമായ ഈണങ്ങളിലൂടെ അവിസ്മരണീയമാക്കിയതു വയലിൻ മാന്ത്രികൻ ഹരികുമാർ ശിവന്റെ ക്ലാസിക്കൽ വയലിൻ ഫ്യൂഷൻ. കർണാടക, ഹിന്ദുസ്ഥാനി, പാശ്ചാത്യ ഭാഷകളിലെ ഫിഡിൽ ഈണങ്ങൾ അനായാസമായി ആസ്വാദകർക്കു മുന്നിലെത്തി. ജോബ് മാസ്റ്ററും കോഴിക്കോട് അബ്ദുൽ ഖാദറും എം.എസ്.ബാബുരാജുമൊക്കെ ഈണമിട്ട പാട്ടുകൾ വയലിൻതന്ത്രികളിലൂടെ വീണ്ടും കേട്ടപ്പോൾ കടപ്പുറമാകെ ഹൃദയം നിറഞ്ഞ കയ്യടികൾ. 9–ാം വയസ്സിൽ പ്രഫഷനൽ വയലിൻ രംഗത്തെത്തിയതാണ് ഹരികുമാർ ശിവൻ. ആദ്യഗുരു അച്ഛൻ ശിവൻ എൽ.സുബ്രഹ്മണ്യത്തിന്റെയും ചാലക്കുടി നാരായണസ്വാമിയുടെയും അനന്തലക്ഷ്മി വെങ്കിട്ടരാമന്റെയും ശിക്ഷണവും ലഭിച്ചു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/