കേരളം പോസിറ്റീവ് ആയി: എം.പി.അഹമ്മദ്, ഫൈസൽ
Mail This Article
കോഴിക്കോട് ∙അതിരുകൾ ഭേദിച്ചു വളരാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി.അഹമ്മദ്. പണ്ടത്തെ അപേക്ഷിച്ച് കേരളത്തിന്റെ വ്യവസായാന്തരീക്ഷത്തിൽ പോസിറ്റീവ് ആയ മാറ്റമുണ്ടായിട്ടുണ്ടെന്ന് കെഇഎഫ് ഹോൾഡിങ്സ് ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ അഭിപ്രായപ്പെട്ടു. മനോരമ ഹോർത്തൂസിൽ, ‘സാംസ്കാരികകേരളത്തിനൊരു സംരംഭകമാതൃക’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
ഏതു സാഹചര്യത്തെയും അനുകൂലമാക്കി മാറ്റാം. ലോകം മുഴുവൻ പ്രതിസന്ധിയിലായ കാലത്തും ഞങ്ങൾക്ക് വളർച്ചയാണുണ്ടായത്. ലോകാവസാനം വരെ സ്ത്രീയും പുരുഷനുമുണ്ടാകും. സ്ത്രീയും പുരുഷനുമുണ്ടെങ്കിൽ അവിടെ സ്നേഹവും ബന്ധവുമുണ്ടാകും. സമ്മാനവുമുണ്ടാകും. ആ സമ്മാനം മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റേതായിരിക്കും–എം.പി.അഹമ്മദ് പറഞ്ഞു.
മലിനീകരണമില്ലാത്ത വ്യവസായങ്ങൾക്കാണ് കേരളത്തിൽ കൂടുതൽ സാധ്യത. ടൂറിസം, ആരോഗ്യസേവനം എന്നിങ്ങനെയുള്ള മേഖലകളെ ഇനിയും പൂർണതോതിൽ ഉപയോഗപ്പെടുത്താനായിട്ടില്ല. ഇത്തരത്തിലുള്ള മേഖലകളിൽ എങ്ങനെ മുന്നേറാനാകുമെന്ന് സർക്കാരും സംരംഭകരും ചേർന്നിരുന്ന് ആലോചിക്കണം. നിലവിൽ കേരളത്തിൽനിന്ന് ആളുകൾ പുറത്തേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ ട്രെൻഡിനു മാറ്റമുണ്ടാകണം. എല്ലാവരും കേരളത്തിലേക്കു വരുന്ന സ്ഥിതിയുണ്ടാകണം.–ഫൈസൽ കൊട്ടിക്കോളൻ പറഞ്ഞു. മനോരമ സ്പെഷൽ കറസ്പോണ്ടന്റ് രാജു മാത്യു മോഡറേറ്ററായിരുന്നു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/