കോഴിക്കോടിനെ ഐടി ഹബ്ബായി മാറ്റും: കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്
Mail This Article
കോഴിക്കോട് ∙ ഐടി ഹബ്ബായി കോഴിക്കോടിനെ മാറ്റുമെന്നു കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായി റെയിൽവേ സ്റ്റേഷന് അടുത്തായി അനുയോജ്യ സ്ഥലം കണ്ടെത്താൻ നിർദേശം നൽകി. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഐടി ഹബ് സന്ദർശിച്ചു കോഴിക്കോട് ഐടി ഹബ്ബിനു രൂപരേഖ ഉണ്ടാക്കാനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ ഇരുഭാഗത്തും ഒരേ സമയം വികസന പ്രവൃത്തി നടത്തുമെന്ന് ഇപ്പോൾ നടക്കുന്ന വികസന പ്രവൃത്തി വിലയിരുത്തിയ ശേഷം മന്ത്രി പറഞ്ഞു.
ഇന്നലെ വൈകിട്ട് 3ന് പ്രത്യേക ട്രെയിനിൽ കോഴിക്കോട്ടെത്തിയ മന്ത്രി അശ്വിനി വൈഷ്ണവ് റെയിൽവേ സ്റ്റേഷൻ പ്രവൃത്തി വിലയിരുത്തി. തുടർന്നു നടന്ന ചർച്ചയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ, റെയിൽവേ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ എം.കെ.രാഘവൻ എംപി, മുൻ മന്ത്രി വി.മുരളീധരൻ, റെയിൽവേ ജിഎം ആർ.എൻ.സിങ്, ഡിആർഎം അരുൺകുമാർ ചതുർവേദി, റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ജൂണിലാണു പ്രവൃത്തി ആരംഭിച്ചത്. നിലവിൽ 10% പൂർത്തിയായി. 2027 ൽ പ്രവൃത്തി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഓരോ 2 മാസത്തിലും മന്ത്രി ജോർജ് കുര്യൻ, എം.കെ.രാഘവൻ എംപി എന്നിവരുടെ സാന്നിധ്യത്തിൽ പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ തീരുമാനിച്ചു.
കേന്ദ്രമന്ത്രിക്ക് സ്വീകരണംനൽകി
∙ ഇന്നലെ വൈകിട്ട് 3ന് പ്രത്യേക ട്രെയിനിൽ കോഴിക്കോട്ട് എത്തിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനെ സ്റ്റേഷൻ അധികൃതർ സ്വീകരിച്ചു. ബിജെപി പ്രവർത്തകരും മന്ത്രിക്കു സ്വീകരണം നൽകി. ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ ഷാൾ അണിയിച്ചു ബൊക്കെ നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് തുടങ്ങിയവരും ഷാൾ അണിയിച്ചു. കെ.പി.പ്രകാശ് ബാബു, ഇ.പ്രശാന്ത്കുമാർ, കെ.വി.സുധീർ, ഹരിദാസ് പൊക്കിണാരി, ബി.കെ.പ്രേമൻ തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ മെമു സർവീസ് : കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
കോഴിക്കോട് ∙ റെയിൽവേ സ്റ്റേഷൻ നവീകരണ പ്രവൃത്തി പുരോഗതി വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനു വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നിവേദനം നൽകി. ഷൊർണൂർ – കോഴിക്കോട് – കണ്ണൂർ റൂട്ടിൽ കൂടുതൽ മെമു സർവീസ് ആരംഭിക്കുക, നേരത്തെ നിർത്തലാക്കിയ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുക, ബെംഗളൂരു – കണ്ണൂർ എക്സ്പ്രസ് കോഴിക്കോട് വരെ സർവീസ് ദീർഘിപ്പിക്കാനുള്ള തീരുമാനം പെട്ടെന്നു നടപ്പാക്കുക, ഗോവ – മംഗളൂരു കോഴിക്കോട് വരെ ദീർഘിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം എം.കെ.രാഘവൻ എംപി നൽകി.
ട്രെയിൻ യാത്ര സൗകര്യം മെച്ചപ്പെടുത്തുക, കോവിഡ് കാലത്ത് നിർത്തലാക്കിയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, മലബാറിലേക്ക് കൂടുതൽ മെമു സർവീസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിങ് ചെയർമാൻ സി.ഇ ചാക്കുണ്ണിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. കോഴിക്കോട് ആകാശവാണിയുടെ നിലവിലെ പഴയ എഎം ട്രാൻസ്മിറ്റർ മാറ്റി ആധുനിക എഫ്എം ട്രാൻസ്മിറ്റർ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആർ.ജയന്ത്കുമാറിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആകാശവാണി ലിസണേഴ്സ് ഫോറം നിവേദനം നൽകി.