4.25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Mail This Article
കോഴിക്കോട്∙ വിൽപനയ്ക്കായി കൊണ്ടുവന്ന 4.25 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഓമശ്ശേരി മൂലങ്ങൽ പുതൊടികയിൽ ആഷിക്ക് അലി (23) ആണ് പിടിയിലായത്. എൻഐടി കട്ടാങ്ങൽ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് സിറ്റി നാർകോട്ടിക് സെൽ അസി. കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും കുന്ദമംഗലം എസ്ഐ രാംകുമാറിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കള്ളൻതോട് ബസാറിന് സമീപത്തുവച്ച് പ്രതി പിടിയിലായത്.
ഇയാള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും ലഹരിമരുന്ന് ഉപയോഗിക്കാൻ പണം കണ്ടെത്താനാണ് എംഡിഎംഎ വിൽപന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. ആവശ്യക്കാർ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാൽ എൻഐടി കട്ടാങ്ങൽ ഭാഗത്ത് നിൽക്കാൻ പറഞ്ഞ് ബൈക്കിലോ കാറിലോ എത്തി ലഹരിമരുന്ന് കൈമാറി കടന്നുകളയുന്നതാണ് രീതി. ആഷിക്ക് പിടിയിലായതോടെ ഇയാളുടെ സംഘത്തിൽപ്പെട്ടവരെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശത്ത് പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.
ഡൻസാഫ് എസ്ഐ കെ.അബ്ദുറഹ്മാൻ, അനീഷ് മൂസ്റ്റേൻ, കെ.അഖിലേഷ്, പി.കെ.സരുൺ കുമാർ, എം.കെ.ലതീഷ്, എം.ഷിനോജ്, ഇ.വി.അതുൽ, പി.അഭിജിത്ത്, പി.കെ.ദിനീഷ്, കെ.എം.മുഹമദ് മഷ്ഹൂർ, കുന്ദമംഗലം സ്റ്റേഷനിലെ എസ്ഐ ബാലകൃഷ്ണൻ, എഎസ്ഐ ലീന, ബിജേഷ്, ബിജു, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.