ചുരത്തിലെ ഗതാഗതപ്രശ്നത്തിനു പരിഹാരം തേടി ബൈപാസ് നിർമാണ ജനകീയ സംഗമം
Mail This Article
താമരശ്ശേരി∙ ചുരത്തിലെ ഗതാഗതപ്രശ്നത്തിന് ഏക പരിഹാരം ചുരം ബൈപാസ് (ചിപ്പിലിത്തോട്–മരുതിലാവ്–തളിപ്പുഴ) മാത്രമാണെന്ന് ലിന്റോ ജോസഫ് എംഎൽഎ. വയനാട് ബൈപാസ് യാഥാർഥ്യമാക്കുക, ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ചുരം ബൈപാസ് ആക്‌ഷൻ കമ്മിറ്റി അടിവാരത്ത് സംഘടിപ്പിച്ച ബൈപാസ് നിർമാണ ജനകീയ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ദേശീയപാത കോഴിക്കോട് മുതൽ മുത്തങ്ങ വരെ 4 വരിയാക്കുന്ന സാഹചര്യത്തിൽ ചുരത്തിൽ ബൈപാസിന്റെ പ്രസക്തി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക വകയിരുത്തിയ ബൈപാസ് പദ്ധതിയുടെ തുടർനടപടികൾ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ ഇടപെടലുകൾ സർക്കാരുമായി ബന്ധപ്പെട്ട് നടത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി. എൽ ആൻഡ് ടി കമ്പനി മുഖേന ബൈപാസ് സാധ്യതാപഠനം നടത്താനാണ് തീരുമാനമെന്നും ലിന്റോ ജോസഫ് എംഎൽഎ വ്യക്തമാക്കി. യോഗത്തിൽ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ വി.കെ. ഹുസൈൻ കുട്ടി അധ്യക്ഷത വഹിച്ചു.
ആക്‌ഷൻ കമ്മിറ്റി ജനറൽ കൺവീനർ ടി.ആർ.ഒ.കുട്ടൻ, എൽഡിഎഫ് സ്ഥാനാർഥി പ്രതിനിധി ടി.എം. പൗലോസ്, എൻഡിഎ സ്ഥാനാർഥി പ്രതിനിധി ഗിരീഷ് തേവള്ളി, വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി, പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നീസ ഷെരീഫ്, വയനാട് ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് സൈദ് തളിപുഴ, ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് മെംബർ ബുഷ്റ ഷാഫി, ബിജു താന്നിക്കാക്കുഴി, വി.കെ. മൊയ്തു മുട്ടായി, രാജേഷ് ജോസ്, പി.കെ.സുകുമാരൻ, ഷാൻ കട്ടിപ്പാറ, അഷ്റഫ് വൈത്തിരി, അഹമ്മദ്കുട്ടി കൊയപ്പത്തൊടി, റാഷി താമരശ്ശേരി, കെ.പി.മുഹമ്മദ് , വി.കെ.അഷ്റഫ്, റജി ജോസഫ്, ഷാഫി വളഞ്ഞപാറ, കെ.വി. സെബാസ്റ്റ്യൻ, ആയിഷക്കുട്ടി സുൽത്താൻ, അഷ്റഫ് കോരങ്ങാട്, ഷമീർ വളപ്പിൽ, ഒതയോത്ത് അഷ്റഫ്, ഷംസു കുനിയിൽ എന്നിവർ പ്രസംഗിച്ചു.
ജനകീയ സംഗമവേദിയിൽപ്രിയങ്ക ഗാന്ധിയും
താമരശ്ശേരി∙ ചുരത്തിലെ ഗതാഗതപ്രശ്നത്തിൽ ജനമനസ്സ് തൊട്ടറിഞ്ഞ് എ പ്രിയങ്ക ഗാന്ധി. ചുരം ബൈപാസ് യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം ഏറ്റുവാങ്ങുമ്പോഴാണു ജനങ്ങൾ ചുരത്തിൽ കാലാകാലങ്ങളായി അനുഭവിക്കുന്ന യാത്രാദുരിതം പ്രിയങ്ക ചോദിച്ചറിഞ്ഞത്.ചുരത്തിലെ ഗതാഗതപ്രശ്നങ്ങൾ മനസ്സിലാക്കിയ പ്രിയങ്ക ഗാന്ധി, ബൈപാസ് നിർമാണത്തിന് പ്രധാന പരിഗണന നൽകുമെന്നും ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾക്ക് ഉറപ്പ് നൽകി. വയനാട്ടിൽ നിന്ന് കോടഞ്ചേരിയിലെ കോർണർ യോഗത്തിലേക്കുള്ള യാത്രാ മധ്യേ ഇന്നലെ അടിവാരത്ത് ബൈപാസ് ആക്‌ഷൻ കമ്മിറ്റി സംഘടിപ്പിച്ച ബൈപാസ് നിർമാണ ജനകീയ സംഗമ പരിപാടിയിൽ എ.പി. അനിൽകുമാർ എംഎൽഎ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എന്നിവരോടൊപ്പമാണ് പ്രിയങ്ക എത്തിയത്.