പാലം വരുമെന്നു പറഞ്ഞ് കടത്തു തോണി നിർത്തി; പാലം വന്നില്ല, തോണിയുമില്ല
Mail This Article
വടകര ∙ അഴീക്കൽ കടവിൽ പാലം വരുമെന്നു പറഞ്ഞ് കടത്തു തോണി നിർത്തി. ഇപ്പോൾ പാലവുമില്ല, കടത്തു തോണിയുമില്ല. മണിയൂർ – പയ്യോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കടവിൽ പാലം വന്നാൽ ഇരു പ്രദേശത്തെ ജനങ്ങൾക്കും ഏറെ ഉപകാരമായിരുന്നു. എന്നാൽ പാലത്തിന് ടോക്കൺ വച്ചെന്നല്ലാതെ മറ്റു പ്രവർത്തനമൊന്നും മുന്നോട്ടു പോയില്ല.
പയ്യോളി പഞ്ചായത്തിലെ ഇരിങ്ങൽ പ്രദേശത്തുകാർക്ക് മണിയൂർ എച്ച്എസ്എസ്, സഹകരണ എൻജിനീയറിങ് കോളജ്, ടിടിഐ എന്നീ സ്ഥാപനങ്ങൾ ഉൾപ്പെടെ പ്രദേശത്തേക്ക് എത്തിപ്പെടാൻ പാലം സഹായകമാകുമായിരുന്നു. മണിയൂർ ഭാഗത്തുള്ളവർക്ക് വടകരയിലേക്ക് വരാതെ ഇരിങ്ങൽ പ്രദേശത്ത് എത്തിയാൽ കോഴിക്കോട് ഭാഗത്തേക്ക് പോകാം. ഇരിങ്ങൽ റെയിൽവേ സ്റ്റേഷനിലേക്കും എളുപ്പം എത്താം.പാലത്തിനു വേണ്ടി 2015 ൽ തുടങ്ങിയ ശ്രമം എങ്ങുമെത്തിയിട്ടില്ല. ഊരാളുങ്കൽ സൊസൈറ്റി പാലത്തിനു വേണ്ടി സർവേ നടത്തിയിരുന്നു.
ഫണ്ട് ലഭ്യമായാൽ പണി തുടങ്ങാൻ തീരുമാനമാകുകയും ചെയ്തു. 2022 മുതൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ ഇതിനായി റിവ്യൂ മീറ്റിങ് നടത്തുകയും ഫണ്ട് കണ്ടെത്താൻ ശ്രമം നടത്താൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 2019 ജനുവരിയിൽ കടത്ത് തോണി സർവീസ് നിർത്തിയിരുന്നു. നിർദിഷ്ട പാലത്തിനു സമാന്തരമായി പാലയാട് തുരുത്തുണ്ടായിരുന്നു. തോണി നിലച്ചതോടെ ഇവിടെയുള്ള കുടുംബങ്ങൾ വീടൊഴിഞ്ഞു പോയി.