കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴം കൂട്ടാൻ; സർവേ ഇഴയുന്നു
Mail This Article
കോഴിക്കോട് ∙ കല്ലായിപ്പുഴയിലെ ചെളി നീക്കി ആഴം കൂട്ടുന്നതിന്റെ ഭാഗമായി നടക്കുന്ന ജലസേചന വകുപ്പിന്റെ സർവേ നടപടികൾ ഇഴഞ്ഞു നീങ്ങുന്നു. പുഴയിൽ പ്രതീക്ഷിച്ചതിലേറെ ചെളി ഉള്ളതാണ് സർവേ നടപടികൾക്കു വേഗം കുറയാൻ കാരണം. പുഴയിൽ നിന്ന് എത്ര ചെളി നീക്കം ചെയ്യാനുണ്ടെന്നറിയാനുള്ള പ്രാഥമിക സർവേ നടപടികളാണ് ഒരാഴ്ച മുൻപ് തുടങ്ങിയത്.കോതി പാലത്തിനടുത്ത് കല്ലായിപ്പുഴയുടെ അഴിമുഖത്ത് നിന്നാണ് സർവേ തുടങ്ങിയത്. പുഴയുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കുകയാണ് സർവേ ലക്ഷ്യമിടുന്നത്. വെള്ളമില്ലാതെ ചെളി ആഴത്തിൽ കെട്ടിക്കിടക്കുന്നതിനാൽ ബോട്ടിലോ, നടന്നു പോയോ അവിടെ പരിശോധിക്കാൻ കഴിയാത്ത സാഹചര്യമാണ്.
പുഴയിൽ 4 കിലോമീറ്ററോളം സ്ഥലത്ത് സർവേ പൂർത്തിയാക്കുന്നതിന് ഒന്നര മാസം സമയം എടുക്കുമെന്നാണ് നേരത്തെ കണക്കുകൂട്ടിയിരുന്നതെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചുരുങ്ങിയതു രണ്ടര മാസമെങ്കിലും വേണം.ഏകദേശം 15 മീറ്റർ ഇടവിട്ടാണ് ചെളിയുടെ കണക്കെടുക്കുന്നത്. നേരത്തെയെടുത്ത സർവേയിൽ നിന്ന് ചെളിയുടെ അളവിൽ വലിയ വ്യത്യാസം കാണുകയാണെങ്കിൽ അതിനനുസരിച്ച് അകലത്തിൽ ആവശ്യമായ മാറ്റം വരുത്താനാണു തീരുമാനം. സർവേ നടപടികൾ പൂർത്തിയായിട്ടു വേണം പുഴയുടെ ആഴം കൂട്ടൽ പ്രവൃത്തി ആരംഭിക്കാൻ.
മാങ്കാവ് കടുപ്പിനി മുതൽ പുഴ കടലിൽ ചേരുന്ന കോതി വരെയുള്ള 4.2 കിലോമീറ്റർ ദൂരത്തിലാണ് 2.7 മീറ്റർ ആഴത്തിൽ ചെളി നീക്കുന്നത്. വെസ്റ്റ്കോസ്റ്റ് ഡ്രജിങ് കമ്പനിയാണ് പുഴയിലെ ചെളി നീക്കുക. 12.98 കോടി രൂപയുടേതാണ് പദ്ധതി. ആദ്യം നാലരക്കോടിയിൽ റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാൻ ഉദ്ദേശിച്ച പദ്ധതിയാണ് നീണ്ടു നീണ്ട് 2024ൽ എത്തിയത്. 2010ൽ ആണ് ആദ്യം ടെൻഡർ വിളിച്ചത്. ഇപ്പോൾ ആറാമത്തെ ടെൻഡറിലാണ് നവീകരണത്തിൽ എത്തിയത്. കരാറൊപ്പിട്ട സെപ്റ്റംബർ മുതലുള്ള ഒരു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിക്കാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ ഏറ്റവും മലിനമാക്കപ്പെട്ട പുഴയാണ് കല്ലായി.