ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ആളെ ഇറക്കി അട്ടിമറിച്ചെന്ന് കോൺഗ്രസ്
Mail This Article
കോഴിക്കോട് ∙ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ പുറമേനിന്ന് ആളുകളെ എത്തിച്ചതായി ആരോപണം. ഉത്തരേന്ത്യൻ മാതൃകയിൽ വോട്ടെടുപ്പ് അട്ടിമറിച്ചുവെന്നാണ് ആരോപണം ഉയർന്നത്. രാവിലെ എട്ടിനു തുടങ്ങിയ വോട്ടെടുപ്പിനു രാവിലെ 6.30 മുതൽ ജില്ലയ്ക്കു പുറമേ നിന്നുള്ള ലോക്കൽ, ഏരിയ കമ്മിറ്റി അംഗങ്ങൾ വരെ വോട്ടുചെയ്യാൻ വരിയിൽ നിന്നതായി ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. തന്റെ നാട്ടിൽനിന്നുള്ളവർ വരെ സ്ഥലത്തെത്തിയതു കണ്ടെന്നും പ്രവീൺ പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടി പൂർണമായും വിഡിയോയിൽ ചിത്രീകരിക്കണമെന്നു കോടതി നിർദേശമുണ്ടായിരുന്നു. എന്നാൽ, 6 വിഡിയോഗ്രഫർമാരെയും റിട്ടേണിങ് ഓഫിസറുടെ നേതൃത്വത്തിൽ തടഞ്ഞുവെന്നും പ്രവീൺകുമാർ പറഞ്ഞു.പോളിങ് ഏജന്റുമാരെ വരെ അകത്തേക്കു കടക്കാൻ സമ്മതിച്ചില്ല. ബൂത്തിനകത്തു തിരിച്ചറിയൽ കാർഡുകൾ വലിച്ചുകീറി. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗത്തിന്റെ വോട്ടു പോലും കള്ളവോട്ടു ചെയ്യപ്പെട്ടുവെന്നും പ്രവീൺ പറഞ്ഞു.ബാങ്കിന്റെ പരിധിയിൽപെട്ട അഞ്ചു ദേശങ്ങളിൽനിന്ന് വോട്ടു ചെയ്യാനെത്തുന്നവർക്കായി വാഹനസൗകര്യം ഒരുക്കിയിരുന്നു.
എന്നാൽ, പലയിടത്തും വാഹനങ്ങൾ തടഞ്ഞു. 18 സ്ഥലങ്ങളിൽ വാഹനങ്ങൾ ആക്രമിച്ചു. ജീപ്പുകൾക്കു കല്ലെറിഞ്ഞു. വോട്ട് ചെയ്യാനെത്തിയവരെ തിരിച്ചയച്ചു. എൺപതുകാരനായ മുതിർന്ന വോട്ടറുടെ വണ്ടി തല്ലിത്തകർത്തുവെന്നും പ്രവീൺകുമാർ പറഞ്ഞു. വോട്ടുചെയ്യാൻ സഹായിക്കേണ്ട പൊലീസ് പലരെയും പറഞ്ഞു ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും പ്രവീൺകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പിനു മുൻപ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ്, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് എന്നിവരുമായി ചർച്ച നടത്തുകയും ഒരു പ്രശ്നവുമുണ്ടാവില്ലെന്ന് അവർ ഉറപ്പുനൽകുകയും ചെയ്തതാണ്. എന്നാൽ, തിരഞ്ഞെടുപ്പിനു തലേദിവസം രാത്രിയോടെയാണ് ജില്ലയ്ക്കു പുറത്തുനിന്നുള്ള ഒട്ടേറെപ്പേർ കൂട്ടത്തോടെ സ്ഥലത്തെത്തി ക്യാംപു ചെയ്തതായി വിവരം ലഭിച്ചതെന്നും പ്രവീൺ പറഞ്ഞു.
അതിക്രമങ്ങൾ ഉണ്ടാവില്ലെന്ന് സിപിഎം നേതാക്കൾ നൽകിയ വാക്ക് വിശ്വസിച്ചു. എന്നാൽ, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തിലാണ് ഐഡി കാർഡുകൾ വലിച്ചുകീറുകയും അതിക്രമങ്ങൾ നടത്തുകയും ചെയ്തതെന്നും പ്രവീൺകുമാർ പറഞ്ഞു. സിപിഎം കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും സഹകരണ മേഖലയിൽ സിപിഎമ്മുമായി ഒരു തരത്തിലും ഇനി സഹകരിക്കില്ലെന്നും പ്രവീൺകുമാർ പറഞ്ഞു. ജില്ലയിൽ ഇടതുപക്ഷത്തിന്റെ ഭരണത്തിലുള്ള ബാങ്കുകളിലെ അഴിമതികൾക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും പ്രവീൺ പറഞ്ഞു.
തിരഞ്ഞെടുപ്പു റദ്ദാക്കണം: ബിജെപി
∙ സർക്കാരിന്റെ ഒത്താശയോടെ അട്ടിമറി നടന്ന ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പു റദ്ദു ചെയ്യണമെന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. തിരഞ്ഞെടുപ്പുദിവസം ബിജെപി പുതിയറ മണ്ഡലം പ്രസിഡന്റ് ടി.പി. ദിജിൽ, നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി രജിത് കുമാർ എന്നിവരെ മർദിച്ചതിനെതിരെ ബാങ്കിനു മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യഥാർഥ വോട്ടർമാരെ അടിച്ചോടിച്ച് സിപിഎം ക്വട്ടേഷൻ സംഘങ്ങൾ വ്യാജ വോട്ട് ചെയ്തിട്ടാണ് അധികാരം പിടിച്ചെടുത്തത്. ഇത് ജനാധിപത്യത്തിനു നാണക്കേടാണെന്നും നിയമപരമായി ബിജെപി നേരിടുമെന്നും സജീവൻ പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രശോഭ് കോട്ടൂളി, ടി.രെനീഷ്, നോർത്ത് മണ്ഡലം പ്രസിഡന്റ് സബിത പ്രഹ്ലാദൻ, ജില്ലാ കമ്മിറ്റി അംഗം തിരുവണ്ണൂർ ബാലകൃഷ്ണൻ, കെ.കെ.മനോഹരൻ, സി.രജിത, രജനി കണ്ടിയിൽ, രാധിക ബിനീഷ്, ബാബു മരക്കാട്ട്, പ്രകാശൻ ചെലവൂർ തുടങ്ങിയവർ പ്രസംഗിച്ചു.
എസിപിക്കെതിരെ ഗുരുതര ആരോപണം; ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കോഴിക്കോട് ∙ സിപിഎമ്മിനു വേണ്ടി ജോലി ചെയ്യുന്ന മെഡിക്കൽകോളജ് എസിപി കാക്കിയൂരി ചുവന്ന കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ചുനടക്കുന്നതാണു നല്ലതെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺകുമാർ. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അക്രമങ്ങൾ നടക്കുമ്പോൾ എസിപിയുടെ നേതൃത്വത്തിൽ പൊലീസുകാർ നിഷ്ക്രിയരായി നോക്കിനിന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്ക് സാധ്യതയുണ്ടെന്നു കാണിച്ച് എംപി എം.കെ.രാഘവൻ അടക്കമുള്ളവർ എട്ടോളം തവണ കമ്മിഷണറെ സമീപിച്ചതാണ്. ഒരു പ്രശ്നവുമുണ്ടാവില്ലെന്ന് എസിപി അടക്കമുള്ളവർ ഉറപ്പു നൽകിയതാണ്.
എന്നിട്ടും അതിക്രമമുണ്ടായപ്പോൾ പൊലീസ് ശ്രമിച്ചത് വോട്ടർമാരെ വോട്ടുചെയ്യാൻ അനുവദിക്കാതെ തിരിച്ചുവിടാനാണ്. കള്ളവോട്ടു ചെയ്തവർക്കെതിരെ നടപടിയെടുക്കാൻ തയാറായില്ലെന്നും പ്രവീൺ പറഞ്ഞു. പൊലീസ് സഹകരണസംഘത്തിന്റെ ഭരണസമിതി അംഗമായ പൊലീസ് അസോസിയേഷൻ ഭാരവാഹിയടക്കമുള്ളവർ വോട്ടർമാരെ തടയുന്നതിനു സഹായിച്ചു. നെയിംപ്ലേറ്റ് ഇല്ലാത്ത യൂണിഫോം ധരിച്ച ഒട്ടേറെ പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നുവെന്നും പ്രവീൺകുമാർ പറഞ്ഞു.