മത്സരയോട്ടം: മരണക്കളമായി പേരാമ്പ്ര ബസ് സ്റ്റാൻഡ്
Mail This Article
പേരാമ്പ്ര∙ ബസ് സ്റ്റാൻഡിൽ അപകടം നിത്യസംഭവം. കുറ്റ്യാടി –കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആരോപണം. അമിത വേഗത്തിൽ എത്തുന്ന ബസുകൾ വേഗം കുറയ്ക്കാതെയാണു സ്റ്റാൻഡിലേക്ക് കയറ്റുന്നത്. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ബസുകളെ നിയന്ത്രിക്കാൻ ഏജന്റുമാരുണ്ട്. അവർ ഫോണുമായി സ്റ്റാൻഡിൽ കറങ്ങി നടക്കും.
സ്റ്റാൻഡിൽ എത്തുന്ന ബസുകളിലുള്ള ആളുകളെ എത്രയും പെട്ടെന്ന് ഇറക്കി അടുത്ത ബസ് വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. ബസിൽ നിന്നു പെട്ടെന്ന് ഇറങ്ങാൻ കഴിയാതെ വിഷമിക്കുന്ന രോഗികളെയും വയോധികരെയും ചീത്ത വിളിക്കുന്നതും പതിവാണ്. പേരാമ്പ്ര ബസ് സറ്റാൻഡിൽ കഴിഞ്ഞ ആഴ്ചകളിൽ അപകടങ്ങൾ ഉണ്ടായിരുന്നു. അവരിൽ പലരും ഇപ്പോഴും ആശുപത്രികളിൽ കഴിയുന്നുമുണ്ട്.
ഇന്നലെ ബസ് സ്റ്റാൻഡിൽ വയോധികൻ നെഞ്ചിലൂടെ ബസ് കയറി മരിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. നാട്ടുകാർ ബസുകൾ തടഞ്ഞു. പിന്നീട് ചെറിയ റൂട്ടുകളിലേക്കുള്ള വാഹനങ്ങളെ ഒഴിവാക്കി. കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ ഓടുന്ന ബസുകളെ തടഞ്ഞായിരുന്നു പ്രതിഷേധം. അപകടം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആർടിഒയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും എത്താത്തതിനാൽ പ്രതിഷേധം കനത്തു.
സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടറെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ തടഞ്ഞു. വിവരം അറിയിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്ഥലത്ത് എത്താതിരുന്ന പേരാമ്പ്ര ജോയിന്റ് ആർടിഒ പിന്നീട് സംഭവ സ്ഥലത്ത് എത്തിയപ്പോൾ യുഡിഎഫ് നേതൃത്വത്തിൽ തടഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും എത്തിയാണ് ജനങ്ങളെ ശാന്തരാക്കിയത്.
അമിത വേഗത്തിനെതിരെ വ്യാപക പ്രതിഷേധം
പേരാമ്പ്ര∙ കോഴിക്കോട് –കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗം കാരണം ഒരു മാസത്തിനിടെ അഞ്ചു ജീവൻ പൊലിഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ യൂത്ത് ലീഗ് പ്രതിഷേധം. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും ആർടിഒ, പൊലീസ് അധികാരികൾ കർശന പരിശോധന നടത്തണമെന്നും യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സി.കെ.ഹാഫിസ്, ആർ.എം.നിഷാദ്, സഈദ് അയനിക്കൽ, നിയാസ് കക്കാട്, ഷക്കീർ എരത്ത് മുക്ക്, ഷംസുദ്ദീൻ മരുതേരി, അജി അരീക്കൽ, ഷബീർ ചാലിൽ, യാസർ കക്കാട്, ആസിഫ് എടവരട് എന്നിവർ പ്രസംഗിച്ചു.
കുറ്റ്യാടി– കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ മനുഷ്യ ജീവന് വില കൽപിക്കാതെ നടത്തുന്ന മത്സര ഓട്ടം അവസാനിപ്പിക്കണമെന്ന് യൂത്ത് കോൺഗ്രസ് പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.സ്വകാര്യ ബസുകളുടെ മത്സരം ഒട്ടം അവസാനിപ്പിക്കാൻ പൊലീസും മോട്ടർ വാഹന വകുപ്പ് നടപടി വേണമെന്ന് ബജ്‌റങ്ദൾ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് നിഖിൽ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് കയറുന്ന സ്ഥലത്ത് വേഗത്തട സ്ഥാപിക്കണമെന്ന് അമ്പലനട തെഴിലാളി കൂട്ടായ്മ ആവശ്യപ്പെട്ടു. ചന്ദ്രൻ മണിയത്ത് അധ്യക്ഷത വഹിച്ചു. ശ്രീജിത്ത് കൈലാസ്, അഭിജിത്ത് ഉദയ, ദിലീപ് അർച്ചന, ജമാൽ പേരാമ്പ്ര, ഗീത കൈലാസ് എന്നിവർ പ്രസംഗിച്ചു.
ട്രാഫിക് സംവിധാനം അവതാളത്തിൽ
പേരാമ്പ്ര ടൗണിലെ ട്രാഫിക് സംവിധാനം അവതാളത്തിൽ. കൈതക്കൽ നിന്നു തുടങ്ങി ലാസ്റ്റ് കല്ലോട് അവസാനിക്കുന്ന ടൗണിൽ ഒരിടത്ത് പോലും ഡിവൈഡറുകൾ ഇല്ല. ബൈപാസ് തുടങ്ങുന്ന കക്കാടും അവസാനിക്കുന്ന കല്ലോടും പൊലീസിന്റെ ഒരു സംവിധാനവും ഇല്ല. ടൗണിൽ ആകെ ഉണ്ടാകുന്നത് വിരലിൽ എണ്ണാവുന്ന ഹോം ഗാർഡുമാർ മാത്രം. അവർക്ക് ട്രാഫിക് സംവിധാനം നിയന്ത്രിക്കാനും കഴിയുന്നില്ല.
ആർടിഒ ടെസ്റ്റ് നടത്താനും ലൈസൻസ് നൽകാനും മാത്രമായി മാറുന്നതായും നാട്ടുകാർ പറയുന്നു. പേരാമ്പ്ര ബസ് സ്റ്റാൻഡിലേക്ക് കയറുന്ന സ്ഥലത്ത് ഡിവൈഡർ വേണം എന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പല തവണ പഞ്ചായത്തിലും ആർടിഒയ്ക്കും പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. സ്റ്റാഡിലേക്ക് കയറുന്ന സ്ഥലത്ത് മുൻപ് വേഗത്തട ഉണ്ടായിരുന്നു. എന്നാൽ ബസ് സ്റ്റാൻഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി എടുത്തു മാറ്റി.
കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ ഇന്ന് ബസുകൾ ഓടും
പേരാമ്പ്ര ∙ ബസ് സ്റ്റാൻഡിൽ ബസ് തട്ടി വയോധികൻ മരിച്ച സംഭവത്തിൽ പ്രതിഷേധക്കാരുമായി ചർച്ച നടത്തി അധികൃതർ. കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ ഇന്ന് ബസുകൾ ഓടും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു, ജോയിന്റ് ആർടിഒ ടി.എം.പ്രജീഷ്, പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ പി.ജംഷീദ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണു ബസുകൾ തടയുന്നത് നിർത്താൻ തീരുമാനിച്ചത്.
അപകടം വരുത്തിയ എസ്റ്റീം ബസ് ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പേരാമ്പ്രയിലെ ട്രാഫിക് സംവിധാനം കർശനമാക്കും. പൊലീസും മോട്ടർ വാഹന വകുപ്പും ചേർന്ന് വാഹനങ്ങളിൽ ലഹരി പരിശോധന ഉൾപ്പെടെ നടത്തും. മോട്ടർ തൊഴിലാളികളെയും ജനപ്രതിനിധികളെയും സംയുക്ത യോഗം വിളിച്ചു ചേർത്ത് ട്രാഫിക് അഡ്വൈസറി ബോർഡിന് രൂപം നൽകും. മത്സരഓട്ടം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും.
ബസ് സ്റ്റാൻഡിലേക്ക് കയറുന്ന സ്ഥലത്ത് ഡിവൈഡർ, വേഗത്തട എന്നിവ സ്ഥാപിക്കാൻ പഞ്ചായത്തുമായി ആലോചിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.കെ.വിനോദൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ മരുതേരി, പുതുക്കുടി അബ്ദുറഹ്മാൻ, ടി.പി.കുഞ്ഞനന്തൻ, ഒ.ടി.രാജു, സി.പി.എ.അസീസ്, കെ.സി മുഹമ്മദ് എന്നിവർ പങ്കെടുത്തു.