മടവൂരിൽ മഞ്ഞപ്പിത്തം: ആശങ്കയോടെ നാട്ടുകാർ; 7 പേർ ചികിത്സയിൽ
Mail This Article
ആരാമ്പ്രം ∙ മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം, ചക്കാലയ്ക്കൽ, മടവൂർ തുടങ്ങിയ ഭാഗങ്ങളിലെ 3 വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതോടെ ആശങ്കയോടെ നാട്ടുകാർ. 11, 12, 13 വാർഡുകളിൽ 7 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെ പഞ്ചായത്തിൽ 110 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ 9 പേരുടെ മരണത്തിന് ഇടയാക്കിയതും രോഗ ബാധ മൂലമാണ് എന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും 85 കുടിവെള്ള സാംപിളുകൾ ശേഖരിച്ച്, ജല അതോറിറ്റി ലാബ്, സിഡബ്ല്യുആർഡിഎം, ആരോഗ്യ വകുപ്പ് ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ ഭൂരിഭാഗം സാംപിളുകളിലും ഇ–കോളി, കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ വിവിധ സ്ഥലങ്ങളിൽ നിന്നു രോഗം പിടിപെട്ട് കുടിവെള്ളം വഴിയും മറ്റും പിന്നീട് പകർന്നത് ആയിരിക്കാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകളിലും ജലസ്രോതസ്സുകളിലും സൂപ്പർ ക്ലോറിനേഷൻ, ബോധവൽക്കരണം, വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കൈ കഴുകൽ തുടങ്ങി ശുചിത്വ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ സജിത്ത് ബാബുവിന്റെ നേതൃത്വത്തിൽ ഹോട്ടലുകൾ, കടകൾ എന്നിവ കേന്ദ്രീകരിച്ച് ശുചിത്വ പരിശോധനയും ഊർജിതമാക്കി.